പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 135 – ബെനഡിക്റ്റ് VII (930-983)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 974 ഒക്ടോബർ മുതൽ 983 ജൂലൈ 10 വരെയുള്ള വർഷങ്ങളിൽ സഭയുടെ തലവനായിരുന്നു ബെനഡിക്റ്റ് ഏഴാമൻ മാർപാപ്പ. റോമിൽ ദയോദാത്തൂസ് എന്ന പ്രഭുവിന്റെ മകനായി 930 -ലാണ് അദ്ദേഹത്തിന്റെ ജനനം. ദയോദാത്തൂസിന്റെ അനന്തരവനായിരുന്നു ദീർഘനാൾ റോമിന്റെ ഭരണാധികാരിയായിരുന്ന സ്‌പൊളെത്തോയിലെ ആൽബറിക്ക്. ഇറ്റലിയിലെ വിത്തെർബോയ്ക്കടുത്തുള്ള സുത്രി രൂപതയുടെ ബിഷപ്പായിരിക്കുന്ന സമയത്താണ് അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഓട്ടോ രണ്ടാമൻ ചക്രവർത്തിയുടെ ഇറ്റലിയിലെ പ്രതിനിധിയായ സിക്കോയുടെ സാന്നിധ്യത്തിലാണ് റോമിലെ പുരോഹിതരും ജനങ്ങളും ബെനഡിക്റ്റിനെ മാർപാപ്പയായി തിരഞ്ഞെടുക്കുന്നത്. മുൻഗാമിയായിരുന്ന ബെനെഡിക്റ്റ് ആറാമൻ മാർപാപ്പയുടെ മരണത്തിനു  കാരണക്കാരനായ ആന്റിപോപ്പായിരുന്ന ബോനിഫസ് ഈ സ്ഥാനത്ത് വരുന്നതിന് പരിശ്രമിച്ചെങ്കിലും ജനങ്ങളുടെ പിന്തുണ കിട്ടിയില്ല. തുടർന്ന് കോൺസ്റ്റാന്റിനോപ്പിളിലേക്ക് കടന്നുകളഞ്ഞ ബോനിഫസിന്റെ ചില അനുയായികൾ പിന്നീടും പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

രാഷ്ട്രീയസ്വാധീനങ്ങൾ സഭയിൽ കടന്നുവരുന്നതിനെ പ്രതിരോധിക്കുന്നതിന് ബെനഡിക്റ്റ് മാർപാപ്പ ശ്രമിച്ചു. അതുപോലെ തന്നെ അന്നത്തെ പ്രശ്നകലുഷിത കാലഘട്ടത്തിൽ അറിവും സുകൃതങ്ങളുമുള്ള ഒരു ആത്മീയമനുഷ്യനായി ബെനഡിക്റ്റ് മാർപാപ്പ അറിയപ്പെട്ടു. ഇന്നത്തെ രീതിയിൽ അഞ്ചു വർഷത്തിൽ ഒരിക്കൽ രൂപതാ ബിഷപ്പുമാർ മാർപാപ്പയെ സന്ദർശിക്കുന്ന “ആദ്ലിമീന” സന്ദർശനങ്ങൾ ഔദ്യോഗികമാക്കിയത് ബെനഡിക്റ്റ് ഏഴാമൻ മാർപാപ്പയാണ്. ഇതിനു മുൻപും രൂപതയിലെ പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്യുന്നതിനായി ബിഷപ്പുമാർ മാർപാപ്പയെ സന്ദർശിക്കാറുണ്ടായിരുന്നു.

ഇറ്റലി, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ആശ്രമങ്ങൾ നവീകരിക്കുന്നതിനും സന്യാസജീവിതത്തിന് ഉണർവ്വ് പകരുന്നതിനും മാർപാപ്പ മുൻകൈയ്യെടുത്തു. എ.ഡി. 981 -ൽ സഭയിലെ ഏതെങ്കിലും അധികാരസ്ഥാനങ്ങൾ കരസ്ഥമാക്കുന്നതിനായി പണമോ മറ്റേതെങ്കിലും തരത്തിലുള്ള “കൈക്കൂലിയോ” നൽകുന്നതിനെ നിരോധിക്കുകയും അങ്ങനെയുള്ളവരെ സഭയിൽ നിന്നും പുറത്താക്കണമെന്നും കല്പന പുറപ്പെടുവിച്ചു. സഭയുടെ ആത്മീയ നവീകരണത്തിനുള്ള ഇത്തരം അനേകം പദ്ധതികൾ നടപ്പാക്കിയ മാർപാപ്പ ആയിരുന്നു ബെനഡിക്റ്റ് ഏഴാമൻ. എ.ഡി. 983 ജൂലൈ പത്തിന് കാലം ചെയ്ത മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കുക എന്ന പതിവിൽ നിന്നും വ്യത്യസ്തമായി റോമിലുള്ള “ജറുസലേമിലെ വിശുദ്ധ കുരിശിന്റെ ദേവാലയത്തിൽ” ആണ് അടക്കിയിരിക്കുന്നത്. അതിന്റെ കാരണമായി പറയപ്പെടുന്നത് മാർപാപ്പ ആകുന്നതിനു മുൻപ് ബെനഡിക്റ്റ് ഏഴാമൻ വിശുദ്ധനാട് സന്ദർശിക്കുകയും അവിടെ നിന്നും തിരുശേഷിപ്പുകൾ ഈ ദേവാലയത്തിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ടെന്നതാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.