ആത്മാക്കളെ ചുംബിച്ചാണോ സ്വര്‍ഗത്തിന് തിരികെ നല്‍കുന്നത്? ഫാ. ഷീന്‍ പാലക്കുഴി എഴുതുന്നു

ഫാ. ഷീൻ പാലക്കുഴി

“ലിയോ, നമ്മുടെ പണിയായുധങ്ങളെല്ലാം അന്തോണിയോ അച്ചനു കൊടുത്തേക്കൂ. നമുക്കിനി അതിന്റെ ആവശ്യമില്ല. ഏറ്റെടുത്ത ചുമതല നിര്‍വ്വഹിക്കാന്‍ നമ്മെ സഹായിച്ച ആ ആയുധങ്ങളെ ചുംബിച്ചുവേണം അദ്ദേഹത്തിന്റെ കൈയില്‍ കൊടുക്കാന്‍.” (നിക്കോസ് കസന്‍ദ്‌സക്കിസിന്റെ ‘സെയ്ന്റ് ഫ്രാന്‍സിസ്’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയില്‍ നിന്നും).

അസീസ്സിയിലെ പുണ്യവാളനായ ഫ്രാന്‍സിസ്, തന്റെ കൂട്ടുകാരനായ ലിയോയോടു പറയുന്ന വാക്കുകളാണിവ. ദൈവനിയോഗമനുസരിച്ച് അവര്‍ ചെയ്തുകൊണ്ടിരുന്ന സാന്‍ ദാമിയാനോയിലെ ചാപ്പലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അതിനുപയോഗിച്ച പണിസാധനങ്ങള്‍ പള്ളിവികാരിയായ അന്തോണിയോ അച്ചനു കൈമാറുന്നതാണ് രംഗം. പണിയായുധങ്ങള്‍ ചുംബിച്ചു കൈമാറണമെന്നതാണ് പുണ്യവാളന്റെ ആഗ്രഹം!

ഏറ്റെടുത്ത ചുമതല നിര്‍വ്വഹിക്കാന്‍ അവരെ സഹായിച്ച ആ ആയുധങ്ങളെ എത്ര ആദരവോടെയാണ് പുണ്യവാളന്‍ സമീപിക്കുന്നത്! ഒരു പള്ളി പണിയാനുപയോഗിച്ച വെറും ആയുധങ്ങളോട് അത്രയും ആദരവുണ്ടെങ്കില്‍, ഒന്നോര്‍ത്തു നോക്കൂ, ഒരു ജീവിതം തന്നെ കെട്ടിപ്പടുക്കാന്‍ സഹായിച്ച അനേകം മനുഷ്യരോട് അവര്‍ക്കെത്ര നന്ദിയും സ്‌നേഹവുമുണ്ടായിരിക്കും!

പുണ്യവാളന്റെ വാക്കുകള്‍ ഒരുപാട് കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഏല്‍പ്പിക്കപ്പെട്ടതോ ഏറ്റെടുത്തതോ ആയ ഒരു ചുമതല പൂര്‍ത്തിയാക്കാന്‍ ചെറുതോ വലുതോ ആയ രീതിയില്‍ നമ്മെ സഹായിച്ച എത്രയേറെ മനുഷ്യരോടും സാഹചര്യങ്ങളോടുമാണ് നാം കടപ്പെട്ടിരിക്കുന്നത്! ഇപ്പോള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഇന്ന് ഇരുട്ടിവെളുത്താലും ആ പേരുകള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിയുമോ എന്നു സംശയമാണ്. ഒന്നോര്‍ത്താല്‍ നമ്മുടെ ശത്രുക്കളോടും അവര്‍ സൃഷ്ടിച്ച പ്രതിസന്ധികളോടു പോലും നാം കടപ്പെട്ടിരിക്കുന്നു.

പുണ്യവാളന്‍ പഠിപ്പിക്കുന്നത് അവരോടൊക്കെ നാം പുലര്‍ത്തേണ്ട ഒരു സമീപനത്തെക്കുറിച്ചാണ്. കെട്ടിപ്പിടിച്ചു ചുംബിച്ചില്ലെങ്കിലും അങ്ങനെയുള്ളവരെ മറക്കാതിരിക്കുക എന്നത് അവരോടു പുലര്‍ത്തേണ്ട ഒരു മിനിമം നീതിയാണെന്നാണ് എനിക്കു തോന്നുക.

രണ്ടു വ്യക്തികളെ ഇപ്പോള്‍ ഓര്‍ക്കാതിരിക്കാനാവുന്നില്ല. രണ്ടു വര്‍ഷം മുമ്പുവരെ നസ്രത്ത് ഹോം സ്‌കൂളിന്റെ ആറാം നമ്പര്‍ ബസിന്റെ പടിവാതിലില്‍ ലോറന്‍സ് എന്നൊരു വിശ്വസ്തനായ മാലാഖ കാവല്‍ നിന്നിരുന്നു. ഭൂമിയില്‍, പ്രായം അറുപതു കഴിഞ്ഞെങ്കിലും ആത്മാര്‍ത്ഥതയും ദൈവാശ്രയവും കൊണ്ട് കരുത്താര്‍ജ്ജിച്ച ഒരു ഹൃദയമുണ്ടായിരുന്നു അയാള്‍ക്ക്. കുഞ്ഞുങ്ങള്‍ക്ക് ലോറന്‍സങ്കിള്‍ ബസിലെ വെറുമൊരു ജീവനക്കാരന്‍ മാത്രമായിരുന്നില്ല; സ്‌നേഹസമ്പന്നനായ അവരുടെ സ്വന്തം അപ്പച്ചന്‍ കൂടിയായിരുന്നു. വീട്ടില്‍ നിന്ന് സ്‌കൂളിലേയ്ക്കും തിരിച്ചുമുള്ള ബസ് യാത്രകള്‍ക്കൊടുവില്‍ ആ കൈകളില്‍ നിന്നാണ് അവര്‍ പഠനമുറികളിലേയ്ക്കും വീട്ടകങ്ങളിലേയ് ക്കും ഊര്‍ന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഞെട്ടില്‍ നിന്ന് ഒരു പൂവ് അടര്‍ന്നുവീഴുന്ന അവധാനതയിലാണ് അയാൾ ആ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്. പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കാന്‍ ചുണ്ടില്‍ എന്നും എപ്പോഴും അയാളൊരു പുഞ്ചിരി കാത്തുവച്ചിരുന്നു.

