ആറാം ക്ലാസില്‍ എഴുതിയ കവിത ഇന്ന് നിന്നു പെയ്യുകയാണ്

അന്ന് ഒരു ആറാം ക്ലാസുകാരൻ  ആദ്യമായി എഴുതിയ ഒരു കവിതയെന്ന ഒറ്റ കാരണത്താൽ സൂക്ഷിച്ചു വച്ചതാണ്. ഒരു കുട്ടനാട്ടുകാരനെന്ന നിലയിൽ മുട്ടാറിൽ അന്നുവരെ ഞാൻ കണ്ട വെള്ളപ്പൊക്കങ്ങളുടെ അനുഭവങ്ങൾക്കൊപ്പം കുറെ ഭാവനയും കൂട്ടി കലർത്തിയ ഒരു കവിത; “വെള്ളത്തിന്റെ ദുരിതം.”

ഇന്ന് ഈ മുപ്പതാം വയസിൽ ഇതിൽ ഭാവനകളില്ല. തുരുത്തി ഫൊറോനയിലെ യുവദീപ്തി ഡയറക്ടറെന്ന നിലയിൽ കുറെയേറെ അരിയും പയറുമായി ചെന്നപ്പോൾ കണ്ടതൊക്കെയും യഥാർത്ഥത്യം മാത്രം.

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വെള്ളപ്പൊക്കമായിരിക്കും ഇത്. അടുപ്പിലും കിടക്കയിലും എല്ലാം വെള്ളം. കരുതിവച്ചതൊക്കെയും തീർന്നു. പട്ടിണിയാണ് മിക്കിടത്തും. പശുവും പട്ടിയും കോഴിയുമൊക്കെ എന്നേ ‘നിരാഹാരം’ പ്രഖ്യാപിച്ചു!!

യുവജനങ്ങൾക്കൊപ്പം തുരുത്തി ഫൊറോനയിലെ  കാവാലം, കൈനടി, പയറ്റുപാക്ക, ഈര പള്ളികളിലാണ് ഞങ്ങൾക്ക് സഹായമെത്തിക്കാൻ കഴിഞ്ഞത്. ചെറുതെങ്കിലും ചെയ്തത് ജാതിമത വ്യത്യാസമില്ലാതെ വിശക്കുന്നവർക്ക് ലഭ്യമാകണം എന്നായിരുന്നു ആഗ്രഹം. യുവജനങ്ങളുടെ സഹകരണത്തോടെ തുരുത്തിയിലെ മറ്റ് പള്ളികളിൽ നിന്നും സുമനസുകളിൽ നിന്നും സമാഹരിച്ച ഈ സഹായം അധികമൊന്നുമാവില്ല.

സാധനങ്ങളുമായി വഴി പോലും കാണാത്ത വെള്ളക്കെട്ടിലൂടെ അങ്ങോട് പോയതിനേക്കാൾ വെള്ളം കുടിയിരുന്നു തിരിച്ചു വരുമ്പോൾ.

മഴ കൂടിയാൽ ജനങ്ങൾ ഇനിയും ദുരിതത്തിലാവും.   മഴയുടെ കാൽപ്പനിക ഭാവങ്ങളല്ല ഇന്ന് കുട്ടനാട്ടുകാരുടെ മനസുകളിൽ. രോഗം പിടിക്കാൻ സാധ്യതയുണ്ട്. ഒരു അത്യാഹിതം വന്നാൽ പോലും പണിപ്പെട്ടാലേ കരയ്ക്കുള്ള ഏതെങ്കിലുമൊരു നല്ല ആശുപത്രിയിൽ എത്തിക്കാനാവു. പണമുള്ളവന് പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥ.

സഹായമെത്തിച്ച് പെരുമഴയത്ത് മടങ്ങി വരുമ്പോൾ പറന്നകലുന്ന ഒരു പക്ഷി കൂടുതൽ പ്രചോദനം നൽകി. കാരണം, പക്ഷികൾ മഴയത്ത് പറക്കാറില്ല. കോരിച്ചൊരിയുന്ന മഴയിലും കൊടുങ്കാറ്റിലും പക്ഷികൾ ആവേശത്തോടെ പറക്കുന്നുണ്ടെങ്കിൽ അവയെ കാത്തിരിക്കുന്ന ആരുടെയോ അടുത്തേയ്ക്കായിരിക്കും ആ യാത്ര.

പ്രിയമുള്ളവരേ … നിങ്ങൾ സങ്കടപ്പെടുത് . വലിയ ആവേശത്തോടെ ഞങ്ങൾ ഇനിയും വരും. കാരണം ചെറുതെങ്കിലും ഞങ്ങൾ എത്തിക്കുന്ന ഈ സഹായങ്ങൾക്കായി നിങ്ങൾ കാത്തിരിപ്പുണ്ടെന്ന്  ഞങ്ങൾക്ക് അറിയാം.

ഫാ. ലൈജു കണിച്ചേരില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.