ആകാശപ്പറവകളുടെ കൂട്ടുകാരൻ ദൗത്യം കൈമാറി വിടവാങ്ങി

ഏതാണ്ട് ഇരുപത് വർഷത്തിനപ്പുറത്താണ് തൊടുപുഴയിലുള്ള Drumpants Marhew എന്ന സുഹൃത്ത് ഇദ്ധേഹത്തെ പരിചയപ്പെടുത്തി തരുന്നത് കോളേജ് കാലം കഴിഞ്ഞ് അല്പം കാര്യമായ രാഷ്ട്രീയപ്രവർത്തനവുമായി നടക്കുന്നതിനിടയിൽ മാത്യുചേട്ടന്റെ പഴയകടയിൽ അല്പസമയമൊക്കെ ചിലവഴിക്കുകയും രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളെകുറിച്ചൊക്കെ സംസാരിക്കുകയും പതിവായിരുന്നു.

പലപ്പോഴും രാഷ്ട്രീയത്തിലെ ചില മാനറിസങ്ങളെ കുറിച്ച് അദ്ദേഹം വിമർശിക്കുമായിരുന്നൂ. ഒരു ദിവസം കുറ്റിക്കലച്ചനെ കുറിച്ച് ദീപികയിൽ ആണെന്ന് തോന്നുന്നു വന്ന ഒരാർട്ടിക്കിൾ എടുത്തിട്ട് ഇത് മുഴുവൻ വായിക്കു എന്നിട്ട് നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞിട്ട് അദ്ദേഹം ജോലി ചെയ്തുകൊണ്ടിരുന്നു. ഞാൻ പത്ര വായനയിലും.

അത് വായിച്ചപ്പോ അച്ചനെ കുറിച്ച് ഒരൗട്ട് ലൈൻ കിട്ടി, പക്ഷെ ഉള്ളിൽ കുറെ സംശയങ്ങളും വിമർശനവും. അതദ്ദേഹവുമായി പങ്കുവച്ചു. മറുപടി ഇതായിരുന്നു.  ഈ വരുന്ന ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ആകാശപ്പറവകളുടെ ഒരു ക്യാമ്പ് മുവ്വാറ്റുപുഴയിലുണ്ട്. സർവ്വീസ് അവരെ ശുശ്രൂഷിക്കുക. പുതിയമനുഷ്യനാക്കുക . അതൊക്കേയാണ്. അല്ലാതെ മതത്തിൽ ചേർക്കുക എന്നല്ലായെന്നും പറഞ്ഞു. മുവ്വാറ്റുപുഴയിലും പരിസര പ്രദേശത്തും അലഞ്ഞു തിരിഞ്ഞു നടക്കുന്ന ധാരാളം യാചകരുണ്ടാകൂം അവരെ ശുശ്രൂഷിക്കുക പ്രാഥമികമായി വേണ്ട ചികിത്സ നല്കുക. തലമുടിയും താടിയും വെട്ടി നല്ലവസ്ത്രങ്ങൾ നല്കി നല്ല ഭക്ഷണം നല്കി താത്പര്യമുള്ളവരെ പുനരധിവസിപ്പിക്കുക ഇതൊക്കെയാണ് പരിപാടി. മാനസിക രോഗികൾ കാണും മറ്റുള്ള ബന്ധുക്കൾ ഉപേക്ഷിച്ചവർ കാണും രോഗികൾ കാണും ഇതൊക്കെ ജീവിതത്തിലെ ഒരക്സ്പീരിയൻസ് ആണ് എന്ന് മാത്യു ചേട്ടൻ പറഞ്ഞപ്പോ ഞാൻ റെഡിയെന്ന് പറഞ്ഞു.

ശനിയാഴ്ച രാവിലെ ഏഴുമണിക്ക് മുവ്വാറ്റുപുഴ പുഴയുടെ സമീപത്തുള്ള ആകാശപറവകളുടെ താത്കാലിക ഓഫീസിൽ എത്തിയപ്പോ കണ്ട കാഴ്ച ഇന്നും മറക്കാൻ പറ്റില്ല. നൂറിൽ പ്പരം പുരുഷൻമാരായ യാചകർ തെരുവിൽ അലയുന്ന ഭിക്ഷക്കാർ. അതിൽ രോഗികൾ. പടുവൃദ്ധർ. കാഴ്ചയില്ലാത്തവർ. അംഗവൈകല്യമുള്ളവർ അന്യസംസ്ഥാനക്കാർ എന്നിങ്ങനെ നിരവധിപ്പേർ. എല്ലാവരുടേയും ലുക്ക് ഒന്ന്തന്നെ കീറിപ്പറഞ്ഞു മുഷിഞ്ഞ തെരുവിന്റെ ഗന്ധമുള്ള വേഷങ്ങൾ. താടിയും മുടിയും വർഷങ്ങളായി വെട്ടാത്ത മനുഷ്യക്കോലം പേറുന്നവർ. കാലും കൈയ്യും ഇല്ലാത്തവർ. വ്രണങ്ങൾ ഉള്ളവർ എന്നിങ്ങനെ ഒറ്റനോട്ടത്തിൽ അറപ്പുളവാക്കുന്നവർ.

