കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ രൂപം നൽകിയിട്ടുള്ള ക്‌നാനായ കർഷകഫോറത്തിന്റെ ഭാരവാഹികൾക്കായി നേതൃപരിശീലനം സംഘടിപ്പിച്ചു. കടുത്തുരുത്തി സെന്റ് മേരീസ് പള്ളിഹാളിൽ സംഘടിപ്പിച്ച പരിശീലനം കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.
കെ.സി.സി ഫൊറോന പ്രസിഡന്റ് എബ്രഹാം കുരുക്കോട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫൊറോന വികാരി ഫാ. എബ്രാഹം പറമ്പേട്ട് മുഖ്യ പ്രഭാഷണം നടത്തി. കർഷകഫോറം ചെയർമാൻ എം.സി. കുര്യാക്കോസ് വിഷയാവതരണം നടത്തി. ജോർജുകുട്ടി ജോസ്, അനി തോമസ് മണലേൽ, അരുൺ സണ്ണി, എബ്രഹാം തടത്തിൽ, ജെയിംസ് എം.കെ. മൂലപ്പറമ്പിൽ, ജോഷി മണലേൽ, ജോമോൻ പുന്നൂസ്, ജോസ് എം.കെ., ഇ.കെ. ചാക്കോച്ചൻ എന്നിവർ പ്രസംഗിച്ചു.
‘കൃഷി എപ്രകാരം ജീവനോപാധിയാക്കാം’ എന്ന വിഷയത്തിൽ കടുത്തുരുത്തി കൃഷി ഓഫീസർ സിദ്ധാർഥ ആർ. ക്ലാസ് നയിച്ചു. തുടർന്ന് ചർച്ചയിൽ കർഷകഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന വിവിധ പ്രവർത്തനങ്ങൾക്ക് യോഗത്തിൽ രൂപരേഖ തയ്യാറാക്കി. കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എൽ പ്രതിനിധികളും കർഷകഫോറം യൂണിറ്റ് ഫോറം ഭാരവാഹികളും പങ്കെടുത്തു.