മിഷന്‍ വചനവിചിന്തനം ഒക്ടോബര്‍ 08: ലൂക്കാ 10: 38-42

യേശു മര്‍ത്തായുടെയും മറിയത്തിന്റെയും വീട് സന്ദര്‍ശിക്കുന്നതാണ് ഇന്നത്തെ വിചിന്തനഭാഗം.

ജയ്സൺ കുന്നേൽ

യേശുവിന്, മര്‍ത്തായുടെയും മറിയത്തിന്റെയും വീട് സന്ദര്‍ശിക്കുന്നതും അവരുടെ ആതിഥ്യമര്യാദ സ്വീകരിക്കുന്നതും സന്തോഷമുള്ള കാര്യമായിരുന്നു. ബഥാനിയായിലുള്ള ഈഭവനം സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഭവനമാണ്. മനുഷ്യന്റെ സഹനങ്ങളുടെയും ബുദ്ധിമുട്ടുകളുടെയുമിടയില്‍ അപരിചിതനായി നില്‍ക്കാന്‍ യേശു ആഗ്രഹിച്ചിരുന്നില്ല. അവന്‍ അവരോടൊപ്പം കരയുന്നു, അവരെ ശ്രവിക്കുന്നു, ആശ്വസിപ്പിക്കുന്നു, കണ്ണീരൊപ്പുന്നു, തന്നെത്തന്നെ ബലിയായി ദിവ്യകാരുണ്യത്തിലൂടെ നല്‍കുന്നു. ഇവയിലൂടെയെല്ലാം ക്രിസ്തുവിന്റെ മനുഷ്യത്വത്തെ നമ്മുടെ മുന്നില്‍ അനാവരണം ചെയ്യുകയാണ് സുവിശേഷങ്ങള്‍.
മര്‍ത്തായുടെയും മറിയത്തിന്റെയും ദൈവവിളികള്‍ വ്യത്യസ്തവും എന്നാല്‍, പരസ്പരം പൂരകവുമാണ്. അവയുടെ ഉദ്ദേശ്യം ഒന്നു മാത്രമാണ്. വാതിലില്‍ മുട്ടുന്നവന്റെ സ്വരം കേട്ട് വാതില്‍ തുറന്നു കൊടുക്കുക; അതുവഴി അവന്റെ – യേശുവിന്റെ അതുല്യത അംഗീകരിക്കുക (വെളി. 3:20).

ഈ ചെറിയ കൂടിക്കാഴ്ചയില്‍ മര്‍ത്തായിലും മറിയത്തിലുമുള്ള രണ്ട് വ്യത്യസ്ത സ്വഭാവ സവിശേഷതകളെ നാം കണ്ടുമുട്ടുന്നു. മര്‍ത്താ, ശുശ്രൂഷിക്കാന്‍ ഇഷ്ടപ്പെടുന്നവളാണ്. യേശുവിന്റെ വരവിനു വേണ്ടി അവള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതവളെ അസ്വസ്ഥയുമാക്കുന്നുണ്ട്. എന്നാല്‍ മറിയമാകട്ടെ, അവളുടെ ലളിതവും ആശ്രയിക്കുന്നതുമായ മനോഭാവത്തോടെ യേശുവിന്റെ പാദാന്തികത്തിലിരുന്ന് അവന്‍ പറയുന്നത് ശ്രദ്ധയോടെ ശ്രവിക്കുന്നു. തന്റെ ഗുരുവും നാഥനുമായ യേശു ആ സമയത്ത് തന്നില്‍ നിന്നുമാവശ്യപ്പെടുന്നത്, അവനോടൊത്തുള്ള ശ്രദ്ധാപൂര്‍വ്വമായ സാമീപ്യമാണെന്ന് സ്വസിദ്ധമായി അവള്‍ മനസ്സിലാക്കുന്നു.

പ്രേഷിതര്‍ക്ക് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ചില മനോഭാവങ്ങളിലേയ്ക്ക് ഇന്നത്തെ തിരുവചനഭാഗം വിരല്‍ചൂണ്ടുന്നു. ഒന്നാമതായി, നിങ്ങളുടെ വ്യഗ്രതകളും ഉത്കണ്ഠകളും ദൈവത്തിന് ഭരമേല്‍പിക്കുക. ഉത്കണ്ഠകളും ആകുലതകളും ദൈവത്തെ ആത്മാര്‍ത്ഥമായി ശ്രവിക്കുന്നതില്‍ നിന്നും, അവന് പൂര്‍ണ്ണമായി നല്‍കുന്നതില്‍ നിന്നും പ്രേഷിതരെ പിന്തിരിപ്പിക്കുന്നു. നമ്മുടെ ആകുലതകളും അസ്വസ്ഥതകളും അവന് സമര്‍പ്പിക്കാന്‍ ദൈവം നമ്മളെ ക്ഷണിക്കുന്നു. കാരണം, അവന്‍ വിശ്വസ്തനും നമ്മുടെ ഏതാവശ്യങ്ങളും നിര്‍വ്വഹിക്കുന്നതിന് പര്യാപ്തനുമാണ്. ‘അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം’ (മത്തായി 11:28).

