മിഷന്‍ വചനവിചിന്തനം ഒക്ടോബര്‍ 06: ലൂക്കാ 17: 5-10

പ്രേഷിതദൗത്യത്തില്‍ ദൈവവിശ്വാസത്തിനുള്ള മഹനീയമായ സ്ഥാനവും പ്രേഷിതര്‍ക്കുണ്ടായിരിക്കേണ്ട അടിസ്ഥാന മനോഭാവവുമാണ് ഇന്നത്തെ തിരുവചന ധ്യാനത്തിന്റെ മുഖ്യപ്രമേയം.

ജയ്സൺ കുന്നേൽ

പ്രേഷിതദൗത്യത്തിലേയ്ക്കുള്ള ക്രൈസ്തവവിളി ധ്യാനവിഷയമാക്കുമ്പോള്‍ ഇന്നത്തെ തിരുവചനഭാഗം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മിഷനറിമാര്‍ എന്ന നിലയില്‍ നമ്മള്‍ അപ്പസ്‌തോലന്മാരുടെ സഹചാരികളാണ്. ആയതിനാല്‍, അവരുടെ ‘ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ…’ (ലൂക്കാ 17:5) എന്ന അപേക്ഷ നമ്മുടെയും പ്രാര്‍ത്ഥനയാകുന്നു.
മാനുഷികയുക്തികള്‍ക്കപ്പുറം ദൈവത്തില്‍ വിശ്വസിക്കാന്‍ ഈ തിരുവചനഭാഗം നമ്മെ വെല്ലുവിളിക്കുന്നു. ദൈവത്തിന്റെ മനസ്സിനോടും ഭാവനയോടും രീതിശാസ്ത്രത്തോടും ഹൃദയത്തോടും ഒന്നായിത്തീരുവാനുള്ള വിളിയാണത്. ‘അപ്പോള്‍ അപ്പസ്തോലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ!’ (ലൂക്കാ 17:5).

ഇവിടെ വിശുദ്ധ ലൂക്കാ, യേശു തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യന്മാരെ (ലൂക്കാ 6:12-16) ‘അപ്പസ്‌തോലന്മാര്‍’ എന്നു വിളിക്കുന്നു. ഈ വാക്കിന്റെ അര്‍ത്ഥം ‘അയയ്ക്കപ്പെട്ടവന്‍’ എന്നാണ്. മറ്റ് സുവിശേഷകന്മാര്‍ യേശുവിന്റെ ശിഷ്യന്മാരെ സൂചിപ്പിക്കാന്‍ ഈ വാക്ക് ഒരു തവണ മാത്രം ഉപയോഗിക്കുമ്പോള്‍, വി. ലൂക്കാ തന്റെ സുവിശേഷത്തില്‍ ആറു തവണയും, അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ ഇരുപത്തിയെട്ടു തവണയും ഈ വാക്ക് ഉപയോഗിക്കുന്നു.

ആദിമസഭയ്ക്ക്, പന്ത്രണ്ടു ശിഷ്യന്മാര്‍ക്കു ലഭിച്ച ആനുകൂല്യത്തെപ്പറ്റിയും പ്രേഷിതദൗത്യത്തിനുള്ള അവരുടെ അവകാശങ്ങളെപ്പറ്റിയും ആധികാരികതയെപ്പറ്റിയും നല്ല ബോധ്യമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനം യേശു തന്നെ അവരെ തിരഞ്ഞെടുത്തു എന്നതാണ്. അയക്കപ്പെടുന്നതിനായി അവന്‍ അവരെ തിരഞ്ഞെടുത്തു. അതിനാല്‍, ഈ അപ്പസ്‌തോലന്മാര്‍ ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ഔദ്യേഗിക സാക്ഷിളാകുന്നു. ഈ അര്‍ത്ഥത്തില്‍, അവര്‍ക്ക് അവനില്‍ ഉറച്ച വിശ്വാസം ഉണ്ടാകേണ്ടതാണ്. യേശുവിന്റെ പഠനങ്ങള്‍ക്കും അത്ഭുതപ്രവൃത്തികള്‍ക്കും സാക്ഷികളാണങ്കിലും (ലൂക്കാ 18:31), നമ്മെപ്പോലെ ബലഹീനരാണവര്‍. സംശയവും വിശ്വാസക്കുറവും അവരിലും പ്രകടമാണ് (ലൂക്കാ 24:11; 25; 38,39). ഈ സന്ദര്‍ഭത്തില്‍ വേണം ‘ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ…’ എന്ന ശിഷ്യന്മാരുടെ അപേക്ഷ മനസ്സിലാക്കുവാന്‍.

