“33 പേര്‍ നഷ്ട്ടപ്പെട്ട പൂന്തുറ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ ചെറിയ വൈദികനാണ് ഞാന്‍”

പോസ്റ്റുകളും പോസ്റ്ററുകളും തയ്യാറാക്കുന്നവര്‍ക്കു മറുപടിയുമായി പൂന്തുറ പള്ളി സഹവികാരി ഫാ ദീപക് അന്റോയുടെ തുറന്ന കത്ത്

33 പേര്‍ നഷ്ട്ടപ്പെട്ട പൂന്തുറ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ ചെറിയ വൈദികനാണ് ഞാന്‍. വേദനയോടെയാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. കാരണം ഈ വലിയ ദുരന്തത്തില്‍ വാവിട്ടു നിലവിളിക്കുന്ന മനുഷ്യരെ സഹായിക്കാനോ കാണാനോ പോലും മുന്‍പോട്ടു വരാത്തവര്‍ ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ കയറിയിരുന്ന് ചെളി വാരി എറിയുന്നു. ഒരു മറുപടി എഴുതാന്‍ എനിയ്ക്കു സമയവും താല്‍പര്യവും ഇല്ലായിരുന്നു സത്യത്തില്‍. പക്ഷെ പൂന്തുറയില്‍ നിന്നും ഞാന്‍ ഇതു പറയുമ്പോള്‍ അല്പം വിശ്വാസ്യത ഇതിനു നിങ്ങള്‍ തരുമായിരിക്കും…. അല്ലേ? നിങ്ങളോടെനിക്കു പറയാനുള്ളത് ഒന്നു മാത്രം. നിങ്ങള്‍ ഇവിടേക്ക് വരിക. പൂന്തുറയിലേക്കു, മാത്രമല്ല ഈ മല്‍സ്യ ഗ്രാമങ്ങളിലേക്ക് വരിക, മനസു തുറന്നു കാണുക. ഹൃദയം തുറന്നു സഹായിക്കുക. വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതു വായിക്കുക.

ആരോപണങ്ങള്‍
1) ജനങ്ങള്‍ക്ക് വേണ്ടി സഭ എന്തു ചെയ്തു? ചെയ്യും?
2) സഭയാണ് ദാരിദ്ര്യത്തിന്റെ കാരണം
3) നികുതി പിരിച്ചു തിരുനാളുകളും ആര്‍ഭാടങ്ങളും നടത്തി സുഖലോലുപതായില്‍ ജീവിക്കുന്ന അച്ചന്മാര്‍.
4) സഭ രാഷ്ട്രീയ മുതലെടുപ്പും വിലപേശലും നടത്തുന്നു.