ക്യാമ്പിന്റെ നേതൃത്വം വഹിക്കുന്ന ഒരു സഹോദരൻ ഞങ്ങളെപ്പോലെ സർവ്വീസിന് വന്നിരിക്കുന്നവരോടായി പറഞ്ഞു നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് ഒരു പുണ്യപ്രവർത്തിക്കാണ്. ഇതിലുള്ള ഒരോ സഹോദരനെയും പുഴയിൽകൊണ്ടു പോയി കുളിക്കാൻ സഹായിച്ച് വൃത്തിയായി തലമുടി വെട്ടി താടിയും വടിച്ച് പുത്തൻ വസ്ത്രങ്ങൾ അണിയിച്ച് മുറിവുകൾ മരുന്ന് വച്ച് കെട്ടി ഇവിടെയെത്തിക്കണം. ആവശ്യമായ സോപ്പ് എണ്ണ കത്രിക ഷേവിംഗിനുള്ള ബ്ളേഡ് പൗഡർ തോർത്ത് പുതിയ ജോഡി വസ്ത്രങ്ങൾ ഇവ അവർ തന്നു വിട്ടു.

ഞാനും മാത്യു ചേട്ടനും ഞങ്ങൾ വന്ന വണ്ടിയിൽ നാലുപെരെ കയറ്റി കഷ്ടി ഒരു കിലോമീറ്റർ ദൂരമുള്ള പുഴയിലേക്ക് പോയി. വണ്ടി പുഴയോരത്ത് ഇട്ടശേഷം അവരെ കൂട്ടി പുഴകടവിലിരുത്തി കുളിപ്പിച്ചു. ഉദ്ധേശം അറുപതിനുമേൽ പ്രായമുള്ളവരായിരുന്നു കൂടെ വന്ന യാചകർ.

ആദ്യം ശരിക്കും എണ്ണതേച്ച് കുളിപ്പിച്ചു. കൈയ്യൽ ഗ്ളൗസൊക്കെ ഇട്ടായിരുന്നു കുളിപ്പിച്ചത്. ഉള്ളത് പറയാലൊ ചാടി പുറപ്പെട്ട് വന്നെങ്കിലും അല്പം അറപ്പും പരിഭ്രമവും വർഷങ്ങളായി കുളിക്കാതെ മൂടിയും താടിയും വെട്ടാത്ത ഇവർ എങ്ങിനെ പ്രതികരിക്കുമോമെന്നോർത്ത് ലേശം ഭയവും പക്ഷെ അത്ഭുതമെന്ന് പറയട്ടെ അവർ നന്നായി സഹകരിച്ചു. മുടി വെട്ടിയപ്പോഴും താടി വടിച്ചപ്പോഴും മേല് തേച്ചു കൊടുത്തപ്പോഴും കുഞ്ഞ് കുട്ടികളെപ്പോലെ അത് ആസ്വദിച്ചു ഇരുന്ന് തന്നു. തലയിൽ പേനും ചിലർക്ക് ത്വക്ക് രോഗങ്ങളും ഉണ്ടായിരുന്നു.

പക്ഷെ ദൗത്യം ആരംഭിച്ചു കഴിഞ്ഞപ്പോ ആ ചിന്തയെല്ലാം മാറി. മാനസിക നില തെറ്റിയാൽ നാളെ നമ്മളും ഇവർക്ക് തുല്യം എന്ന ചിന്തയും ദൈവത്തിന്റെ പ്രതിരൂപമാണല്ലെ ഇവരെന്ന വിചാരവും തുടക്കത്തിലുണ്ടായ ദുഷ്ചിന്തകളെയകറ്റി. ഇതെല്ലാം കഴിഞ്ഞ് ക്യാമ്പ് ഹാളിൽ എത്തിയപ്പോ ഒൻപത് മണി കഴിഞ്ഞു സർവ്വീസിന് പോയ ഞങ്ങൾക്കും ആകാശപ്പറവകളായ ഈ സഹോദരങ്ങളുടെ ഒപ്പം പ്രഭാതഭക്ഷണം. പിന്നീട് അവരോട് ഒപ്പമിരുന്ന് കുശലം പറച്ചിലും അവരിൽ പലരും ഞങ്ങളെ കണ്ടത് അത്ഭുതം കലർന്ന മുഖത്തോടെയായിരുന്നു. ചിലർക്ക് വലിയ ആവേശം. ചിലർക്ക് പൊട്ടിച്ചിരി ചിലർക്ക് ആനന്ദാശ്രൂ. അങ്ങിനെ വ്യത്യസ്തമായ അനുഭവം.