ഇന്ന് ലോകത്തിലേയ്ക്ക് ‘അയയ്ക്കപ്പെട്ട’ നമുക്ക് ഈ വചനഭാഗം എന്തു സന്ദേശമാണ് നല്‍കുന്നത്? ലോക സുവിശേഷവത്കരണം എന്ന ദൗത്യത്തില്‍ ചിലപ്പോഴൊക്കെ നമ്മുടെയും വിശ്വാസം ക്ഷയിക്കാറുണ്ട് എന്ന യാഥാര്‍ത്ഥ്യം എളിമയോടെ നമ്മള്‍ അംഗീകരിക്കണം. ശിഷ്യന്മാരോട് പറഞ്ഞതുപോലെ, ‘നിങ്ങള്‍ക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല്‍, അത് നിങ്ങളെ അനുസരിക്കും’ (ലൂക്കാ 17:6) എന്ന് യേശു നമ്മളോട് ചിലപ്പോള്‍ പറയണമെന്നില്ല.
പക്ഷേ, ഉത്ഥിതനും സഭയില്‍ ഇന്നും ജീവിക്കുന്നവനുമായ ക്രിസ്തുവിലുള്ള അടിസ്ഥാനവിശ്വസം ഒരു പ്രേഷിതനില്ലെങ്കില്‍ ദൈവരാജ്യപ്രഘോഷണം ഫലം ചൂടുകയില്ല.

യേശു അപ്പസ്‌തോലന്മാരോടും ജനക്കൂട്ടത്തോടും കൂടെ ആയിരിക്കുമ്പോള്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുവെങ്കിലും അവയൊന്നും അവരുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിച്ചില്ല. ‘എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ!’ (മര്‍ക്കോ. 9:24) എന്ന പ്രാര്‍ത്ഥന അനസ്യൂതം എളിമയോടുകൂടി അപേക്ഷിക്കുകയാണ് അടിസ്ഥാനപരമായി നമുക്കാവശ്യം. ഓരോ വിശുദ്ധ കുര്‍ബാനയിലും ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടുമ്പോള്‍, നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും അവനെ ദര്‍ശിക്കാനുള്ള വലിയ കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഇടവിടാതെയുള്ള പ്രാര്‍ത്ഥനയാണ് മിഷന്റെ ആത്മാവ്.

ബനഡിക്ട് പതിനാറാമന്‍ പാപ്പാ 1919-ല്‍ പുറപ്പെടുവിച്ച ‘മാക്‌സിമും ഇല്ലൂദ്’ എന്ന അപ്പസ്തോലിക ലേഖനത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ചാണല്ലോ ഫ്രാന്‍സീസ് പാപ്പ അസാധാരണമായ മിഷന്‍ മാസം പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാക്സിമും ഇല്ലൂദ്’ എന്നതിന്റെ അര്‍ത്ഥം ‘ഏറ്റവും വലിയ ആ കാര്യം’ എന്നാണ്.

മിഷനറിമാര്‍ക്കുണ്ടായിരിക്കേണ്ട ഏറ്റവും വലിയ കാര്യങ്ങള്‍ ദൈവ-വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. ഇവ രണ്ടും കുറയുമ്പോള്‍ പ്രേഷിതരിലും പ്രേഷിതമേഖലകളിലും ശോഭ മങ്ങിത്തുടങ്ങും. ദൈവ-വിശ്വാസവും പ്രാര്‍ത്ഥനയും ജീവിതത്തിന്റെ ഭാഗമാക്കിയ മിഷനറിമാര്‍ക്കു മാത്രമേ ‘ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വ്വഹിച്ചതേയുള്ളൂ’ (ലൂക്കാ 17:10) എന്നു പറയാന്‍ കഴിയൂ.

ഫാ. ജയ്സണ്‍ കുന്നേല്‍