പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 157 – വി. ഗ്രിഗറി VII (1015-1085)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1073 മുതൽ 1085 വരെയുള്ള കാലയളവിൽ സഭയ്ക്ക് ധീരമായ നേതൃത്വം നൽകിയ മാർപാപ്പയാണ് വി. ഗ്രിഗറി ഏഴാമൻ. മാർപാപ്പമാരുടെ ഭരണചരിത്രം പുനർനിർണ്ണയിച്ച സഭാചരിത്രത്തിലെ ഏറ്റം നിർണ്ണായക മാർപാപ്പമാരിൽ അഗ്രഗണ്യനാണ് വി. ഗ്രിഗറി ഏഴാമൻ. ഇദൽബ്രാൻഡോ (ഹിൽഡേബ്രാൻഡ്) എന്ന നാമത്തിൽ ഇറ്റലിയിലെ തസ്‌ക്കണി ദേശത്തുള്ള സൊവാന എന്ന ഗ്രാമത്തിൽ ഒരു കൊല്ലപ്പണിക്കാരന്റെ മകനായിട്ടാണ് ഗ്രിഗറി മാർപാപ്പ ജനിച്ചത്. റോമിലെ അവന്തീനോ കുന്നിലുള്ള വി. മേരിയുടെ നാമത്തിലുള്ള സന്യാസ ആശ്രമത്തിൽ ചെറുപ്പത്തിൽ വിദ്യാഭ്യാസത്തിനായി അദ്ദേഹം അയക്കപ്പെട്ടു. അന്നത്തെ അദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നു പിന്നീട് അമാൽഫിയിലെ ആർച്ചുബിഷപ്പായിരുന്ന ലോറൻസും ഗ്രിഗറി ആറാമൻ മാർപാപ്പയും.

കാലക്രമത്തിൽ ഗ്രിഗറി ആറാമൻ മാർപാപ്പയുടെ സഹായി ആയിരുന്ന ഹിൽഡേബ്രാൻഡ് അദ്ദേഹത്തിന്റെ മരണശേഷം എ.ഡി. 1048 -ൽ പ്രസിദ്ധമായ ക്ലൂണി ആശ്രമത്തിൽ സന്യാസിയായി ചേർന്നു. പിന്നീട് ആശ്രമാധിപനായിരുന്ന ബ്രൂണോയെ മാർപാപ്പ തിരഞ്ഞെടുപ്പു സമയത്ത് റോമിലേക്ക് അനുഗമിക്കുന്നു. എന്നാൽ ബ്രൂണോ, ലിയോ ഒൻപതാമൻ എന്ന പേരിൽ മാർപാപ്പ ആകുമ്പോൾ ഹിൽഡേബ്രാൻഡിനെ ഡീക്കനാക്കുകയും തന്നെ സഹായിക്കാനായി കൂടെ നിർത്തുകയും ചെയ്യുന്നു. ഈ സമയത്ത് ലിയോ മാർപാപ്പ പല സ്ഥലങ്ങളിലും പ്രശ്നപരിഹാര ദൗത്യവുമായി ഹിൽഡേബ്രാൻഡിനെ അയക്കുന്നുണ്ട്. അസാധാരണ വൈഭവത്തോടെ അദ്ദേഹം എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിരുന്നു. പിന്നീട് പരിശുദ്ധ സിംഹാസനത്തിന്റെ ആർച്ചുഡീക്കനായും കുറേക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചു.

