കോവിഡ് കാലഘട്ടത്തിൽ സുരക്ഷിതമായി സമൂഹവുമായി ബന്ധം പുതുക്കാനുള്ള അഞ്ച് നിർദ്ദേശങ്ങൾ

ഏകാന്തതയും ഒറ്റപ്പെടലും എന്തെന്ന് ഒരു കൊച്ചുകുഞ്ഞിനു പോലും മനസ്സിലായ നാളുകളായിരുന്നു കടന്നുപോയത്. വാക്‌സിനുകൾ ലഭിക്കുന്നുണ്ടെങ്കിൽപോലും സംരക്ഷണകവചങ്ങളില്ലാതെ ഒരിക്കൽപ്പോലും പുറത്തിറങ്ങുവാനോ സമൂഹത്തിലെ കൂട്ടായ്മകളിൽ പങ്കുചേരുവാനോ അല്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എങ്കിലും സമൂഹജീവിയെന്ന നിലയിൽ നമുക്ക് ബന്ധങ്ങൾ നിലർത്തേണ്ടത് അത്യാവശ്യവുമാണ്. അതിനാൽ മാസ്കിനടിയിലൂടെ പുഞ്ചിരിച്ചാലും കണ്ണുകളിലൂടെ അത് മറ്റുള്ളവരിലേക്ക് സംവേദനം ചെയ്യുന്നതിന് പരിധികളും പരിമിതികളുമുണ്ട്. അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി അകന്നുനിന്നു കൊണ്ട് എങ്ങനെ ബന്ധങ്ങൾ പുതുക്കാമെന്ന് ചിന്തിക്കാം.

1. അഭിവാദ്യം ചെയ്യാം

നമുക്ക് ചുറ്റുമുള്ളവരുമായി ബന്ധപ്പെടുവാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം അഭിവാദ്യം ചെയ്യുക എന്നതാണ്. എപ്പോൾ വേണമെങ്കിലും എവിടെ നിന്നു വേണമെങ്കിലും നമുക്ക് ‘ഹലോ’, ‘ഹായ്’ ഒക്കെ പറയുവാൻ സാധിക്കും. കൈ ഉയർത്തിക്കൊണ്ടോ, തലയാട്ടിക്കൊണ്ടോ കണ്ണുകളിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടോ നമുക്ക് തീർച്ചയായും അഭിവാദനം ചെയ്യുവാൻ സാധിക്കും. നാം ക്ഷീണിതരായിരിക്കാം, അസ്വസ്ഥരായിരിക്കാം. എങ്കിലും ഒരു അഭിവാദനം നമ്മുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലത്തെ ഇല്ലാതാക്കും. ഇതിനായി നാം അല്പം ‘എക്സ്ട്രാ’ ധൈര്യം കാണിക്കേണ്ടതുണ്ടെന്നു മാത്രം.

2. മറ്റുള്ളവർക്കായി പ്രാർത്ഥിക്കാം

അകലെയായിരിക്കുന്നവർ, ചിലപ്പോൾ എന്തെങ്കിലും പ്രതിസന്ധിയിലായിരിക്കുന്നവർ – ഇവർക്കൊക്കെ നമ്മുടെ സാന്നിധ്യമോ സഹായമോ ആവശ്യമായി വന്നേക്കാം. എന്നാൽ സാഹചര്യം നമ്മെ അതിന് അനുവദിക്കുന്നില്ലെങ്കിൽ തീർച്ചയായും നമുക്ക് ചെയ്യുവാൻ സാധിക്കുന്ന ഒരേയൊരു കാര്യമാണ് പ്രാർത്ഥന. ആരെങ്കിലും നമുക്കായി പ്രാർത്ഥിക്കുന്നുണ്ടെന്ന് അറിയുമ്പോൾ ലഭിക്കുന്ന ആശ്വാസവും ആത്മവിശ്വാസവും വലുതാണ്. അവരിലെ മാറ്റങ്ങളും അതിജീവനവും നമ്മെയും അവരെയും ഒരുപോലെ കൂടുതൽ വിശ്വാസത്തിൽ ആഴപ്പെടുത്തും.

