വാക്കുകളാല്‍ മലയാളികളെ കീഴടക്കുന്ന രണ്ടു പേര്‍ ഒരുമിച്ച് ചേര്‍ന്നാല്‍ എന്താണ് സംഭവിക്കുക? അതാണ് ക്രിസ്മസിനോട് അനുബന്ധിച്ച് ഫ്ലവേഴ്സ് ചാനലില്‍ സംഭവിച്ചത്. ഒരാള്‍ സരസവും ചിന്തോദ്ദീപകവുമായ പ്രസംഗങ്ങള്‍ കൊണ്ട് മനുഷ്യരെ ദൈവത്തിങ്കല്‍ ഒന്നുചേര്‍ക്കാന്‍ പ്രയത്‌നിക്കുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. മറ്റൊരാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച പിസി ജോജ്ജ് എംഎല്‍എ. രണ്ട് പേരും പ്രശസ്തരാണ്. ഒരാള്‍ പ്രാര്‍ത്ഥനയിലും മറ്റെയാള്‍ പൊളിറ്റിക്‌സിലും. കറ കളഞ്ഞ വാക്കുകളാണ് ഇരുവരുടെയും ആയുധം. കഥകള്‍ കൊണ്ടാണ് ജോസഫ് പുത്തന്‍ പുരയ്ക്കല്‍ എന്ന കപ്പൂച്ചിന്‍ വൈദികന്‍ ധ്യാന നിമിഷങ്ങളെ ധന്യമാക്കുന്നതെങ്കില്‍, കളങ്കമില്ലാത്ത പെരുമാറ്റം കൊണ്ടാണ് പിസി ജോര്‍ജ്ജ് എംഎല്‍എ പൂഞ്ഞാറിന്റെ സ്വന്തം മുത്താകുന്നത്.
ഔപചാരികത ഇല്ലാതെ ഒരു സംസാരം. അതാണിവിടെ സംഭവിച്ചത്. ”സാധാരണ ധ്യാനം കൂടാന്‍ പോയിരിക്കുക എന്ന് പറഞ്ഞാല്‍ ഒരു മുഷിവല്ലേ അച്ചോ?” തനി പാലാ സ്റ്റൈലില്‍ പി സി ജോര്‍ജ്ജ് എംഎല്‍എയുടെ നിഷ്‌കളങ്ക ചോദ്യം വന്നു. ഒപ്പം ഒരു വിശദീകരണവും, ”പുത്തന്‍പുരയ്ക്കലച്ചന്റെ ധ്യാനമാണേല്‍ കൊച്ചുകുട്ടികള്‍ വരെ ശ്രദ്ധയോടെ ഇരുന്ന് കേട്ടോളും. എത്ര മണിക്കൂര്‍ വേണമെങ്കിലും. അതിന് ക്രിസ്ത്യാനികള്‍ എന്നൊന്നുമില്ല. മനുഷ്യന്റെ നന്മയാണ് അച്ചന്റെ പ്രസംഗത്തിന്റെ സാരാംശം. അതുകണ്ട് എല്ലാവര്‍ക്കും അത് ഉപകാരപ്പെടും.” ധ്യാനഗുരു എന്ന നിലയില്‍ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒരു വന്‍വിജയമാണെന്ന് കൂടി എംഎല്‍എ കൂട്ടിച്ചേര്‍ക്കുന്നു.