ലിയോ മാർപാപ്പയുടെ കാലശേഷം അലക്‌സാണ്ടർ രണ്ടാമൻ മാർപാപ്പ തന്റെ സഭാനവീകരണ പദ്ധതികളുടെ ചുമതല ആർച്ചുഡീക്കൻ ഹിൽഡേബ്രാൻഡിനെ ഏല്പിക്കുന്നു. ഈ കാലഘട്ടത്തിലെടുത്ത നിർണ്ണായക തീരുമാനങ്ങളിലൊന്നായിരുന്നു മാർപാപ്പ തിരഞ്ഞെടുപ്പിന് കർദ്ദിനാളന്മാർക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരിക്കൂ എന്നത്. ഇത് ആർച്ചുഡീക്കൻ ഹിൽഡേബ്രാൻഡിന്റെ ആശമായിരുന്നു എന്ന് പറയപ്പെടുന്നു. അലക്‌സാണ്ടർ രണ്ടാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ എ.ഡി. 1073 ഏപ്രിൽ 21 -ന് ലാറ്ററൻ ബസിലിക്കയിൽ കൂടിയ റോമിലെ പുരോഹിതരും ജനങ്ങളും ഒറ്റക്കെട്ടായി “ഹിൽഡേബ്രാൻഡിനെ മാർപാപ്പയാക്കുക” എന്ന് മുദ്രവാക്യം മുഴക്കി. എന്നാൽ ഈ തിരഞ്ഞെടുപ്പ് സഭാനിയമങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം അവിടെ നിന്നും ഓടിപ്പോയി വിൻകൊളിയിലുള്ള സാൻ പിയെത്രോ ദേവാലയത്തോട് ചേർന്നുള്ള ആശ്രമത്തിൽ ഒളിച്ചിരുന്നു. അധികം താമസിയാതെ ജനങ്ങൾ ഇദ്ദേഹത്തെ കണ്ടെത്തുകയും ബലമായി ലാറ്ററൻ ബസിലിക്കയിൽ എത്തിക്കുകയും കർദ്ദിനാളന്മാർ വോട്ട് ചെയ്ത് അദ്ദേഹത്തെ മാർപാപ്പയായി തിരഞ്ഞെടുക്കുകയും ചെയ്തു.

മാർപാപ്പ ആയി സ്ഥാനമേൽക്കുന്നതിന് ചക്രവർത്തിയുടെ അനുവാദത്തിന്റെ ആവശ്യമില്ലെന്ന് വാദിച്ചുകൊണ്ട് അന്നത്തെ പതിവിനു വിരുദ്ധമായി ചക്രവർത്തിയുടെ അംഗീകാരമില്ലാതെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. വി. പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ ആഗോളസഭയുടെ തലവനാണ് റോമിലെ മാർപാപ്പ എന്ന് അദ്ദേഹം അവകാശപ്പെട്ടു.

എ.ഡി. 1074 -ൽ ലാറ്ററൻ ബസിലിക്കയിൽ വച്ച് ഗ്രിഗറി ഏഴാമൻ മാർപാപ്പ ഒരു സിനഡ് വിളിച്ചുകൂട്ടി കൈക്കൂലിക്കെതിരെയും വൈദിക ബ്രഹ്മചര്യത്തെ അനുകൂലിച്ചും മുൻപ് നടന്ന സിനഡ് തീരുമാനങ്ങൾ ഒരിക്കൽക്കൂടി കർശനമായി നടപ്പാക്കുന്നതിന് വ്യവസ്ഥ ചെയ്യുകയും ചെയ്തു. കൂടാതെ, ഇനിയും ഇത്തരം തെറ്റുകൾ ചെയ്യുന്നവരെ സഭയിൽ നിന്നും പുറത്താക്കുമെന്നും പ്രഖ്യാപിച്ചു. റോമിൽ പിന്നീട് കൂടിയ ഒരു സിനഡിൽ വച്ച് മാർപാപ്പക്കു മാത്രമേ ബിഷപ്പുമാരെ നിയമിക്കാനും പുറത്താക്കാനും ഒരു രൂപതയിൽ നിന്നും മറ്റൊരു രൂപതയിലേക്ക് സ്ഥലം മാറ്റാനും അധികാരം ഉണ്ടായിരിക്കൂ എന്ന് തീരുമാനിക്കുകയും ചെയ്തു.

