എന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നലുണ്ടോ? എങ്കിൽ നിങ്ങൾക്കായി ഒരു സന്ദേശം ഇതാ

എന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ പലർക്കും ജീവിതത്തിൽ ഉണ്ടാകാം. ചിലരെ സ്ഥിരം അലട്ടുന്ന ഒരു പ്രശ്നമാണിത്. നമ്മുടെ മാനസിക സന്തോഷം നശിപ്പിക്കുന്ന തെറ്റായ ഒരു വിചാരമാണിത്. കുട്ടിക്കാലത്തെ ചില മുറിവുകൾ, ജീവിതത്തിൽ നേരിട്ട പരാജയങ്ങൾ, അമിതമായ ജോലി ഭാരം, മറ്റ് ആശങ്കകൾ ഇവയെല്ലാം നെഗറ്റീവ് ചിന്തകൾ നമ്മെ അലട്ടുന്നതിന് കാരണമായി വരാം. സ്വന്തം രൂപത്തിലും സാദൃശ്യത്തിലും നമ്മെ സൃഷ്ടിച്ച ദൈവം നമുക്ക് നമ്മുടെ നിസ്സഹായതയിൽ ഉത്തരം നൽകുക തന്നെ ചെയ്യും.

ഏതവസ്ഥയിലും സ്നേഹിക്കുന്ന ദൈവം

പരിധികളില്ലാത്ത ദൈവം നമ്മെ സ്നേഹിക്കുന്നു. എന്നാൽ മനുഷ്യർ പലപ്പോഴും ഉപാധികളോടെ സ്നേഹിക്കുന്നവരാണ്. ജീവിതത്തിൽ ജോലി ഭാരം നമ്മെ അലട്ടുമ്പോഴും എന്തെങ്കിലും പ്രശ്നങ്ങൾ കടന്നുവരുമ്പോഴും നാം ആവശ്യപ്പെടുന്ന കാര്യം സാധിച്ചു കിട്ടാതെവരുമ്പോഴും നാം ദൈവത്തോട് പരാതിപ്പെടുന്നു. എന്നാൽ ദൈവം ഏതവസ്ഥയിലും നമ്മെ സ്നേഹിക്കുന്നു. പാപം ചെയ്തു അകന്നുപോയാലും ദൈവം നമ്മിൽ നിന്നും അകലുന്നില്ല. ഇങ്ങനെ ദൈവം കൂടെയുള്ളപ്പോൾ എന്തിന് എന്നെ ഒന്നിനും കൊള്ളില്ല എന്ന മനോഭാവം നമ്മെ അലട്ടണം. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിര് നിൽക്കും?

എളിമയുടെ മനോഭാവം

അഹങ്കാര ചിന്താഗതിയുള്ളവർക്ക് ജീവിതത്തിൽ പരാജയങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അവർ നിരാശയിൽ വരെ ആണ്ടുപോകാം. ജീവിതത്തിൽ ലഭിക്കുന്ന തിരിച്ചടികൾ നമ്മെ എളിമപ്പെടുത്തുന്ന അനുഭവങ്ങൾ ആയിമാറാം. അത് പിന്നീട് ആത്മീയ ജീവിതത്തിൽ നമ്മെ കൂടുതൽ കരുത്തുള്ളവരാക്കും. എളിമപ്പെടുത്തുന്ന ജീവിതാനുഭവങ്ങൾ ദൈവത്തെ കൂടുതൽ സ്നേഹിക്കാനുള്ള അവസരങ്ങൾ ആയി മാറണം.

നമ്മുടെ ബലഹീനത ബലമായി മാറും

എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന മനോഭാവം ദൈവ സ്നേഹം നമ്മിൽ നിറഞ്ഞു കഴിയുമ്പോൾ ദൈവം കൂടെയുള്ളതിനാൽ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും എന്ന മനോഭാവത്തിലേയ്ക്ക് നമ്മെ നയിക്കും. സ്വയം നമ്മിൽ തന്നെ ആശ്രയിക്കാതെ ദൈവം കൂടെയുണ്ടെങ്കിൽ എനിക്ക് എല്ലാം സാധ്യമാകും എന്ന വിശ്വാസത്തിലേക്ക് നമ്മെ നയിക്കും. ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങൾ, തിരിച്ചടികൾ എല്ലാം ദൈവം അനുഗ്രഹമാക്കി മാറ്റുമെന്ന് വിശ്വസിക്കുക. ഒപ്പം ദൈവത്തിന്റെ മകളായ/മകനായ എന്റെ കൂടെ ദൈവം ഉണ്ടെന്ന പൂർണ്ണമായ വിശ്വാസത്തിലേക്ക് കടന്നു വരുക.