പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 140 – ജോൺ XVII (995-1003)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1003 മെയ് 16 മുതൽ 1003 നവംബർ 6 വരെ മാർപാപ്പ ആയിരുന്ന ആളാണ് ജോൺ പതിനേഴാമൻ. എ.ഡി. 995 -ൽ റോമിലാണ് അദ്ദേഹത്തിന്റെ ജനനം. ജോൺ സീക്കോ എന്ന മാമ്മോദീസ പേരോടു കൂടി ജോൺ എന്ന ആളിന്റെ മകനായി അദ്ദേഹം ജനിച്ചു എന്നാണ് ചരിത്രരേഖകൾ സാക്ഷിക്കുന്നത്. റോമിലെ ട്രാജൻ ചക്രവർത്തിയുടെ പേരിലുള്ള വലിയ സ്തൂപം സ്ഥിതിചെയ്യുന്ന ബിബറെറ്റിക്ക എന്ന സ്ഥലമാണ് അദ്ദേഹത്തിന്റെ ജന്മദേശമായി പറയപ്പെടുന്നത്. സിൽവസ്റ്റർ രണ്ടാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ റോമിലെ ഭരണകാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ക്രസെന്തിയൂസ് കുടുംബത്തിന്റെ സ്വാധീനമാണ് ജോൺ മാർപാപ്പ ഈ സ്ഥാനത്തേക്കു വരുന്നതിന് ഇടയാക്കിയത്. ഇദ്ദേഹം ക്രസന്തി കുടുംബവുമായി അകന്ന ബന്ധമുള്ള ആളും പ്രഭുകുടുംബങ്ങളുടെ സ്ഥാനാർത്ഥിയുമായിരുന്നു.

ഓട്ടോ മൂന്നാമൻ ചക്രവർത്തി, മക്കളില്ലാതെ മരിച്ചപ്പോൾ റോമിൽ ക്രസെന്തിയൂസ് കുടുംബം അധികാരം പിടിച്ചടക്കി. ചക്രവർത്തിയുടെ സംരക്ഷണം നഷ്ടപ്പെട്ടപ്പോൾ പേപ്പൽ സ്റ്റേറ്റിന്റെയും അധികാരാവകാശങ്ങൾ ഈ കുടുംബത്തിന്റെ കൈകളിൽ എത്തിപ്പെട്ടു. ഈ അവസരത്തിൽ ഓട്ടോ മൂന്നാമൻ ചക്രവർത്തിയുടെ ബന്ധുവായ ഹെൻറി രണ്ടാമൻ രാജാവ് അദ്ദേഹത്തിന്റെ പിൻഗാമിയായി ജർമ്മനിയിൽ രാജാവായെങ്കിലും ഇറ്റലിയിലേക്കൊന്നും ഭരണം ദീർഘിപ്പിക്കുന്നതിന് അദ്ദേഹത്തിന്നു താത്‌പര്യമില്ലായിരുന്നു. എന്നാൽ ജോൺ മാർപാപ്പ ഈ ഹെൻറി രണ്ടാമൻ രാജാവുമായി ബന്ധം സ്ഥാപിക്കുന്നതിന് നിരവധി പരിശ്രമങ്ങൾ നടത്തി. ഇതറിഞ്ഞ ക്രസന്തിയുസ്, തന്റെ അധികാരങ്ങൾ ഇല്ലാതാകുമെന്ന ചിന്തയിൽ മാർപാപ്പയെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

ആറു മാസത്തിൽ താഴെ നീണ്ടുനിന്ന തന്റെ ഭരണകാലയളവിൽ സഭയുടെ വളർച്ചക്ക് കാര്യമായ സംഭാവനകൾ നൽകുന്നതിന് ജോൺ മാർപാപ്പക്കു സാധിച്ചില്ല. മാത്രമല്ല, രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ റോമിലെ അധികാരങ്ങൾ പ്രഭുകുടുംബങ്ങൾ കയ്യാളുകയും അവരുടെ താത്‌പര്യങ്ങൾക്കനുസരിച്ച് അവർ സഭയെ ഉപയോഗിക്കുകയും ചെയ്തു. മാർപാപ്പമാരുടെ തിരഞ്ഞെടുപ്പിലും തുടർന്നുള്ള ഭരണത്തിലും പ്രഭുകുടുംബങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് നിരന്തര സമ്മർദ്ദങ്ങൾ അവർ ചെലുത്തിക്കൊണ്ടിരുന്നു. പ്രഷ്യക്കാരുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന കൊയർഫോർത്തിലെ വി. ബ്രൂണോയുടെ ശിഷ്യനായ പോളണ്ടിലെ ബെനഡിക്റ്റിനെയും സഹോദരന്മാരെയും സ്ലോവാക്യൻ വംശജരുടെ ഇടയിൽ സുവിശേഷം പ്രഘോഷിക്കാൻ നിയോഗിക്കുന്നത് ജോൺ പതിനേഴാമൻ മാർപാപ്പയാണ്. അവരുടെ ശ്രമഫലമായി ധാരാളം സ്ളാവ് വംശജർ ക്രിസ്തീയവിശ്വാസത്തിലേക്ക് വരികയും ചെയ്തു. എ.ഡി. 1003 നവംബർ 6 -ന് കാലം ചെയ്ത ജോൺ മാർപാപ്പയെ അടക്കിയിരിക്കുന്നത് ജോൺ ലാറ്ററൻ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.