മറുപടി
1) 30 ആം തിയതി മുതല്‍ ഞാന്‍ ഇവിടേതന്നെയുണ്ട്. ഈ കടല്‍ത്തീരത്തു. ഈ ഗ്രാമത്തില്‍. പത്ര റിപ്പോര്‍ട്ടറുടെ അകമ്പടിയോടെ, സോഷ്യല്‍ മീഡിയയുടെ ആവശ്യങ്ങള്‍ക്കാനുസരിച്ചു അനുചര വൃന്ദവുമായി ഇടക്കിടെ വന്നു പോകുന്ന നേതാക്കന്മാരും, പ്രവര്‍ത്തകരും, ഒരു കാര്യം മറക്കാതിരിക്കുക ഈ തീരങ്ങളില്‍ ഞങ്ങള്‍ വന്നു പോവുകയല്ല ഇവരോടൊപ്പം ജീവിക്കുകയാണ് ചെയ്യുന്നത്.
ദുരന്തസ്ഥലത്തു ആദ്യം എത്തിയത്, ആദ്യം മാധ്യമങ്ങളെ അറിയിച്ചത്, നേതൃത്വം നല്‍കിയത്, ജനങ്ങളെ ആശ്വസിപ്പിച്ചത്, ഭരനാധികാരികളോട് രക്ഷാപ്രവര്‍ത്തനം ഉയര്‍ജിതമാകാണമെന്നു കരഞ്ഞു പറഞ്ഞതു, സ്വന്തം നിലക്ക് റിസ്‌കെടുത്തു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്, നഷ്ടപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി റെവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്, പള്ളികളും സ്‌കൂളുകളും തുറന്നു കൊടുത്ത്, ഭക്ഷണവും വെള്ളവും നല്‍കിയത്, ആശുപത്രികള്‍ സന്ദര്‍ശിച്ചത്. പട്ടിക ഇനിയും നീണ്ടു പോകും. ഇതെല്ലാം ചെയ്തതാകട്ടെ ഞങ്ങളായിരുന്നു. കാണിക്കാന്‍ വേണ്ടിയല്ല.. കാരണം ഈ ദുരന്തം സംഭവിച്ചത് ഞങ്ങള്‍ക്ക് തന്നെയായൊരുന്നു.. സഹോദരനെയും, പൗത്രനെയും, അളിയനേയുമൊക്കെ നഷ്ട്ടപ്പെട്ട ആന്ഡറുസച്ചനും, ശാന്തപ്പനച്ഛനും, സ്റ്റാലിനച്ഛനുമൊക്കെയായിരുന്നു കരഞ്ഞ കണ്ണുകളുമായി മറ്റുള്ളവരെ ആശ്വസിപ്പിക്കാനിറങ്ങിയത്. അതുകൊണ്ടാണ് ഏതു പാതിരാത്രിയിലും, മരണ വീട്ടില്‍ നിന്ന് പോലും രാഷ്ട്രീയ തിട്ടൂരങ്ങളെ കവച്ചുവച്ചും ജനങ്ങള്‍ ഞങ്ങള്‍ വിളിച്ചാല്‍ വരുന്നത്. വിശ്വാസത്തോടെ കൂടെ നില്‍ക്കുന്നത്. അതില്‍ വിറളി പൂണ്ടിട്ടു കാര്യമില്ല സാറന്മാരേ. ഞാന്‍ നല്ല ഇടയാണെന്നു പ്രസംഗിച്ചാല്‍ മാത്രം പോരാ, കൂടെ നിന്നു കാട്ടി കൊടുക്കണം …

2) ഇനി രാജ്യത്തിന്റെ മറ്റെല്ലാ ജന വിഭാഗങ്ങളും വികസിക്കുന്നകുതിനു കാരണം അതത് ഗവണ്മെന്റുകളും അവരുടെ നയങ്ങളുമാണ്, പക്ഷെ ഇവിടെ ഇവരുടെ ദുരവസ്ഥക്ക് മാത്രം കാരണം പള്ളിയാണ്.. സത്യം! ഇന്ന് വരെ കടലിലെ ദുരന്തങ്ങളെ പ്രകൃതി ദുരന്തങ്ങളായി പ്രഖ്യാപിക്കാത്ത, കരയിലെ വിലയിടിവിനും, വിളനാശത്തിനും കോടികള്‍ പ്രഖ്യാപിക്കുന്ന, സുനാമി ഫണ്ട് വകമാറ്റി ചിലവഴിക്കുന്ന, ഇടതു വലതു നേതൃത്ങ്ങള്‍ക്കൊന്നും ഉത്തരവാദിത്വം ഇല്ല. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച, ഒരു മന്ത്രാലയം പോലും നല്‍കാത്ത കേന്ദ്രത്തിനും, ആര്‍ക്കും ഇതില്‍ ഉത്തരവാദിത്വം ഇല്ല. സത്യം…ഇവര്‍ക്കായി വാദിക്കുന്ന (വിലപേശല്‍) സ്‌കൂളുകളും കൊളേജും നടത്തുന്ന (ഇവിടെ ജോലി ചെയ്യുന്നവരും മത്സ്യത്തൊഴിലാളി കുടുമ്പങ്ങളില്‍ പെട്ടവര്‍ തന്നെയാണ്) സഭയാണ് ദാരിദ്ര്യത്തിന്റെ കാരണക്കാര്‍…. അമ്മച്ചിയാണെ സത്യം! നാണമില്ലേ സാറന്മാരേ….

