ICU- വില്‍നിന്ന് അള്‍ത്താരയിലേക്ക്

ഫാദര്‍ ഫെസ്ടിന്‍ കുഴിപ്പിള്ളി , ഫാദര്‍ ജോര്‍ജ് കുഴിപ്പിള്ളി

[avatar user=”Sumam” size=”thumbnail” align=”right”]സുമം തോമസ്‌[/avatar]

പൗരോഹിത്യ സ്വീകരണത്തിനു രണ്ടു നാള്‍ മുന്‍പ് അപകടകരമായ സ്‌ട്രോക്ക് വരുകയും എന്നാല്‍, അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ച് വരികയും ചെയ്ത ഫാദര്‍ ഫെസ്റ്റിന്‍ കുഴിപ്പിള്ളിയുടെ വിസ്മയ കഥ.

ക്രിസ്മസ് ദിനത്തില്‍ തിരുപ്പിറവിയെക്കുറിച്ചുള്ള സുന്ദരമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിതമായ ഒരു സന്ദേശം കേട്ടത്. ഇതായിരുന്നു ആ സന്ദേശം.

“ഇടുക്കി രൂപതയ്ക്കുവേണ്ടി പട്ടം മേടിക്കേണ്ട ഡീക്കന്‍ ഫെസ്റ്റിന്‍ കുഴിപ്പള്ളി ഇന്ന് രാവിലെ ഒരു സ്‌ട്രോക്കോടു കൂടി സൈഡ് മുഴുവന്‍ പാരലൈസായി രാജഗിരി ഹോസ്പിറ്റലില്‍ അത്യാസന്ന നിലയില്‍ അഡ്മിറ്റാണ്. ഇദ്ദേഹത്തിന്റെ ജീവനുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക; കാരണം ഡോക്ടര്‍മാര്‍ പറയുന്നത്: ഇനി പ്രാര്‍ത്ഥനയല്ലാതെ വേറെ രക്ഷയില്ല ജീവിതത്തിലേക്കു തിരിച്ചു വരാന്‍ എന്നാണ്. ദൈവം ആഗ്രഹിക്കുന്നതുപോലെ നടക്കട്ടെ. നിങ്ങളുടെ പ്രത്യേക പ്രാര്‍ത്ഥന ഞങ്ങളെല്ലാവരും യാചിക്കുന്നു.”

സന്ദേശം അയച്ചത് ഡീക്കന്‍ ഫെസ്റ്റിന്‍ കുഴിപ്പള്ളിയുടെ കൂടെ പഠിച്ച മറ്റൊരു ഡീക്കന്‍. കേട്ടവരുടെയെല്ലാം മനസ്സു തകര്‍ന്നു, കണ്ണുകള്‍ നിറഞ്ഞു. സന്ദേശം വൈറലായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ലോകത്തിലുള്ള എല്ലാ മലയാളികളുടെയും പക്കലെത്തി. എല്ലാവരും ആത്മാര്‍ത്ഥമായി ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിച്ചു. ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു. അദ്ദേഹം സുഖപ്പെട്ടു. അനേകായിരം വ്യക്തികളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയുടെ ഫലമായി സുഖം പ്രാപിച്ച ഡീക്കന്‍ ഫെസ്റ്റിന്‍ കുഴിപ്പിള്ളി പിന്നീട് ജനുവരി മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. അത്ഭുതകരമയ ആ അത്ഭുതത്തെക്കുറിച്ച് ഫാ. ഫെസ്റ്റിനും സഹോദരന്‍ ഫാ. ജോര്‍ജ് കുഴിപ്പിള്ളിയും ‘ലൈഫ്‌ഡേ’യോട് സംസാരിക്കുന്നു.

തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടിട്ടും ദൈവത്തിന്റെ തിരുനാമം വാഴ്ത്തപ്പെടട്ടെ എന്നാണ് ജോബ് ദൈവത്തെ സ്തുതിച്ചത്. ദൈവം നല്‍കാനിരുന്ന വലിയ സന്തോഷങ്ങളുടെ മുന്നോടിയായിരുന്നു ജോബിന്റെ സങ്കടകാലം. പിന്നിട് അതിനെയെല്ലാം മറികടന്ന് ദൈവം ജോബിന് നിത്യസൗഭാഗ്യം നല്‍കി. അത്രയുമല്ലെങ്കിലും ഒരു ചെറിയ സങ്കടത്തിലൂടെയാണ് ഫാദര്‍ ഫെസ്റ്റിന്‍ കുഴിപ്പിള്ളില്‍ എന്ന വൈദികനും തന്റെ വൈദിക ജീവിതത്തിലേക്ക് കടന്നത്. ഇക്കഴിഞ്ഞ് ഡിസംബര്‍ 26 ന് പുരോഹിതനായി അഭിഷിക്തനാകാനിരിക്കെ സ്‌ട്രോക്കിന്റെ രൂപത്തിലാണ് പരീക്ഷണം ഡീക്കന്‍ ഫെസ്റ്റിനെ തേടി വന്നത്.

മംഗലപ്പുഴ സെമിനാരിയിലും വടവാതൂര്‍ സെമിനാരിയിലുമാണ് ഡീക്കന്‍ ഫെസ്റ്റിന്‍ തന്റെ വൈദികപഠനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഡിസംബര്‍ 26 ന് മറ്റ് പതിനാല് പേര്‍ക്കൊപ്പം അഭിഷിക്തനാകാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു ഡീക്കന്‍ ഫെസ്റ്റിനും. എന്നാല്‍ പുരോഹിതനായി അഭിഷിക്തനാകുന്നതിന്റെ രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ചെറിയൊരു ക്ഷീണവും തലവേദനയും ഡീക്കന്‍ ഫെസ്റ്റിന് അനുഭവപ്പെട്ടത്. അപ്പോള്‍ത്തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയേണ്ടു, ഹോസ്പിറ്റലില്‍ എത്തിയതിന് ശേഷം രോഗം വര്‍ദ്ധിച്ചു. അപ്പോള്‍ത്തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിരസ്സിലെ ഞരമ്പുകളിലൊന്നില്‍ സംഭവിച്ച, ഗുരുതരമല്ലാത്ത ഒരു ബ്ലോക്ക്. അതിനെത്തുടര്‍ന്നുണ്ടായ സ്‌ട്രോക്കില്‍ ബോധക്ഷയം സംഭവിക്കുകയും ചെയ്തു.

മൂന്ന് ദിവസം ഐസിയുവില്‍ കിടന്നു.  അദ്ദഹമൊഴിക മറ്റ് പതിനാല് പേരും മാര്‍ ആലഞ്ചേരി പിതാവിന്റെ കാര്‍മ്മികത്വത്തില്‍ പുരോഹിതരായി അഭിഷിക്തരായി. എല്ലാവരും പ്രഥമ ദിവ്യബലി അര്‍പ്പിച്ച സമയത്ത് ഡിക്കന്‍ ഫെസ്റ്റിന്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. എന്നാല്‍ തന്റെ വൈദികാഭിഷേകം അന്ന് നടക്കാതിരുന്നത് ദൈവത്തിന്റെ തീരുമാനം ആയിരിക്കാം എന്നാണ് ഫാദര്‍ ഫെസ്റ്റിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടേയും വിശ്വാസം. 

”തമ്പുരാന്റെ തീരുമാനം അങ്ങനെ ആയിരുന്നിരിക്കാം. പിന്നീട് ജനുവരി മൂന്നിനാണ് അദ്ദേഹത്തിന്റെ ഓര്‍ഡിനേഷന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. അതേ ദിവസം തന്നെ ഓര്‍ഡിനേഷന്‍ നടത്താന്‍ സാധിച്ചു. ആനിക്കുഴിക്കാഴിക്കാട്ടില്‍ പിതാവില്‍ നിന്നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്.” ഫാദര്‍ ഫെസ്റ്റിന്റെ സഹോദരനായ ഫാദര്‍ ജോര്‍ജ്ജ് കുഴിപ്പിള്ളില്‍ പറയുന്നു.

