പരമകാരുണ്യത്തിന്റെ സ്‌നേഹപ്രവാചകാ- പ്രിയ കുറ്റിക്കലച്ചാ…

പരമകാരുണ്യത്തിന്റെ സ്‌നേഹപ്രവാചകാ-
പ്രിയ കുറ്റിക്കലച്ചാ
പാദാരവിന്ദത്തിലെന്‍ പ്രണാമം!

വിണ്ണേറിയ വിശുദ്ധ ചുംബനമേ
ഇല്ല മരണം നിനക്കും നിന്‍ മഹിതപ്രയാണത്തിനും

ദിവ്യകാരുണ്യപ്രേഷിതസഭതന്‍ നിര്‍വ്വചനമേ
ഭാരത സഭ തന്നഭിമാനമേ
കേരളമണ്ണിന്റെ പൊന്‍ വിളക്കേ
വിണ്ണേറുക, നിത്യവിരാജിത ജയമുടി ചൂടുക!

ആകാശപ്പറവകള്‍ക്കപ്പനായ് അപ്പമായ്
ആരുമില്ലാത്തവര്‍ക്കത്താണിയായ്
കരയുന്ന തെരുവിന്റെ കണ്ണുനീരൊപ്പി നീ
വലയുന്ന മക്കള്‍ക്കു തണലുമായി!
മക്കളെന്നവരെ വിളിച്ചു, മാനിയായവരെക്കരുതി-
ക്കുളിപ്പിച്ചുടുപ്പിച്ചുറങ്ങി നീയവരോടൊപ്പം
കരുണതന്‍ മടിത്തട്ടിലവരെക്കിടത്തി നീ
മാനവസ്‌നേഹത്തിന്‍വാനമ്പാടി!

ജാതി ചോദിച്ചില്ല മതമാരാഞ്ഞില്ല
മനുഷ്യരാണവരെന്നറിഞ്ഞു, മണ്ണോളം താഴ്ന്ന-
വര്‍തന്‍ പാദങ്ങള്‍ ചുംബിച്ചു
വിണ്ണോളമവരെയുയര്‍ത്തി!

ദിവ്യകാരുണ്യത്തിന്‍ താപസാ കുറ്റിക്കലച്ചാ
സ്വയം മറന്ന് സമയം പോവതറിയാതെ
നീ ചെയ്ത വിശുദ്ധ ബലിയര്‍പ്പണങ്ങള്‍!
തീക്ഷ്ണതയാലെരിഞ്ഞ നിന്‍ സുവിശേഷഘോഷണങ്ങള്‍

മലയിലും മഴയിലും വെയിലിലും മുട്ടുകുത്തി
രാപ്പകല്‍ കൈവിരിച്ചര്‍പ്പിച്ച ത്യാഗസൂനങ്ങള്‍!
സഭയാണമ്മയെന്നടിയുറച്ചുദ്‌ഘോഷിച്ചു നീ
സന്ന്യാസബോധ്യങ്ങള്‍!
ദിവ്യകാരുണ്യസവിധേ വ്യയം ചെയ്ത നിന്‍
പ്രാര്‍ത്ഥനാനിഷ്ഠകള്‍!
സര്‍വ്വം ത്യജിച്ച നിന്‍ ജീവിത ലാളിത്യം
ഭയമേശാതെ സത്യം പ്രഘോഷിച്ച പ്രവാചകത്വം
ചിരിച്ചുകൊണ്ടെല്ലാം നേരിട്ട നിന്‍ വിശ്വാസപക്വത
ഏവരെയും ഹൃദയത്തില്‍ ശ്രവിച്ച നിന്‍ സഹിഷ്ണുത!
എല്ലാരെയും ചേര്‍ത്താശ്ലേഷിച്ച നിന്‍ മാനവസ്‌നേഹം
നീതിക്കുവേണ്ടി നിലകൊണ്ട നിന്‍
സാമൂഹ്യ പ്രതിബദ്ധത!

പ്രിയ സോദരാ കുറ്റിക്കലച്ചാ

നിന്നെപ്പോലാരറിഞ്ഞു ക്രിസ്തുവെ?
നിന്നെപ്പോലാരു ജീവിച്ചു സുവിശേഷം?
നിന്നെപ്പോലാരു ധ്യാനിച്ചു സഭാപ്രബോധനങ്ങള്‍?
നിന്നെപ്പോലാരു സ്‌നേഹിച്ചു പാവങ്ങളെ?
നിന്നെപ്പോലാരു ജീവിച്ചു ദിവ്യകാരുണ്യം?
നിന്നെപ്പോലാരറിഞ്ഞു വിശുദ്ധരെ?
നിന്നെപ്പോലാരുജീവിച്ചു വിശുദ്ധമായ്?

നോക്കില്‍ നീയൊരു ക്രിസ്തു!
വാക്കില്‍ നീയൊരേലിയ!
പ്രാര്‍ത്ഥനയില്‍ നീ മോശ!
നടപ്പില്‍ ഫ്രാന്‍സിസ് അസ്സീസി!
ബലിയര്‍പ്പണത്തില്‍ പാദ്രെവിയൊ!
സഹനത്തില്‍ നീ അല്‍ഫോന്‍സാമ്മ!
എളിമയില്‍ നീയൊരു കൊച്ചുത്രേസ്യാ!
കരുണയില്‍ എന്നും മദര്‍തെരേസാ!

ദിവ്യകാരുണ്യപ്രേഷിതത്വത്തില്‍ നീ ആലക്കളത്തിലച്ചന്‍
ദിവ്യകാരുണ്യസാന്നിധ്യലഹരിയില്‍ നീ പറേടത്തിലച്ചന്‍

പാവങ്ങള്‍ക്കൊരമ്മ മദര്‍ തെരേസയെങ്കില്‍
പാവങ്ങള്‍ക്കൊരപ്പന്‍ കുറ്റിക്കലച്ചന്‍!

അള്‍ത്താരകളില്‍ നിന്റെ സ്മരണകളുയരുന്ന
വിശുദ്ധനാളുകള്‍ വിദൂരമല്ലെന്ന പ്രാര്‍ത്ഥനയോടെ
ഞങ്ങളര്‍പ്പിക്കുന്നങ്ങേക്കായ്
ഒരായിരം സ്‌നേഹചുംബനങ്ങള്‍!

ജോയി ചെഞ്ചേരില്‍ എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.