3) ജനങ്ങള്‍ നല്‍കുന്ന പണം കൊണ്ട് ആഡംബരവും ആഘോഷകളും നടത്തുന്ന വൈദികര്‍ ഇതിനൊരു മറുപടിയേയുള്ളൂ. വരിക. എന്നെ സന്ദര്‍ശിക്കുക. എന്റെ മുറിയും ഞാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും വാഹനവും വസ്ത്രങ്ങളും കാണുക. ഇനി ഇതും കണ്ടിട്ട് വിമര്‍ശിക്കാന്‍ തോന്നിയാല്‍ സത്യമായും, ഈ വിമര്‍ശനങ്ങളെ സ്വീകരിക്കാനും സ്വയം തിരുത്താനും തയ്യാറാണ്.

മാസാമാസം കിട്ടുന്ന 5000 രുപ കൂടി ദുരിതാഷ്വാസ ഫണ്ടിലേക്ക് തരാന്‍ തയ്യാറാണ് ഈ പാതിരിമാര്‍. പക്ഷെ അതു ഫേസ്ബുക്കിലും, വാട്‌സപ്പിലും പോസ്റ്റ് ചെയ്തു വലുതാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
ഇനി നികുതി പണം (കുത്തക), അതു ഇടവകയുടെ സ്വന്തം ആണ്, വൈദികന്റെ അല്ലല്ലോ. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആര്‍ക്കും അതില്‍ തീരുമാനമെടുക്കാം നടപ്പില്‍ വരുത്താമല്ലോ.

4) രാഷ്ട്രീയ മുതലെടുപ്പും വിലപേശലും നടത്തുന്ന സഭ.
നിങ്ങള്‍ കല്ലെറിഞ്ഞോളു, ഞങ്ങളെ വിലപേശല് കാരയും, വര്‍ഗ്ഗീയ വാദികളായും, അരാഷ്ട്രീയ വാദികളായും ചിത്രീകരിച്ചോളൂ. പക്ഷേ ഒരു കാര്യം ഓര്‍ക്കുക. ഈ പാവപ്പെട്ടവര്‍ക്ക് വേണ്ടി ആരാണ് സംസാരിച്ചിട്ടുള്ളത്? മാറി മാറി വരുന്ന സര്‍ക്കാറുകളോ? രാഷ്ട്രഇയ പാര്‍ട്ടികളോ? തൊഴില്‍ യൂണിയനുകളോ? മാറ്റി നിര്‍ത്തുന്ന ഉദ്യോഗസ്ഥരോ? ഞങ്ങള്‍ വിലപേശുമ്പോഴും, സമ്മര്‍ദം പ്രയോഗിക്കുമ്പോഴും, കൂടുതല്‍ ചോദിക്കുമ്പോഴും ഒന്നു മനസ്സിലാക്കുക, ഇവര്‍ക്ക് വേണ്ടി ആത്മാര്ഥമായി വേറെ ആരാണ് ചോദിച്ചിട്ടുള്ളത്? ഇവര്‍ക്ക് വേണ്ടി നീതിപൂര്‍വ്വം എന്നു പാര്‍ട്ടികളോ, സംഘടനകളോ മുതലക്കണ്ണീര്‍ മാറ്റി നിലകൊള്ളുമോ അന്ന് നിര്‍ത്താം ഈ വിലപേശാലും സമ്മര്‍ദ്ദതന്ത്രവുമോക്കെ.

അതുവരെ ഞങ്ങളെ ക്രുശിച്ചോളൂ… കല്ലെറിഞ്ഞോളൂ… ഞങ്ങള്‍ ഇവിടേതന്നെയുണ്ട്. ജനങ്ങളുടെ ഇടയില്‍.. ഒരു വിളിപ്പുറത്തു… പള്ളി മേടയില്‍… S.P.G. യുടെയും പ്രോട്ടോകോളിന്റെയും, P.A. മാരുടേയും അകമ്പടിയില്ലാതെ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.