പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 149 – ക്ലമന്റ് II (965-1047)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1046 ഡിസംബർ 25 മുതൽ 1047 ഒക്ടോബർ വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ക്ലമന്റ് രണ്ടാമൻ. ജർമ്മനിയിലെ ഹോൺബുർഗിൽ എ.ഡി. 967 -ൽ മോർസ്ലെബെന്നിലെ പ്രഭുവായിരുന്ന കോൺറാഡിന്റെയും അമുൽറാഡിന്റെയും മകനായി സൂയിഡ്ജർ ജനിച്ചു. 1040 -ൽ അദ്ദേഹം ബാംബെർഗ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. ഈ സമയത്താണ് റോമിൽ വി. പത്രോസിന്റെ ബസിലിക്കയും ലാറ്ററൻ ബസിലിക്കയും മരിയ മജോറെ ബസിലിക്കയും കേന്ദ്രീകരിച്ച് ഒരേ സമയം മൂന്ന് മാർപാപ്പമാർ സഭയിൽ ഉണ്ടാവുന്നത്. മാർപാപ്പയുടെ കരങ്ങളാൽ വിശുദ്ധ റോമൻ ചക്രവർത്തിയായി അഭിഷേകം ചെയ്യപ്പെടുക, റോമിലെ സഭയിൽ സമാധാനം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആൽപ്സ് കടന്ന് ഹെൻറി മൂന്നാമൻ ഈ സമയം റോമിൽ വരുന്നത്.

ബിഷപ് സൂയിഡ്ജർ റോമിലേക്ക് വന്ന ചക്രവർത്തിയുടെ സംഘത്തിൽപെട്ട ആളായിരുന്നു. സൂത്രീയിൽ കൂടിയ സിനഡ് ബനഡിക്റ്റ്, സിൽവസ്റ്റർ മാർപാപ്പമാരെ പുറത്താക്കുകയും ഗ്രിഗറി മാർപാപ്പയോട് രാജി വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷം സിനഡിൽ വച്ചു തന്നെ ബിഷപ്പ് സൂയിഡ്ജറെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. മാർപാപ്പ സ്ഥാനത്ത് അധികകാലം ആയിരിക്കാൻ സാധിക്കില്ല എന്ന ചിന്തയിൽ തന്റെ രൂപതയുടെ ബിഷപ്പായും തുടരാൻ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടു. എ.ഡി. 1046 -ലെ ക്രിസ്തുമസ് സന്ധ്യയിൽ ക്ലമന്റ് രണ്ടാമൻ എന്ന പേരിൽ സൂയിഡ്ജർ മാർപാപ്പാസ്ഥാനം ഏറ്റെടുത്തു. തുടർന്ന് വി. പത്രോസിന്റെ ബസിലിക്കയിൽ വച്ച് ക്രിസ്തുമസ് ദിവസം ഹെൻറി മൂന്നാമനെ വിശുദ്ധ റോമാ ചക്രവർത്തിയായി വാഴിക്കുകയും ചെയ്തു.

അങ്ങനെ ചരിത്രത്തിൽ ആദ്യമായി മാർപാപ്പ സ്ഥാനവും ഒരു രൂപതയുടെ അദ്ധ്യക്ഷ സ്ഥാനവും ഒരാൾ തന്നെ കയ്യാളുന്ന അവസ്ഥയും ഉണ്ടായി. എ.ഡി. 1047 ജനുവരി 5 -ന് സഭയെ നവീകരിക്കാനും വിശുദ്ധീകരിക്കാനുമുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനായി ഒരു സിനഡ് മാർപാപ്പ റോമിൽ വിളിച്ചുകൂട്ടി. ഇവിടെ വച്ച് സഭയിലെ സ്ഥാനമാനങ്ങൾ പണം കൊടുത്തു കരസ്ഥമാക്കുന്നത് കഠിനശിക്ഷ അർഹിക്കുന്ന കുറ്റമാണെന്നു വിധിച്ചു. സഭയെ മുഴുവൻ നവീകരിക്കാനായി നാല്പതു ദിവസത്തെ നോമ്പും ഉപവാസവും പ്രഖ്യാപിച്ചു. റെവെന്ന, മിലാൻ, അക്ക്വീല രൂപതകൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെടുകയും അത് രമ്യമായി പരിഹരിക്കുകയും ചെയ്തു. ബാംബെർഗ് രൂപതയിൽ പോയി തിരികെ റോമിലേക്കു വരുന്ന വഴി ഇറ്റലിയിലെ പെസാറോ നഗരത്തിൽ വച്ച് എ.ഡി. 1047 ഒക്ടോബർ 9 -ന് അദ്ദേഹം കാലം ചെയ്തു. ജർമ്മനിയിലെ ബാംബെർഗ്ഗ് രൂപതയുടെ കത്തീഡ്രൽ ദേവാലയത്തിലാണ് ക്ലമന്റ് രണ്ടാമൻ മാർപാപ്പയെ അടക്കം ചെയ്തിരിക്കുന്നത്. ജർമ്മനിയിൽ അടക്കപ്പെട്ടിരിക്കുന്ന ഒരേയൊരു മാർപാപ്പയാണ് ക്ലമന്റ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.