3. അപരിചിതരെയും പരിഗണിക്കുക

നമുക്ക് പരിചയമില്ലാത്ത ഒരാളുമായുള്ള ഹ്രസ്വസംഭാഷണം നമ്മുടെ ദൈനംദിന ജീവിതത്തെ മാറ്റിമറിക്കും. നമുക്ക് പരിചയമില്ലാത്തവരോടു പോലും നാം നന്നായി പെരുമാറേണ്ടതുണ്ട്. തീർച്ചയായും അതൊരു സാമൂഹിക നിയമമാണെന്നും നമുക്കറിയാം. ഓരോ വ്യക്തിക്കും അഭിമാനവും അന്തസ്സുമുണ്ടെന്നും നാം മനസിലാക്കണം. ചിലപ്പോൾ ഒരു സുഹൃത്ത്, അല്ലെങ്കിൽ ഓഫീസിലെ ഇടനാഴി വൃത്തിയാക്കുന്ന, കോഫി വിൽക്കുന്ന ഒരാൾ ഇവരോടൊക്കെ ഒരു സ്നേഹസംഭാഷണമോ അഭിവാദനമോ നമുക്ക് ആകാം. അഭിനന്ദനാർഹമായത് കാണുമ്പോൾ തീർച്ചയായും അത് അവരെ അറിയിക്കുക. അകലെ നിന്നുകൊണ്ടായാലും വാക്കുകളിൽ സൗരഭ്യം നിറച്ച് സംസാരിക്കുമ്പോൾ തീർച്ചയായും ഹൃദയം സന്തോഷിക്കും.

4. സൗഹൃദം തുടരുവാൻ വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിക്കുക

ഒരു സുഹൃദ്ബന്ധം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഭാഗത്തു നിന്ന് മുൻകൈ എടുക്കണമെന്നുണ്ടെങ്കിൽ അതിന് ശ്രമിച്ചുകൊണ്ടേയിരിക്കുക. മുൻവിധികൾ മാറ്റിവയ്ക്കുക. പങ്കിടാനും സ്നേഹത്തോടെ കേൾക്കാനും സഹായവും പ്രോത്സാഹനവും സ്വീകരിക്കുവാനും നിങ്ങൾക്ക് നല്ല സുഹൃത്തുക്കൾ ഉണ്ട്. അതിനാൽ ആരോഗ്യകരമായ രീതിയിൽ ഒരു സന്ദർശനം നടത്തുവാനോ ഒരു കപ്പ് ചായക്കോ ഒരുമിച്ചുകൂടാം. ജീവിതത്തിലെ ഏത് അവസ്ഥയിലും കൂടെ നിൽക്കുന്ന നല്ല സൗഹൃദങ്ങൾ ഒരു വൈറസ് കാരണം അവസാനിക്കുവാൻ ഇടവരരുത്.

5. സന്നദ്ധപ്രവർത്തനം

പ്രതിഫലേച്ഛ കൂടാതെ മറ്റുള്ളവർക്കായി സേവനം ചെയ്യുവാൻ നമുക്ക് സാധിക്കും. ദാനധർമ്മങ്ങൾ ചെയ്യുവാൻ നമ്മുടെ സാമ്പത്തികശേഷി അനുവദിക്കുന്നില്ലെങ്കിൽ ഏതെങ്കിലും സംഘടനയോടു കൂടിച്ചേർന്ന് പ്രവർത്തിക്കാം. പ്രായമായവരെ ശുശ്രൂഷിക്കുവാനോ അവരുടെ കൂടെ സമയം ചിലവഴിക്കുവാനോ നമുക്ക് ശ്രമിക്കാം. ധനത്തേക്കാളുപരി ഇന്നത്തെ ലോകത്തിൽ നമ്മുടെ സമയം മറ്റുള്ളവരുടെ സന്തോഷത്തിനായി ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ നൽകലും ശുശ്രൂഷയും. അതിനാൽ ഹൃദയങ്ങളെ അറിയുവാനും പരിചരിക്കുവാനും നമുക്ക് സന്നദ്ധപ്രവർത്തനങ്ങളിലൂടെ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.