അനശ്വരനായ ആബേലച്ചന്‍

1968-ല്‍ തിരക്കേറിയ കൊച്ചി നഗരത്തിലെ ബ്രോഡ് വേയില്‍ ഒരു ചെറിയ മുറിയില്‍ ഒരു ഹാര്‍മോണിയവും രണ്ട് ഫിഡിലും മൂന്ന് വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഒരു ചെറിയ സ്ഥാപനം; ക്രിസ്ത്യന്‍ ആര്‍ട്‌സ് ക്ലബ്. കേരളത്തിന്റെ കലാഭൂപടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഭകളെ സമ്മാനിച്ച കലാഭവന്‍ എന്ന കലാസ്ഥാപനത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു – ഈ പേരിലായിരുന്നു. ഫാദര്‍ ആബേല്‍ എന്ന ക്രൈസ്തവ പുരോഹിതന്റെ കലയോടുള്ള ഇഷ്ടത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ഇത്. ക്രിസ്ത്യന്‍ ആര്‍ട്‌സ് ക്ലബ്ബ് എന്നായിരുന്നു കലാഭവന്റെ ആദ്യപേര്. പിന്നീട് 1969-ല്‍ കലാഭവന്‍ എന്ന പേര് സ്വീകരിച്ചു.

കലാഭവന്‍ എന്ന പേര് പറയുമ്പോള്‍, കേള്‍ക്കുമ്പോള്‍ ആബേലച്ചന്‍ എന്ന് കൂടി ചേര്‍ക്കാതെ പൂര്‍ണ്ണതയുണ്ടാകില്ല. കാരണം ആബേലച്ചന്റെ പ്രയത്‌നവും പ്രചോദനവും ആത്മീയ വ്യക്തിത്വവുമാണ് കലാഭവന്‍. എറണാകുളം ജില്ലയിലെ മുളക്കുളം എന്ന ഗ്രാമത്തില്‍ ജനിച്ച ഫാദര്‍ ആബേല്‍ വൈദികനും അധ്യാപകനും പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്നു. ചങ്ങമ്പുഴയുടെയും കുമാരനാശാന്റെയും കവിതകളായിരുന്നു കുട്ടിയായിരുന്ന ആബേലിനെ സാഹിത്യത്തിലേക്ക് ആകര്‍ഷിച്ച ഘടകങ്ങള്‍.

വൈദികവൃത്തിയായിരുന്നു ആബേലിന്റെ ഇഷ്ടം. അങ്ങനെ ഇരുപതാമത്തെ വയസ്സില്‍ സിഎംഐ സെമിനാരിയില്‍ ചേര്‍ന്നു. തേവര, കൂനമ്മാവ്, മാന്നാനം എന്നിവിടങ്ങളില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കി. ദീപികയില്‍ പത്രപ്രവര്‍ത്തകനായെങ്കിലും പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി റോമില്‍ പോകുകയും അവിടെ നിന്ന് ജേര്‍ണലിസത്തിലും പൊളിറ്റിക്‌സിലും ഉന്നതബിരുദം നേടി തിരിച്ചെത്തുകയും ചെയ്തു. ദീപിക പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. ആബേലച്ചനാണ് ദീപികയിലെ ആദ്യ കൊച്ചേട്ടന്‍ എന്ന് എത്ര പേര്‍ക്കറിയാം? കുട്ടികള്‍ക്ക് വേണ്ടി ദീപിക ചില്‍ഡ്രന്‍സ് ലീഗ് എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് അച്ചനായിരുന്നു.

കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലാണ് ആബേലച്ചന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവിനു കാരണമായ വ്യക്തിത്വം. സീറോ മലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന ആരാധനാ ക്രമഗാനങ്ങള്‍ ഭംഗിയുള്ള മലയാളത്തിലേക്ക് മൊഴിമാറ്റാനുള്ള ഉത്തരവാദിത്വം കര്‍ദ്ദിനാള്‍ ആബേലച്ചനെ ഏല്‍പിച്ചു. അങ്ങനെ കഠിനമായ സുറിയാനി പദങ്ങള്‍ ആബേലച്ചന്റെ തൂലികയിലൂടെ ഭക്തിയും മലയാളിത്തവും നിറയുന്ന ഗാനങ്ങളായി. കത്തോലിക്കാ സഭയുടെ ഗാനശാഖയില്‍ തന്നെ മാറ്റത്തിന് വഴിതെളിച്ച സംഭവമായിരുന്നു ഇത്. ഇന്ന് നാം ദേവാലയങ്ങളില്‍ പാടിക്കേള്‍ക്കുന്ന അനവധി മനോഹരഗാനങ്ങള്‍ ആബേലച്ചന്റെ സംഭാവനയാണ്. പരിശുദ്ധാത്മാവിന്റെ അനുഗ്രഹം യാചിക്കുന്ന ഗാനവും വിശുദ്ധ കുര്‍ബാനയിലെ ഓശാന ഗീതവും വിവാഹസമയത്ത് താലി ചാര്‍ത്തുമ്പോള്‍ പാടുന്ന പാട്ടും സ്ലീവാപ്പാതയുടെ സങ്കടഗീതങ്ങളും കര്‍ത്താവിന്റെയും പരിശുദ്ധ അമ്മയുടെയും ലുത്തിനിയയും ആബേലച്ചന്റെ സുന്ദരരചനകളില്‍ ചിലത് മാത്രം.