ഗ്രിഗറി ഏഴാമൻ മാർപാപ്പയുടെ ഭരണത്തിന്റെ ആദ്യകാലങ്ങളിൽ ചെറുപ്പക്കാരനായ ഹെൻറി നാലാമൻ ചക്രവർത്തി സഭയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. എന്നാൽ സാക്സൺ വംശജരെ യുദ്ധത്തിൽ തോല്പിച്ചതോടെ അദ്ദേഹം തന്റെ പഴയ വാഗ്ദാനങ്ങൾ മറന്നുകൊണ്ട് മിലാനിലെ ആർച്ചുബിഷപ്പിനെ വരെ നേരിട്ട് നിയമിക്കുന്ന അവസ്ഥയിൽ കാര്യങ്ങളെത്തി. ഗ്രിഗറി മാർപാപ്പ ഇതിനെ ശക്തമായ ഭാഷയിൽ അപലപിച്ചു കൊണ്ട് ചക്രവർത്തിക്ക് കത്തയച്ചു. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ അദ്ദേഹത്തെ സഭയിൽ നിന്നും പുറത്താക്കുമെന്നും വിശുദ്ധ റോമൻ ചക്രവർത്തി എന്ന പദവി എടുത്തുകളയുമെന്നും പ്രഖ്യാപിച്ചു. റോമിൽ നിന്നും വ്യത്യസ്തമായ പെരുമാറ്റം ഉണ്ടായത് ചക്രവർത്തിയെയും അദ്ദേഹത്തിന്റെ അനുചരന്മാരെയും പ്രകോപിപ്പിക്കുകയും അവർ ജർമ്മനിയിലെ ബിഷപ്പുമാരെ മാർപാപ്പയ്ക്ക് എതിരായി അണിനിരത്തുകയും ചെയ്തു. ചക്രവർത്തിയുടെ നേതൃത്വത്തിൽ എ.ഡി. 1076 ജനുവരി 24 -ന് ജർമ്മനിയിലെ വോമ്സിൽ കൂടിയ സമ്മേളനത്തിൽ ഗ്രിഗറി ഏഴാമൻ മാർപാപ്പയെ പുറത്താക്കുകയും റോമാക്കാരോട് പുതിയൊരു മാർപാപ്പയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

റോമിൽ മാർപാപ്പയുടെ നേതൃത്വത്തിൽ ലാറ്ററൻ ബസിലിക്കയിൽ ഒരു സമ്മേളനം നടക്കുമ്പോഴാണ് ഈ തീരുമാനം അറിയിച്ചു കൊണ്ട് ജർമ്മനിയിൽ നിന്നും സന്ദേശവാഹകൻ വരുന്നത്. മാർപാപ്പ ഇടപെട്ടതു കൊണ്ടാണ് ഈ സന്ദേശവാഹകന് അപകടമൊന്നും സംഭവിക്കാതിരുന്നത് എന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു. എന്നാൽ ഇതിന്റെ പ്രതികാരണമെന്നോണം എ.ഡി. 1076 ഫെബ്രുവരി 22 -ന് ഗ്രിഗറി ഏഴാമൻ റോമിൽ ഒരു സമ്മേളനം വിളിച്ചുകൂട്ടുകയും അവിടെവച്ചു ചക്രവർത്തിയെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു. കൂടാതെ ഇനി മുതൽ മറ്റു രാജാക്കന്മാരും പ്രജകളും അദ്ദേഹത്തെ അനുസരിക്കേണ്ടതില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിക്കാൻ ചക്രവർത്തി വിളിച്ചുകൂട്ടിയ രാജാക്കന്മാരുടെ സമ്മേളനത്തിൽ അധികമാരും സംബന്ധിക്കാതിരുന്നത് ചക്രവർത്തിയുടെ നില പരുങ്ങലിലാക്കുകയും മാർപാപ്പയുടെ നിലപാടാണ് ശരി എന്ന പ്രതീതി ഉളവാക്കുകയും ചെയ്തു.