ആറാം നമ്പര്‍ ബസിന്റെ വാതിലില്‍ കുഞ്ഞുമക്കളെ കാത്ത് എപ്പോഴുമുണ്ടായിരുന്ന ആ പുഞ്ചിരി ഒരുനാള്‍ പൊടുന്നനെ മാഞ്ഞുപോയി; രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പൊരു പുലരിയില്‍ ആരുമറിയാതെ സ്വര്‍ഗ്ഗം അത് കവര്‍ന്നെടുത്തു. ഹൃദയാഘാതമായിരുന്നു!

മറ്റൊരാള്‍ ഉദയനാണ്. പൂങ്കോട് ഉദയകുമാര്‍! അനുഗൃഹീതനായ ഒരു കലാകാരന്‍. സിനിമകള്‍ക്കും സ്റ്റേജ് പരിപാടികള്‍ക്കുമൊക്കെ പശ്ചാത്തലമൊരുക്കുന്നതില്‍ നിപുണനാണ്. കുടുംബവുമൊത്ത് ബാലരാമപുരത്ത് താമസിക്കുന്നു. ഏറെ വര്‍ഷങ്ങളായി നസ്രത്ത് ഹോം സ്‌കൂളുമായി അടുത്ത ബന്ധമുണ്ട്. സ്‌കൂളിലെ ബോര്‍ഡുകള്‍, ബാനറുകള്‍, മറ്റ് ആര്‍ട്ട് വര്‍ക്കുകള്‍ തുടങ്ങിയവയെല്ലാം ഉദയന്റെ കലാവിരുതാണ്. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താനറിയാവുന്ന, പരാതികളില്ലാത്ത ഒരു പാവപ്പെട്ട മനുഷ്യന്‍.

ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ട് വിജയദശമി ദിവസമാണ് ഉദയനെ ഞാൻ അവസാനമായി കണ്ടത്. സ്‌കൂള്‍ ഗേറ്റില്‍ ഒരു ചിത്രം പതിക്കാനാണ് ഉദയന്‍ വന്നത്. ജോലി ഏകദേശം പൂര്‍ത്തിയാക്കി അവസാന മിനുക്കുപണികള്‍ക്കായി തൊട്ടടുത്ത ദിവസം വരാമെന്നു പറഞ്ഞു വീട്ടിലേയ്ക്കു മടങ്ങിയ അയാള്‍ പിന്നെ തിരിച്ചുവന്നില്ല. രണ്ടു ദിവസങ്ങള്‍ക്കുശേഷം സമീപത്തുള്ള ഒരു കുളത്തില്‍ നിന്നും അയാളുടെ ചേതനയറ്റ ശരീരമാണ് തിരികെക്കിട്ടിയത്. വീട്ടിലേയ്ക്കുള്ള രാത്രിയാത്രയ്ക്കിടയില്‍ കാല്‍വഴുതി വീണതാകാം; അറിയില്ല! പൂര്‍ത്തിയാകാത്ത ഉദയന്റെ ജീവിതം കണക്കെ സ്‌കൂള്‍ ഗേറ്റിലെ ചിത്രപ്പണികളും ഇപ്പോഴും അപൂര്‍ണ്ണമായി അങ്ങനെ…!

ഈ രണ്ടു വ്യക്തികളും അവരുടെ സമീപനശൈലി കൊണ്ട് വിദ്യാലയത്തിന്റെ ഹൃദയത്തില്‍ ഇടംപിടിച്ചവരാണ്. കാലം കഴിയുമ്പോള്‍ മറവിയുടെ മാറാലകള്‍ക്കുള്ളില്‍ അവര്‍ മറഞ്ഞുപോകാതിരിക്കാന്‍ രണ്ടുപേരുടേയും പേരില്‍ സ്‌കൂള്‍ തന്നെ കുട്ടികള്‍ക്ക് ഓരോ സമ്മാനം ഏര്‍പ്പെടുത്തുകയാണ്. കാലമെത്ര കഴിഞ്ഞാലും കുറഞ്ഞപക്ഷം ആ സമ്മാനം കിട്ടുന്നവരെങ്കിലും അവരെ ഓര്‍മ്മിക്കുമല്ലോ! കൃതജ്ഞതാഭരിതമായ ഹൃദയത്തോടെ ഇരുവരുടെയും ആത്മാക്കളെ ചുംബിച്ച് സ്വര്‍ഗ്ഗത്തിനു കൈമാറുന്നു!

ഫാ. ഷീന്‍ പാലക്കുഴി