ഫാ. അന്റോണിയോ യാവോ ഷുൻ: ചൈന- വത്തിക്കാൻ കരാറിനുശേഷമുള്ള ആദ്യ ബിഷപ്പ് 

ചൈനയിലെ ജിന്നിംഗിന്റെ ബിഷപ്പായി ഫാ. അന്റോണിയോ യാവോ ഷുൻ നിയമിതനായി. ഹോളി സീയും ചൈനയും 2018 സെപ്റ്റംബർ 22 ന് താൽക്കാലിക കരാറിന് ശേഷം നടത്തിയ ആദ്യത്തെ എപ്പിസ്കോപ്പൽ ഓർഡിനേഷനാണിത്. ആരാധന കാര്യങ്ങളിൽ പ്രഗത്ഭനായ ഫാ. അന്റോണിയോ യാവോ ഷുന്റെ മെത്രാഭിഷേക കർമ്മങ്ങൾ ഇരുപത്തി ആറാം തിയതി രാവിലെ  ജിന്നിംഗ് കത്തീഡ്രലിൽ  വച്ച് നടന്നു.

അൻപത്തിനാലുകാരനായ ഫാ. യാവോ 120 തോളം വൈദികരെയും ധാരാളം വിശ്വാസികളെയും സാക്ഷി നിർത്തിയാണ് പുതിയ ദൗത്യം ഏറ്റെടുത്തത്. വത്തിക്കാൻ -ചൈന കരാറിന്റെ ഫലമായി ആണ് തങ്ങൾക്കു മാർപ്പാപ്പയുടെ അംഗീകാരം ഉള്ള ബിഷപ്പിനെ ലഭിച്ചതെന്നും അതിൽ സന്തുഷ്ടരാണെന്നും വിശ്വാസികൾ വെളിപ്പെടുത്തുന്നു.

1965 ൽ ഉലാൻ‌കാബിയിലാണ് മോൺ. യാവോ ജനിച്ചത്. ബീജിംഗിലെ ദേശീയ സെമിനാരിയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1991 ൽ പുരോഹിതനായി.1994 മുതൽ 1998 വരെ അദ്ദേഹം അമേരിക്കയിൽ പഠിച്ചു, ആരാധനാക്രമ വിഷയങ്ങളിൽ നൈപുണ്യം നേടി. കൂടാതെ ജറുസലേമിൽ പോയി ബൈബിൾ പഠനത്തിനായി സമയം കണ്ടെത്തുകയും ചെയ്തു. 2004 മുതൽ ചൈനീസ് ബിഷപ്പ്സ് കൗൺസിലിന്റെ വൈസ് പ്രസിഡണ്ട് ആയി സേവനം ചെയ്തു വരുകയായിരുന്നു. ‘പിതാവിനെ പോലെ കരുണയുള്ളവനായിരിക്കുക’ എന്നതാണ് തന്റെ ആദർശ വാക്യമായി അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.