തന്റെ രാഷ്ട്രീയ നിലനിൽപ്പ് അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ ചക്രവർത്തി ഇറ്റലിയിലെ കനൊസ്സയിൽ ആയിരുന്ന മാർപാപ്പയെ നേരിൽ കാണാനായി എത്തുന്നു. “കനൊസ്സായിലേക്കുള്ള നടത്തം” എന്ന പേരിൽ പിന്നീട് പ്രസിദ്ധമായിത്തീർന്ന ഒരു സംഭവമാണിത്. അനുതാപ വസ്ത്രമണിഞ്ഞു തണുത്തുറഞ്ഞ മഞ്ഞിൽ നിഷ്പാദുകനായി പാപമോചനത്തിനായി കാത്തുനിൽക്കുന്ന ഹെൻറി നാലാമന്റെ രൂപം പിന്നീട് പല ചിത്രകാരന്മാരുടെയും രചനാവിഷയമായി ഭവിച്ചിട്ടുണ്ട്. മാർപാപ്പ അനുതാപിയെ സുവിശേഷചൈതന്യത്തോടെ സ്വീകരിച്ച് സഭയിൽ തിരികെ പ്രവേശിപ്പിക്കുന്നു. എന്നാൽ ചരിത്രത്തിന്റെ ഗതിവിഗതികളിൽ വീണ്ടും രണ്ടു പേരും വ്യത്യസ്ത ധ്രുവങ്ങളിലായിട്ടാണ് സഞ്ചരിക്കുന്നത്. ഗ്രിഗറി മാർപാപ്പയെ നേരിടുന്നതിനായി തന്നെ അനുകൂലിക്കുന്നവരുടെ സഹായത്തോടെ റെവേന്നായിലെ ആർച്ചുബിഷപ്പിനെ ക്ലമന്റ് മൂന്നാമൻ എന്ന പേരിൽ ചക്രവർത്തി മാർപാപ്പ ആക്കാൻ പരിശ്രമിച്ചെങ്കിലും അദ്ദേഹം ഇന്ന് ആന്റിപോപ്പുമാരുടെ ഗണത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ മാർപാപ്പയുടെ നവീകരണങ്ങളെ എതിർത്തിരുന്ന വലിയൊരു വിഭാഗത്തിന്റെ പിന്തുണയിൽ ക്ലമന്റ് മൂന്നാമൻ പലപ്പോഴും പ്രശ്നങ്ങൾ ഗ്രിഗറിക്ക് സൃഷ്ടിക്കുന്നുണ്ട്.

ഗ്രിഗറി ഏഴാമൻ മാർപാപ്പയുടെ കാലത്ത് സഭാനിയമങ്ങളുടെ ഒരു പരമ്പര തന്നെ രൂപപ്പെട്ടു. കൂടാതെ പല ദൈവശാസ്ത്ര പ്രബോധനങ്ങളും രൂപപ്പെടുകയും ചിലതൊക്കെ കൂടുതൽ വിശദീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഗ്രിഗറി ആറാമൻ, ലിയോ ഒൻപതാമൻ, നിക്കോളാസ് രണ്ടാമൻ, അലക്‌സാണ്ടർ രണ്ടാമൻ തുടണ്ടിയ മാർപാപ്പമാരുടെ കൂടെ നിർണ്ണായക ഭരണസാരഥ്യം വഹിച്ച ഗ്രിഗറിയുടെ അനുഭവസമ്പത്ത് സഭയിൽ വലിയ മാറ്റങ്ങൾക്കു കാരണമായി. എ.ഡി. 1075 -ൽ “ഡിക്റ്റാത്തൂസ് പാപ്പ” (മാർപാപ്പയുടെ പ്രഖ്യാപനങ്ങൾ) എന്ന പേരിൽ ഇരുപത്തിയേഴ് ആധികാരിക പ്രഖ്യാപനങ്ങൾ അദ്ദേഹം പുറത്തിറക്കി. കത്തോലിക്കാ സഭ ദൈവസ്ഥാപിതമാണ്, സാര്‍വത്രിക ശ്ലൈഹീക അധികാരം മാർപാപ്പക്കു മാത്രമാണ്, പൊതുവായ സുന്നഹദോസുകൾ എന്ന് വിളിക്കപ്പെടുന്നത് മാർപാപ്പ വിളിച്ചുകൂട്ടുന്നതാണ്, റോമൻ സഭയുമായി സഖ്യത്തിലായിരിക്കുന്ന സഭകൾക്കു മാത്രമാണ് “കാതോലികം” എന്ന് അവകാശപ്പെടാൻ സാധിക്കുന്നത് – തുടങ്ങിയവ ഈ പ്രഖ്യാപനങ്ങളിൽ ചിലതു മാത്രം.

