മാനുവൽ ലോസാനോ: വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ ജേർണലിസ്റ്റ്  

പത്രപ്രവർത്തകരുടെ സ്വർഗീയ മധ്യസ്ഥൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് വാഴ്ത്തപ്പെട്ട ലോലോ മാനുവൽ ലോസാനോ ഗാരിഡോ. അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ നൂറാം വാർഷിക ദിനമായിരുന്നു ഇന്നലെ. കഠിനാധ്വാനിയായ ഒരു എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു ലോലോ. ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ഗുരുതരമായ രോഗവുമായി വീൽചെയറിൽ ചെലവഴിച്ച വ്യക്തിയാണ് ലോലോ. അതോടൊപ്പം ജീവിതത്തിന്റെ അവസാനത്തെ പത്തു വർഷം അദ്ദേഹം അന്ധനും ആയിരുന്നു.

1920 ഓഗസ്റ്റ് ഒൻപതിന് സ്പെയിനിലെ ലിനാരെസിലാണ് അദ്ദേഹം ജനിച്ചത്. ഏഴു മക്കളെ തനിച്ചാക്കി ചെറുപ്പത്തിലേ പിതാവ് മരിച്ചു. ലോലോയ്ക്ക് 15 വയസ്സുള്ളപ്പോൾ അമ്മയേയും നഷ്ടപ്പെട്ടു. അങ്ങനെ ചെറുപ്പത്തിലേ അനാഥത്വത്തിന്റെ വേദന അനുഭവിച്ച ലോലോ ദിവ്യകാരുണ്യത്തിൽ ആണ് ആശ്രയം കണ്ടെത്തിയത്. ചെറുപ്പം മുതൽ തന്നെ അദ്ദേഹം കത്തോലിക്കാ പ്രവർത്തനങ്ങളുടെ ഭാഗമായി  പ്രവർത്തിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് 22 വയസ്സുള്ളപ്പോൾ ശരീരത്തിന്റെ ഞരമ്പുകളെ ബാധിക്കുന്ന ഒരു രോഗം പിടിപെട്ടു.

രോഗം മൂലം അദ്ദേഹം അനുഭവിച്ച കഠിനമായ വേദന എഴുത്തിനോടുള്ള സ്നേഹത്തിന് ഒരു കുറവും വരുത്തിയില്ല. വേദന സഹിച്ചും എഴുതിക്കൊണ്ടിരുന്നു. അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നതിപ്രകാരമാണ്: അദ്ദേഹം ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. ലോലോയുടെ വീടിന്റെ വാതിലുകൾ എല്ലായ്പ്പോഴും എല്ലാവർക്കുമായി തുറന്നു കിടന്നിരുന്നു. രോഗം മൂലം ഒരു കൈകൊണ്ട് എഴുതാൻ കഴിയാത്തപ്പോൾ, മറ്റേ കൈ ഉപയോഗിച്ചു. അതും വയ്യാത്ത അവസ്ഥ വന്നപ്പോൾ പേന കൈത്തണ്ടയിൽ ഘടിപ്പിക്കും. പിന്നീട് അദ്ദേഹം ടൈപ്പ്റൈറ്ററിനെ ആശ്രയിക്കാൻ തുടങ്ങി. അത് എപ്പോഴും വിരലുകളിൽ ചലനാത്മകത ഉള്ളതിനാൽ ഉപയോഗിക്കാൻ കഴിയുമായിരുന്നു.

രോഗമായിരുന്നിട്ടും 28 വർഷം വീൽചെയറിൽ ചെലവഴിക്കേണ്ട അവസ്ഥ വന്നപ്പോഴും തന്റെ തൊഴിലിനെ സ്നേഹിക്കുന്നത് അദ്ദേഹം നിർത്തിയില്ല. അപ്പോഴും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. 1971 നവംബർ 3 -ന്‌ കൂടുതൽ രോഗബാധിതനാകുന്നതുവരെ ജീവിതത്തിലെ എല്ലാ ദിവസവും സന്തോഷത്തോടെ അദ്ദേഹം  പ്രവർത്തിച്ചു. എല്ലാത്തരം വിഷയങ്ങളേയും കുറിച്ച്‌  ഡസൻ കണക്കിന് പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചു. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ പത്രപ്രവർത്തകനാണ് മാനുവൽ ലോസാനോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.