യേശുവിന്റെ കൃപ, അനാവശ്യമായ ഉത്കണ്ഠകളില്‍ നിന്നും ആകുലതകളില്‍ നിന്നും നമ്മെ വിമോചി പ്പിക്കും. സങ്കീര്‍ത്തകന്റെ പ്രാര്‍ത്ഥന ഇവിടെ പ്രസക്തമാണ്: ‘എന്റെ ഹൃദയത്തിന്റെ ആകുലതകള്‍ വര്‍ദ്ധിക്കുമ്പോള്‍ അങ്ങ് നല്‍കുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു’ (സങ്കീ. 94:19). നമ്മുടെ പ്രേഷിതരംഗങ്ങളില്‍ യേശുവിനെ ശ്രദ്ധാപൂര്‍വ്വം നാം അന്വേഷിക്കുന്നുണ്ടോ? നമ്മുടെ പ്രേഷിതമേഖലയില്‍ ദൈവത്തിന് നാം ബഹുമാന്യമായ ഒരു സ്ഥാനം നല്‍കാറുണ്ടോ?

രണ്ടാമതായി, നമ്മുടെ പ്രേഷിതമേഖലകളിലും ഹൃദയങ്ങളിലും ദൈവത്തിന് എപ്പോഴും സ്വാഗതമോതുക. പ്രേഷിതരെന്ന നിലയില്‍ ക്രിസ്തുവിന് നമ്മുടെ ഹൃദയത്തില്‍ മാത്രമല്ല, നമ്മുടെ പ്രേഷിതഭവനങ്ങളിലും ജിവിതസാഹചര്യങ്ങളിലും സ്ഥാനം നല്‍കണം. മിഷന്‍ രംഗങ്ങളില്‍ നമുക്കുള്ളതും നമ്മള്‍ ചെയ്യുന്നതും ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ ദൈവത്തെ നാം അക്ഷരാര്‍ത്ഥത്തില്‍ ബഹുമാനിക്കുകയാണു ചെയ്യുക. ദിനവൃത്താന്ത പുസ്തകത്തില്‍ പറയുന്നതുപോലെ, ‘സമസ്തവും അങ്ങില്‍ നിന്നു വരുന്നു. അങ്ങയുടേതില്‍ നിന്നാണ് ഞങ്ങള്‍ നല്‍കിയതും’ (1 ദിന. 29:14). നമുക്കും ഏറ്റുപറയാം: എല്ലാ കാര്യത്തിലും ദൈവത്തിന് മഹത്വം നല്‍ കാന്‍ വി. പൗലോസ് ശ്ലീഹായും നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ‘നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിന് കൃതജ്ഞതയര്‍പ്പിച്ചു കൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍’ (കൊളോ.3:17).

ഈ രണ്ടു സ്ത്രീകളും, യേശു ദൈവരാജ്യം പ്രസംഗിക്കാന്‍ സഭയെ ഭരമേല്‍പിച്ചിരിക്കുന്ന ദൗത്യത്തിന്റെ രണ്ടു വശങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്- ശുശ്രൂ ഷയുടെയും ശ്രദ്ധിക്കലിന്റെയും. പ്രേഷിതയാത്രയില്‍ മുന്നോട്ടു നീങ്ങുന്ന ഏവര്‍ക്കുമുള്ളവലിയ സന്ദേശമാണ് ഈ തിരുവചനഭാഗം. ദൈവവചനം ശ്രവിച്ചുകൊണ്ടും ശുശ്രൂഷാജീവിതത്തിലൂടെയും എല്ലാ മനുഷ്യരുടെയും ഹൃദയത്തില്‍ പ്രവേശിക്കുക. ഉത്ഥിതന്റെ സന്ദേശം പ്രഘോഷിച്ചുകൊണ്ടും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലൂടെയും ഐക്യവും ഒരുമയും സംജാതമാക്കുക.

ഒരു ചെറിയ പ്രാര്‍ത്ഥനയോടെ ഇന്നത്തെ വചനവിചിന്തനം അവസാനിപ്പിക്കാം.
‘രക്ഷകനായ യേശുവേ, നിന്റെ സാന്നിധ്യത്തിലായിരിക്കുക എന്നത് ഞങ്ങള്‍ക്ക് ജീവനും സന്തോഷവുമാണ്. അനാവശ്യമായ ആകുലതകളില്‍ നിന്നും ഉത്കണ്ഠകളില്‍ നിന്നും ഞങ്ങളെ വിമുക്തരാക്കി ഏകാഗ്രമായ ഹൃദയത്തോടെനിന്നെ സ്‌നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.’

ഫാ. ജയ്സണ്‍ കുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