കഥ പറയുന്ന ധ്യാനഗുരു
കഥകളാണ് പുത്തന്‍പുരയ്ക്കലച്ചന്റെ ധ്യാനത്തിന്റെ താക്കോല്‍. കഥകള്‍ക്ക് എത്ര എളുപ്പത്തില്‍ മനുഷ്യന്റെ മനസ്സിനെ കീഴടക്കാന്‍ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ് പുത്തന്‍പുരയ്ക്കലച്ചന്റെ ഓരോ ധ്യാനവും. ഒരു കഥ ഇങ്ങനെ, മദ്യപാനമാണ് കഥയിലെ സബ്ജക്റ്റ്. ”ഒരു സ്ത്രീയുടെ ഭര്‍ത്താവും മകനും വീട്ടില്‍ നിന്ന് പുറത്ത് പോകുകയാണ്. മകന്‍ പരീക്ഷയ്ക്കും ഭര്‍ത്താവ് മറ്റെന്തോ ആവശ്യത്തിനും. രണ്ട് പേരോടുമായി ഭാര്യ ഒരു കാര്യം ആവശ്യപ്പെട്ടു. അത് കേട്ടപ്പോള്‍ രണ്ട് പേര്‍ക്കും ഒരേപോലെ സന്തോഷമായി. ഒരേ കാര്യം തന്നെയാണ് പറഞ്ഞത്. ആ കാര്യം എന്താണെന്ന് പറയാമോ?” ജോസഫച്ചന്‍ ഉത്തരത്തിനായി എംഎല്‍ എ നോക്കി. ”എനിക്കറിയത്തില്ല അച്ചോ,” എംഎല്‍എ മുട്ടുമടക്കി. ഉത്തരം അച്ചന്‍ തന്നെ പറഞ്ഞു, ”ഫുള്ള് മേടിച്ചോണ്ട് വരണം കേട്ടോ! അങ്ങനെ ഭര്‍ത്താവ് കടേന്നൊരു ഫുള്ളും മേടിച്ചു, മകന്‍ പരീക്ഷയ്ക്ക് മാര്‍ക്കും ഫുള്ള് മേടിച്ചു.” മദ്യപാനത്തെക്കുറിച്ചുള്ള അച്ചന്റെ അനേകം രസക്കഥകളില്‍ ഇതൊന്നു മാത്രം.
”ഭര്‍ത്താക്കന്‍മാര്‍ മനപ്രയാസം കൊണ്ടായിരിക്കും വീട്ടില്‍ കയറി വരുന്നത്. അപ്പോള്‍ ഭാര്യ ഒന്നു ചിരിച്ചാല്‍ അവന്റെ പകുതി പ്രയാസം അവിടെ തീരും,” വിവാഹജീവിതം സന്തോഷമുള്ളതാക്കാനുളള എളുപ്പവഴി അച്ചന്‍ പറയുന്നു. ”ഒരുമാതിരി ആക്കിയ ചിരി ആകരുത്, മാന്യമായി ചിരിച്ചാല്‍ ഭര്‍ത്താവിനെ നേടാന്‍ പറ്റും.” എന്ന് കൂടി അച്ചന്‍ കൂട്ടിച്ചേര്‍ക്കും. പിസി ജോര്‍ജ്ജ് എംഎല്‍എ അത് ശരി വയ്ക്കുന്നു, ”ശരിയാ അച്ചോ, നമ്മള്‍ വീട്ടില്‍ വരുമ്പോള്‍ അവരുടെ മുഖത്ത് ഒരു സങ്കടം കണ്ടാല്‍ അത് നമുക്കും വിഷമമാകും, പിന്നെ അതെന്താണെന്ന് കണ്ടുപിടിച്ച് പരിഹരിക്കാനായിരിക്കും ശ്രമം.
”വിവാഹ ജീവിതത്തെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അത് തെറ്റിപ്പോകുമ്പോഴാണ് അവര്‍ മദ്യത്തെ അഭയം പ്രാപിക്കുന്നത്. എല്ലാ യാഥാര്‍ത്ഥ്യങ്ങളും സത്യമാകണമെന്ന് നിര്‍ബന്ധമില്ലല്ലോ?” ആളുകള്‍ മദ്യപാന്‍മാരാകുന്നതിനെക്കുറിച്ച് അച്ചന്‍ പറയുന്നു. ”ഇപ്പോ കെട്ട്യോന്‍ നൂറടിക്കുമ്പോ കെട്ട്യോള് ഇരുനൂറടിക്കുന്ന കുടുംബങ്ങളുമുണ്ടച്ചോ” പിസി ജോര്‍ജ്ജിന്റെ അഭിപ്രായം. ഇണയും തുണയും എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. അച്ചന്റെ പ്രസംഗങ്ങളുടെയും കഥകളുടെയും ഗൗരവമുളള ഹാസ്യസമാഹാരമാണിത്.