ഇന്നത്തെ രീതിയിൽ മാർപാപ്പമാരുടെ പ്രതിനിധികളായി നുൺഷിയോമാരെ നിയമിച്ച് സഭയുടെ ഭരണസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന ശൈലിക്ക് തുടക്കം കുറിച്ചതും ഗ്രിഗറി ഏഴാമൻ മാർപാപ്പയാണ്. അതുപോലെ പുതിയതായി നിയമിക്കപ്പെടുന്ന മെത്രാന്മാർ മാർപാപ്പയോട് വിധേയരായിരിക്കും എന്ന സത്യപ്രതിജ്ഞ എടുക്കുകയും അവർ മാർപാപ്പയെ സന്ദർശിക്കുകയും ചെയ്യണമെന്നും ഗ്രിഗറി ഏഴാമൻ മാർപാപ്പ നിഷ്കർഷിച്ചു. സഭയുടെ സമൂല പരിഷ്ക്കരണത്തിനായി പരിശ്രമിച്ച ഗ്രിഗറി ഏഴാമൻ മാർപാപ്പക്ക് വിവിധ കോണുകളിൽ നിന്നും എതിർപ്പുകളും ഭീഷണിയും നേരിടേണ്ടതായും വന്നു. ബിഷപ്പുമാരെയും ആശ്രമങ്ങളുടെ അധിപന്മാരെയും നിയമിക്കാൻ അത്മായരായ രാജാക്കന്മാർക്കോ, പ്രഭുക്കന്മാർക്കോ, ചക്രവർത്തിക്കു പോലുമോ അധികാരമില്ല എന്ന തീരുമാനം അക്കാലത്ത് അചിന്തനീയമായിരുന്നു. ഇക്കൂട്ടരെല്ലാം മാർപാപ്പയുടെ ശത്രുക്കളായി മാറുകയും അദ്ദേഹത്തെ പരമാവധി ദ്രോഹിക്കുകയും ചെയ്തു.

എന്നാൽ ഗ്രിഗറി മാർപാപ്പ എഴുതിയ പല ആധികാരിക പ്രബോധന രേഖകളും അദ്ദേഹത്തിന്റെ അറിവിന്റെയും വിശുദ്ധിയുടെയും തെളിവായി ഇന്നും അവശേഷിക്കുന്നു. അതുപോലെ തന്നെ യൂറോപ്പിലെ എല്ലാ സഭകളുമായി അടുത്ത് ബന്ധം പുലർത്തിയിരുന്ന ഒരു മാർപാപ്പയായി അദ്ദേഹത്തെ എടുത്തുകാട്ടുകയും ചെയ്യുന്നു. പൗരസ്ത്യ സഭകളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ഗ്രിഗറി മാർപാപ്പ മുൻകൈ എടുത്തുവെങ്കിലും അന്നത്തെ സാഹചര്യങ്ങൾ പ്രശ്നപരിഹാരത്തിന് അനുകൂലമായിരുന്നില്ല.

ഗ്രിഗറി ഏഴാമന്റെ അന്ത്യകാലങ്ങളിൽ അദ്ദേഹത്തിന്റെ ശത്രുക്കൾ കൂടുതൽ ശക്തരാവുകയും മാർപാപ്പ മോണ്ടെ കസ്സിനോ ആശ്രമത്തിലേക്ക് പിൻവാങ്ങുകയും ചെയ്തു. പിന്നീട് അവിടെ നിന്നും ഇറ്റലിയിലെ സലെർമോയിലേക്ക് പോവുന്നു. എ.ഡി. 1085 മെയ് 25 -ന് കാലം ചെയ്ത ഗ്രിഗറി ഏഴാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് സലെർമൊ കത്തീഡ്രലിലാണ്. മരിക്കുന്നതിന് മൂന്നു ദിവസം മുൻപ് ഹെൻറി നാലാമൻ ചക്രവർത്തിയുടെയും ആന്റിപോപ്പായിരുന്ന ക്ലമന്റ് മൂന്നാമന്റെയും ഒഴികെയുള്ള സകലരുടെയും എല്ലാ വിലക്കുകളും ഗ്രിഗറി ഏഴാമൻ പിൻവലിച്ചു. എ.ഡി. 1584 -ൽ ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായും 1728 -ൽ ബെനെഡിക്ക്റ്റ് പതിമൂന്നാമൻ വിശുദ്ധനായും ഗ്രിഗറി ഏഴാമനെ പ്രഖ്യാപിച്ചു. മെയ് 25 -ന് സഭ അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. വി. ഗ്രിഗറി ഏഴാമന്റെ ശവക്കല്ലറയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “നീതിയെ ഞാൻ സ്നേഹിക്കുകയും അധർമ്മത്തെ ഞാൻ വെറുക്കുകയും ചെയ്തു. അതിനാൽ പ്രവാസിയായി ഞാൻ മരിക്കുന്നു.”

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.