ഫ്രഞ്ച് മിഷനറിമാരുടെ നാമകരണ നടപടികള്‍ക്ക് തുടക്കം

165 വര്‍ഷങ്ങള്‍ക്കു മുമ്പ് അരുണാചലില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച രണ്ട് ഫ്രഞ്ച് മിഷനറിമാരുടെ നാമകരണ നടപടികള്‍ക്ക് രൂപതാ തലത്തില്‍ തുടക്കം കുറിച്ചു. ഫാ. നിക്കോളാസ് മൈക്കലിന്റെയും ഫാ. അഗസ്റ്റ്യന്‍ ബൗറിയുടെയും നാമകരണ നടപടികളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് ഉദ്ഘാടനം നടന്നത്. മിയാവോ രൂപതാധ്യക്ഷന്‍ ബിഷപ് ജോര്‍ജ്ജ് പള്ളിപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് നാമകരണനടപടികള്‍ പുരോഗമിക്കുന്നത്.

അരുണാചലിലെ സഭയെ സംബന്ധിച്ച് ഇന്നേ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വിശുദ്ധ ബലിക്കിടയിലെ സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ മണ്ണില്‍ രക്തം ചൊരിഞ്ഞ ഈ രണ്ടു പുണ്യാത്മാക്കളും ഉടന്‍ തന്നെ ഫലം നല്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 1854-ല്‍ ടിബറ്റിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ചൈനാ അതിര്‍ത്തിയില്‍ വച്ചാണ് ഫാ. നിക്കോളാസും ഫാ. അഗസ്റ്റ്യനും കൊല്ലപ്പെട്ടതും. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ആദ്യ വിശുദ്ധരായിരിക്കും ഇവര്‍.