വിശ്വാസം അതല്ലേ എല്ലാം
”എല്ലാം വിശ്വാസമല്ലേ? ഭാര്യയ്‌ക്കൊപ്പം പാലത്തിലൂടെ നടന്നു പോകുന്നത് ഒരു വിശ്വാസമല്ലേ? അവള്‍ തള്ളിയിടില്ല എന്നൊരു വിശ്വാസം. അങ്ങനെയുള്ള ധാരാളം വിശ്വാസങ്ങളിലൂടെയാണ് നാം ദിനംപ്രതി കടന്നു പോകുന്നത്. പക്ഷെ ഒരു ജ്വല്ലറിയുടെ പരസ്യം പോലെയാകരുത് വിശ്വാസം. അതായത് ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന് കേട്ടിട്ടില്ലേ?” ജീവിതത്തില്‍ പങ്കാളിയോട് വിശ്വസ്തരായിരിക്കണമെന്ന് ഇത്രയും ലളിതമായി പറയാന്‍ പുത്തന്‍പുരയ്ക്കലച്ചനേ സാധിക്കൂ. പരസ്പര വിശ്വാസമുളള പങ്കാളികളാണ് കുടുംബജീവിതത്തതിന്റ അടിസ്ഥാന ഘടകം.
ഇതേ വിശ്വാസം തന്നെയാണ് പിസി ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണതെന്ന് പിസി തന്റെ സ്വതസിദ്ധമായ ചിരിയോടെ അഭിമാനത്തോടെ പറയുന്നു. ”ആരെന്ത് പറഞ്ഞാലും എന്റെ നാട്ടുകാര്‍ക്ക് എന്നെ വിശ്വാസമാണ്. അതു മതിയെന്നേ, എനിക്കങ്ങനെ സ്ഥാനമാനങ്ങളിലൊന്നും വല്യ വിശ്വാസമില്ല.” ഇത് പിസി ജോര്‍ജ്ജിന് മാത്രം സ്വന്തമായ സ്റ്റൈല്‍.
രണ്ടായിരത്തിന്റെ പുതിയ നോട്ട്
മതം മാറി കല്യാണം കഴിക്കുന്ന ന്യൂജെന്‍ കുട്ടികളെക്കുറിച്ച് പിസി ജോര്‍ജജ് എംഎല്‍ എ ദു:ഖത്തോടെയാണ് പ്രതികരിച്ചത്. ”ചെലതൊക്കെ വിജയിക്കും. ചെലത് നൂറ് ശതമാനവും പരാജയമായിരിക്കും. എനിക്ക് അതിയായ സങ്കടം തോന്നിയിട്ടുണ്ടച്ചോ.” നോട്ട് ക്ഷാമവും പുതിയ നോട്ടുമായി ബന്ധപ്പെടുത്തിയായിരുന്നു അച്ചന്റെ മറുപടി. ”ഇപ്പോഴത്തെ രീതിയില്‍ പറഞ്ഞാല്‍ രണ്ടായിരത്തിന്റെ നോട്ട് കിട്ടുന്ന പോലാ അത്. പൈസയില്ലാത്ത സമയത്ത് രണ്ടായിരത്തിന്റെ ഒരു നോട്ട് കിട്ടാന്‍ കൊതിയാ. പക്ഷേ കിട്ടിക്കഴിഞ്ഞാ ഇതെന്നാ ചെയ്യേണ്ടെന്നറിയത്തില്ല. ഇത് പറഞ്ഞ പോലാ മതംമാറി ക്കല്യാണം.” ഹൃദയം കൊണ്ടല്ല, തലച്ചോറ് കൊണ്ട് സ്‌നേഹിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു തലമുറയാണ് ഇപ്പോഴുള്ളതെന്ന് അച്ചന്‍ വ്യസനത്തോടെ കൂട്ടിച്ചേര്‍ക്കുന്നു.