അവിടെ വച്ചാണ് കുറ്റിക്കലച്ചനെ കാണുന്നത്. ഞങ്ങളൊടുള്ള ഒരു മണിക്കൂർ നീണ്ട പ്രഭാഷണം. സൗമ്യവും ദൃഡവുമായ ഭാഷണ ശൈലി നേർത്തചിരി എല്ലായ്പ്പോഴും
അതുകഴിഞ്ഞ് ഞങ്ങളെ എല്ലാവരേയും പരിചയപ്പെട്ടു. ക്രിസ്ത്യാനി അല്ലാതെ സർവ്വീസിനെത്തിയത് ഞാനുൾപ്പെടുന്ന നാലോ അഞ്ചോ പേർ കഷ്ടി. ക്രിസ്തുവിനെ പറ്റി പറഞ്ഞു. ബൈബിൾ സംബന്ധിച്ച ചില പ്രാഭാഷണവും. എനിക്ക് അച്ചനെ കുറിച്ചുള്ള ആർട്ടിക്കിൾ വായിച്ചപ്പോഴുള്ളിൽ തോന്നിയ വിമർശനവും സംശയവും പാടെ നീങ്ങി. മതപരിവർത്തനത്തിനായുള്ള പുകമറയാണിതെല്ലാം എന്ന തോന്നലും പണപ്പിരിവാനുള്ള ഉപാധിയാണ് യാചക സ്നേഹം എന്ന തെറ്റിദ്ധാരണയും പമ്പകടന്നു. അതൊരു പുതിയ അനുഭവമായിരുന്നു. എന്റെ വിശ്വാസത്തിലടിയുറച്ചു നിന്ന് മറ്റുള്ളവരെ സഹായിക്കാനുള്ള ചിന്തയ്ക്ക് ബലമേകിയ അനുഭവം. നമ്മൾ പുറമേ കാണുന്നതോ കേൾക്കുന്നതോ അല്ലാ യതാർത്ഥ സത്യം എന്ന തിരിച്ചറിവ് കിട്ടിയ നിമിഷം. കുറ്റിക്കലച്ചനെപ്പോലെ നിസ്വാർത്ഥമായ സേവനമനസ്ക്തയുള്ളവരെ പുച്ഛിക്കുന്ന സമീപനത്തോട് വെറുപ്പ് തോന്നിയ നിമിഷം. പിന്നീട് പലവട്ടം ഇത്തരം സർവ്വീസിന് പോയിട്ടുണ്ട് അതിൽ നിന്നെല്ലാം ലഭിച്ചത് വല്ലാത്ത മാനസികഘോഷമായിരുന്നു.

പിന്നീട് ജീവിത തിരക്കിനിടയിൽ ഇത്തരം കാര്യങ്ങൾക്ക് അവസരം ലഭിച്ചില്ലാ. പക്ഷെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഓർമ്മകളിൽ തങ്ങി നില്ക്കുന്ന ചുരുക്കം ചിലതിൽ ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ട ആ ദിനങ്ങളുണ്ട്.

കുറ്റിക്കലച്ചൻ യാത്രയായി. വേറിട്ടചര്യയിലുടെ സേവനമുഖത്ത് വ്യത്യസ്തത പുലർത്തി വിമർശനവും സ്നേഹവും ഒരേ പോലെ കണ്ട് ആകാശപ്പറവകളുടെ കൂടെ ക്രിസ്തുവിന്റെ പ്രതിപുരുഷനായി അക്ഷരാർതഥത്തിൽ ജീവിച്ച് ഈശ്വരനിലേക്ക് മടങ്ങിയ പുണ്യപുരുഷന് എന്റെ നമോവാകം.

കടപ്പാട്: ജയകൃഷ്ണൻ പുതിയേടത്ത് (ഫേസ്ബുക്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.