”സ്‌ട്രോക്ക് വന്ന കാര്യം ആദ്യം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. ചെറിയൊരു ക്ഷീണം എന്നേ ഞങ്ങള്‍ പറഞ്ഞുള്ളൂ. എന്തായിരുന്നാലും കര്‍ത്താവിന്റെ ചെറിയൊരു പരീക്ഷണം. അത്രയേ ഉണ്ടായിരുന്നുള്ളൂ അത്” ജോര്‍ജ്ജച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഫാദര്‍ ഫെസ്റ്റിന്‍ എന്ന വൈദികനും തന്റെ വീഴ്ചയെ ദൈവേഷ്ടം എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. അച്ചന് ഹോസ്പിറ്റലില്‍ അഡ്മിറ്റായ ആ നിമിഷം മുതല്‍ സഭാ സമൂഹവും സഹവൈദികരും ദിവ്യകാരുണ്യ ആരാധനയിലായിരുന്നു. അദ്ദേഹത്തിന് വേണ്ടി എല്ലാവരും മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

യുവ വൈദികരുടെ എണ്ണത്തിലും ദൈവവിളികളുടെ എണ്ണത്തിലും മുമ്പില്‍ നില്‍ക്കുന്ന രൂപതയാണ് ഇടുക്കി രൂപത. കഴിഞ്ഞ വര്‍ഷം ഈ രൂപതയില്‍ നിന്നും പത്ത് വൈദികരാണ് അഭിഷിക്തരായത്. ഇടുക്കി രൂപതയില്‍ നെടുങ്കണ്ടം ഇടവകയില്‍ കുഴിപ്പിള്ളില്‍ തോമസ്-ജെയ്‌സമ്മ ദമ്പതികളുടെ മകനാണ് ഫെസ്റ്റിന്‍ എന്ന ഫാദര്‍ ഫ്രാന്‍സിസ് കുഴിപ്പിള്ളില്‍. തങ്ങളുടെ രണ്ട് മക്കളെയും ദൈവത്തിന്റെ ശുശ്രൂഷകരാകാന്‍ നല്‍കിയ ഭാഗ്യം ചെയ്ത മാതാപിതാക്കളാണ് തോമസ്-ജെയ്‌സമ്മ ദമ്പതികള്‍. ഫാദര്‍ ഫ്രാന്‍സിസിന്റെ ഏക സഹോദരനായ ഫാദര്‍ ജോര്‍ജ്ജ്കുഴിപ്പിള്ളി ഇടുക്കി രൂപതയിലെ തന്നെ വൈദികനാണ്.

ദൈവസ്‌നേഹത്തിന്റെ ഉറവയാണ് പൗരോഹിത്യത്തിലൂടെ തന്നിലെത്തിയിരിക്കുന്നതെന്ന് ഫാദര്‍ ഫെസ്റ്റിന്‍ ഉറച്ച് വിശ്വസിക്കുന്നു. അതിനാല്‍ തന്നെ സംഭവിച്ച പ്രതിസന്ധിയില്‍ ഒട്ടു നിരാശ തോന്നിയില്ല. ദൈവകരങ്ങളില്‍ ഒന്നുകൂടി ഈ കുടുംബം മുറുകെ പിടിച്ച് പ്രാര്‍ത്ഥിച്ചു. ദൈവം കൂടെയുണ്ടെന്ന പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് തങ്ങളെ കൈപിടിച്ച് നടത്തിയതെന്ന് ഈ കുടുംബം ഒന്നടങ്കം പറയുന്നു.

സുമം തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.