അഞ്ച് ചോദ്യം അഞ്ചുത്തരം
ആദ്യം ചോദിച്ചത് അച്ചനായിരുന്നു, ”എങ്ങനെയാ ഇങ്ങനെ വളയാതെ പ്രതിസന്ധികളില്‍ തളരാതെ നില്‍ക്കുന്നത്?” ഉടനടി ഉത്തരം വന്നു, ”ദൈവാനുഗ്രഹം, പിന്നെ മനുഷ്യ സ്‌നേഹം. ഇത് രണ്ടുമാണച്ചോ എന്നെ നേരെ നില്‍ക്കാന്‍ സഹായിക്കുന്നത്. ഞാന്‍ രാവിലെ ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥിച്ചിട്ടേ വീട്ടില്‍ നിന്നിറങ്ങൂ. അതൊരു ബലമാണച്ചോ. നമ്മളെ ദൈവം കാത്തോളും.” രണ്ടാമത്തെ ചോദ്യം; ”ഈ തിരക്കുകള്‍ക്കിടയിലും ഉത്തമനായ ഒരു കുടുംബനാഥനാകാന്‍ കഴിയുന്നതെങ്ങനെ? എന്റെ ഭാര്യയാണച്ചോ എന്റെ പിന്തുണ. അവള്‍ എല്ലാക്കാര്യങ്ങളും കൃത്യമായി നോക്കും. ഇന്ന് രാവിലെയാണ് അവര് തേക്കടിക്ക് പോകുന്ന കാര്യം ഞാനറിയുന്നത്. അത് അവരുടെ സന്തോഷമാണ്. അവരുടെ ചെറിയ സന്തോഷങ്ങള്‍ അംഗീകരിച്ചു കൊടുക്കുക. അത്രയേ ഉള്ളൂ.”
മതങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളായിരുന്നു മൂന്നാമത്തെ ചോദ്യം. ”അമ്പലത്തില്‍ നിന്നാലും പള്ളിയില്‍ നിന്നാലും മതം എന്നൊരു തോന്നല്‍ എനിക്കുണ്ടാകാറില്ല എന്നതാണ് സത്യം. എല്ലാ മതത്തില്‍ പെട്ടവരുമായും എനിക്ക് നല്ല ബന്ധവും സൗഹൃദവും ഉണ്ട്.” കേരള രാഷ്ട്രീയത്തിലെ ഒറ്റയാനാണ് പിസി ജോര്‍ജ്ജ് എംഎല്‍എ. പ്രതിയോഗികള്‍ക്ക് അത്രയെളുപ്പത്തിലൊന്നും പിസിയുടെ ചങ്കുറപ്പിനെ മറികടക്കാന്‍ സാധിക്കില്ല. ഈ മനസാന്നിദ്ധ്യത്തെക്കുറിച്ചും ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുമായിരുന്നു അച്ചന്റെ നാലും അഞ്ചും ചോദ്യങ്ങള്‍. ”ഞാന്‍ കേള്‍ക്കെ എന്നെ ആരും കുറ്റം പറഞ്ഞിട്ടില്ല അച്ചോ. പിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതെനിക്ക് ഫീല്‍ ചെയ്യത്തുമില്ല. ഇത് നാലാമത്തെ ചോദ്യത്തിന്റെ ഉത്തരം. എല്ലാ ജനങ്ങളും ഒരേ മുന്നണിയില്‍ വരുന്നൊരു പാര്‍ട്ടി. അതാണെന്റെ ലക്ഷ്യം.” അഞ്ച് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി പിസി ജോര്‍ജ്ജ് എംഎല്‍എ അച്ചനോട് ചോദ്യം ചോദിക്കാന്‍ തയ്യാറായി