ക്രിസ്ത്യന്‍ ആര്‍ട്‌സ് ക്ലബ് എന്ന സ്ഥാപനം അച്ചന്‍ ആരംഭിച്ചത് ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഏകദേശം 250 ഓളം ഗാനങ്ങള്‍ ആബേലച്ചന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഒപ്പം മുപ്പത് കാസറ്റുകളും ആബേലച്ചന്റേതായുണ്ട്. സഭയില്‍ നിന്നും സമൂഹത്തിലേക്ക് തന്റെ കലാസ്‌നേഹത്തെ ആബേലച്ചന്‍ വ്യാപിപ്പിച്ചത് ഈ സ്ഥാപനത്തിന്റെ തുടക്കത്തോടെയായിരുന്നു. 1969-ല്‍ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് ക്ലബ് പേര് മാറ്റി ‘കലാഭവന്‍’ ആയി മാറി. ഗായകന്‍ യേശുദാസിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു ഈ പേര് മാറ്റത്തിന് പിന്നില്‍.

അങ്ങനെ 1974-ല്‍ എറണാകുളം നോര്‍ത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ കലാഭവന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ക്രിസ്ത്യന്‍ ഗാനമേളകള്‍ക്കായിരുന്നു ആബേലച്ചന്‍ പ്രാധാന്യം കൊടുത്തിരുന്നത്. മിമിക്രി എന്ന കലാരൂപം അന്ന് പ്രചാരത്തില്‍ വരുന്നതേയുണ്ടായിരുന്നുള്ളൂ. ഗാനമേളകളുടെ ഇടവേളകളില്‍ മിമിക്രി പരീക്ഷിക്കാനുളള അവസരം അന്നുണ്ടായിരുന്ന കലാകാരന്‍മാര്‍ക്ക് ലഭിച്ചു. മിമിക്രി കലാകാരന്‍മാരെ ഒന്നിച്ച് ചേര്‍ത്ത് മിമിക്‌സ് പരേഡ് ആദ്യമായി നടത്തിയത് ആബേലച്ചനാണ്. പിന്നീട് ഉത്സവപ്പറമ്പുകളും പെരുന്നാള്‍ സ്ഥലങ്ങളും ചിരിയുടെ പൂരപ്പറമ്പുകളാക്കി മാറ്റിയത് ഈ മിമിക്‌സ് കലാകാരന്‍മാരായിരുന്നു.

സംവിധായകന്‍ സിദ്ദിഖ്, നടനും നിര്‍മ്മാതാവുമായ ലാല്‍, ജയറാം, ദിലീപ്, സലിംകുമാര്‍, സൈനുദ്ദീന്‍ തുടങ്ങി അനേകം പ്രതിഭകള്‍ മിമിക്രിയിലും പിന്നീട് സിനിമയിലും കഴിവ് തെളിയിച്ചതിന് പുറകില്‍ ആബേലച്ചന്റെ ശിക്ഷണമുണ്ടായിരുന്നു. കലാഭവനെ പേരിനൊപ്പം ചേര്‍ത്തവരാണ് കലാഭവന്‍ മണിയും കലാഭവന്‍ ഷാജോണും കലാഭവന്‍ നവാസും കലാഭവന്‍ പ്രജോദുമൊക്കെ.

കലാരംഗത്തെ എല്ലാ മേഖലകളിലുമുള്ള പരിശീലനം ആരംഭിക്കാനുള്ള ആശയവും ആബേലച്ചന്റെയായിരുന്നു. കലാഭവനില്‍ നൃത്തത്തിലും സംഗീതത്തിലും വാദ്യോപകരണങ്ങളിലും പരിശീലനം നല്‍കാന്‍ തുടങ്ങിയത് അങ്ങനെയാണ്. അതോട് കൂടി കേരളത്തിന് പുറത്തും കലാഭവന്‍ എന്ന പേര് സജീവമായി. ഇന്ന് വര്‍ഷം തോറും ആയിരക്കണക്കിന് കലാകാരന്‍മാരാണ് കലാഭവന്‍ ടാലന്റ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങുന്നത്. കലാഭവന്‍ സ്റ്റുഡിയോ എന്നതായിരുന്നു ആബേലച്ചന്റെ അടുത്ത സ്വപ്നം. എന്നാല്‍ അത് പൂര്‍ത്തിയാകുന്നതിന് മുമ്പ് അദ്ദേഹം ഈ ലോകം വിട്ട് പോയി. 2001 ഒക്‌ടോബര്‍ 27-നാണ് ആബേലച്ചന്‍ ഈ ലോകത്തോട് വിട പറഞ്ഞത്.

കലയെയും കലാകാരന്‍മാരെയും സ്‌നേഹിച്ച ഫാദര്‍ ആബേല്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് കാര്യങ്ങളാണ് പകര്‍ന്ന് നല്‍കിയത്. ഒന്ന്, കലയെ സ്‌നേഹിക്കുക. രണ്ട്, ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനം നോക്കാതെ കലയെ സ്‌നേഹിക്കുന്നവര്‍ക്ക് സേവനം ചെയ്യുക.

സുമം തോമസ്‌

(കടപ്പാട്:wikipedia, http://malayalasangeetham.info/index.php)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.