അച്ചനോട് ചോദിച്ചത്
‘അച്ചനിനി എങ്ങോട്ടാ പോകുന്നതെന്നാ’യിരുന്നു എംഎല്‍എയുടെ ആദ്യ ചോദ്യം. ‘ബിഷപ്പ്ഹൗസില്‍ നിന്ന് നേരെ പപ്പുവാ ന്യൂഗിനിയ യിലേക്കാണ് പോകുന്നതെന്ന് അച്ചന്റെ മറുപടി. ‘നരഭോജികളുടെ നാടാണിതെന്ന്’ പിസിയുടെ മുന്നറിയിപ്പ്. രണ്ടാമത്തെ ചോദ്യം ഏത് ജീവിതമാണ് ആസ്വദിക്കാന്‍ കഴിയുന്നതെന്നായിരുന്നു, അത് ചെറുപ്പകാലം തന്നെയാണെന്ന് അച്ചന്റെ സാക്ഷ്യം. ”ചെറുപ്പകാലത്തില്‍ നമുക്ക് ഭാരമില്ല. ഇപ്പോ ഒരു സഭയുടെ (കപ്പുച്ചിന്‍ സഭയുടെ കോട്ടയം പ്രോവിന്‍സിന്റെ തലവനാണ് അച്ചന്‍) തലപ്പത്ത് ഇരിക്കുമ്പോള്‍ അതിന്റേതായ ഉത്തരവാദിത്വങ്ങളുണ്ട്.” പൗരോഹിത്യവും വൈവാഹികവും സ്വീകരിക്കുന്നവരെ ക്കുറിച്ചായിരുന്നു മൂന്നാമത്തെ ചോദ്യം. ‘പ്രായവും പക്വതയും ആയി പങ്കാളി മരിച്ച് പോയ ചിലര്‍ അങ്ങനെ പൗരോഹിത്യം സ്വീകരിക്കുന്നവരുണ്ട്.” വൈദികജീവിതത്തില്‍ താന്‍ നൂറ് ശതമാനം സംതൃപ്തനെന്നായിരുന്നു പിസിയുടെ നാലാമത്തെ ചോദ്യത്തിന് അച്ചന്‍ ഉത്തരം നല്‍കിയത്. കപ്പൂച്ചിന്‍ സഭയെ നയിക്കാന്‍ വളരെ എളുപ്പമാണെന്ന് അവസാന ചോദ്യത്തിന് അച്ചന്റെ ഉത്തരം. ”വളരെ കുറച്ച് അംഗങ്ങള്‍ മാത്രമുള്ളത് കൊണ്ട് എനിക്കതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല” അച്ചന്‍ സംതൃപ്തനാണ്.
ന്യൂജെന്‍ പിള്ളേരുടെ മൊബൈല്‍ ഭ്രമത്തെക്കുറിച്ച് അച്ചനും എംഎല്‍എയ്ക്കും ഒരേ അഭിപ്രായമാണ്. ”കുറച്ച് നേരം ഇതില്ലാതെ ഇരുന്നാല്‍ എന്ത് സംഭവിക്കും? ഇതില്ലാത്തെ കാലത്തും ഇവര്‍ ജീവിച്ചില്ലേ?” പിസി ഒരു നിമിഷം ക്ഷുഭിതനായി. ”സീരിയസ്സായി സംസാരിക്കുമ്പോള്‍ മൊബൈലില്‍ തോണ്ടുന്നവരെ എനിക്കും വലിയ മതിപ്പില്ല” ഇക്കാര്യത്തില്‍ രണ്ട് പേര്‍ക്കും ഒരേ സ്വരം, ഒരേ അഭിപ്രായം.
ഒരു ക്രിസ്മസ് കാലത്തെ സൗഹൃദസംഭാഷണമായിരുന്നു ഇവിടെ സംഭവിച്ചത്. പരസ്പരം നന്മകള്‍ ആശംസിച്ച്, സന്മനസ്സുളളവര്‍ക്ക് സമാധാനം എന്ന വാക്കിലായിരുന്നു ഇവരുടെ യാത്രാമൊഴി.
(ഫ്ലവേഴ്സ് ചാനലിലെ പ്രോഗ്രാമിനെ ആസ്പദമാക്കിയാണ് ഈ ഫീച്ചര്‍ തയാറാക്കിയിരിക്കുന്നത്)