മിഷൻ വചനവിചിന്തനം ഒക്ടോബർ 04: ലൂക്കാ 10: 13-16

യേശു എഴുപത്തിരണ്ടു പേരെ പ്രേഷിതദൗത്യത്തിനായി അയയ്ക്കുന്ന സംഭവത്തെ തുടര്‍ന്നു വരുന്ന ഭാഗമാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം.

ജയ്സൺ കുന്നേൽ

ദൈവവചനം സ്വീകരിക്കാതെ അവയില്‍ വിശ്വസിക്കാതെ തിരസ്‌കരിക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ് ഈ തിരുവചന ഭാഗം. ‘കൊറാസീന്‍, നിനക്കു ദുരിതം! ബേത്സെയ്ദാ നിനക്കു ദുരിതം!’ (ലൂക്കാ 10:13). യേശു, മൂന്നു വര്‍ഷം നീണ്ട പരസ്യജീവിതത്തില്‍ ദൈവരാജ്യ പ്രഘോഷണവും അത്ഭുതപ്രവര്‍ത്തനങ്ങളുമായി പ്രേഷിതവേല ചെയ്ത സ്ഥലം താരതമ്യേന ചെറുതാണ്. ഗലീലിയാ കടല്‍ത്തീരത്തിനു ചുറ്റും ഏതാനും കിലോമീറ്ററുകള്‍ക്കുള്ളില്‍ പരന്നു കിടക്കുന്ന കഫര്‍ണാം, കൊറാസീന്‍, ബേത്സെയ്ദാ തുടങ്ങിയ നഗരങ്ങളായിരുന്നു അവ. വ്യക്തമായി പറഞ്ഞാല്‍ യേശു തന്റെ ഭൂരിഭാഗം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ദൈവരാജ്യ പ്രഭാഷണങ്ങള്‍നടത്തുകയും ചെയ്തത് ഇവിടങ്ങളിലാണ്.

മനുഷ്യവംശത്തെ മുഴുവന്‍ രക്ഷിക്കാന്‍ വന്ന യേശു അവന്റെ സ്വദേശത്തെ പരിമിതമായ സ്ഥലങ്ങളിലേ ചുറ്റിസഞ്ചരിക്കുകയും നന്മ ചെയ്യുകയും ചെയ്തുള്ളൂ. പക്ഷേ, ആ നഗരങ്ങള്‍ ദൈവവചനത്തോടും യേശുവിന്റെ അത്ഭുതങ്ങളോടും മുഖം തിരിക്കുമ്പോള്‍ ദൈവരാജ്യം അവര്‍ പോലുമറിയാതെ അവരില്‍ നിന്നകലുന്നു. അതിനാല്‍ യേശു പറയുന്നു: ‘കൊറാസീന്‍, നിനക്കു ദുരിതം! ബേത്സെയ്ദാ, നിനക്കു ദുരിതം! നിങ്ങളില്‍ നടന്ന അത്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കില്‍ അവിടുത്തെ ജനങ്ങള്‍ ചാക്കുടുത്തും ചാരം പൂശിയും പണ്ടേ തന്നെ പശ്ചാത്തപിക്കുമായിരുന്നു (ലൂക്കാ 10:13).

യേശു ഈ രണ്ടു നഗരങ്ങളെ ടയിര്‍, സീദോന്‍ എന്നീ രണ്ട് നഗരങ്ങളുമായി താരതമ്യം ചെയ്യുന്നു. ഈ രണ്ട് നഗരങ്ങളും ഇസ്രായേല്‍ ജനത്തിനു വഴങ്ങിക്കൊടുക്കാത്ത, ദൈവജനത്തോടു മോശമായി പെരുമാറിയിരുന്ന ശത്രുക്കളായിരുന്നു. അതിനാലാണ് പ്രവാചകന്മാര്‍ ഈ നഗരങ്ങളെ ശപിച്ചിരുന്നത് (ഏശയ്യാ 23:1; ജെറ. 25:22; 47:4; എസ. 26:3; 27:2; 28:2; ആമോസ് 1:10). ഇപ്പോള്‍, യേശു കഴിഞ്ഞ കാലത്ത് ദൈവജനത്തിനു തിന്മ മാത്രം ചെയ്തിരുന്ന അതേ നഗരങ്ങളില്‍, കൊറാസിനിലും ബേത്സെയ്ദായിലും നടന്നിരുന്നതു പോലെ അത്ഭുതങ്ങള്‍ നടന്നിരുന്നുവെങ്കില്‍ അവര്‍ എത്ര പണ്ടേ തന്നെ മാനസാന്തരപ്പെടുമായിരുന്നു എന്നു ചോദിക്കുന്നു.

അടുത്ത ഊഴം കഫര്‍ണാമിന്റേതാണ്: ‘കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.’ (ലൂക്കാ 10:15) ഇവിടെ യേശു എശയ്യാ പ്രവാചകന്‍ ബാബിലോണുകാരുടെ അഹങ്കാരത്തെയും ചിന്താഗതിയെയും തെറ്റാണെന്നു സ്ഥാപിക്കാന്‍ ഉപയോഗിച്ച സംഭവങ്ങളെ ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊണ്ടാണ് സംസാരിക്കുക.’നീ തന്നെത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലേയ്ക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തര ദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമ പര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും (ഏശയ്യാ 14:13-14). അവര്‍ ചിന്തിച്ചത് അങ്ങനെയായിരുന്നെങ്കിലും അവര്‍ അതില്‍ത്തന്നെ കബളിപ്പിക്കപ്പെട്ടു. നേരെ എതിരെയാണു സംഭവിച്ചത്. പ്രവാചകന്‍ പറയുന്നു: ‘എന്നാല്‍, നീ പാതാളത്തിന്റെ അഗാധ ഗര്‍ത്തത്തിലേയ്ക്കു തള്ളിയിടപ്പെട്ടിരിക്കുന്നു’ (ഏശയ്യാ 14:15).

രാജവംശത്തെയും ദൈവാലയത്തെയും നശിപ്പിക്കുകയും ദൈവജനത്തെ അടിമകളാക്കി വയ്ക്കുകയും ചെയ്ത ഭയാനകമായ ബാബിലോണുമായാണ് യേശു കഫര്‍ണാമിനെ തുലനം ചെയ്യുന്നത്. ബാബിലോണിനെപ്പോലെ കഫര്‍ണാമും, താന്‍ വലിയവളാണെന്നു ചിന്തിച്ചിരുന്നു. പക്ഷേ നരകത്തിന്റെ അഗാധതയിലേയ്ക്ക് തള്ളപ്പെടാനായിരുന്നു അതിന്റെ വിധി.

മത്തായിയുടെ സുവിശേഷത്തില്‍, കഫര്‍ണാമിനെ, ഏറ്റവും കുടിലത നിറഞ്ഞ ലൈംഗികവൈകൃതം അരങ്ങേറിയതും അതുമൂലം ദൈവകോപത്താല്‍ നശിപ്പിക്കപ്പെട്ടതുമായ സോദോമുമായിട്ടാണ് താരതമ്യപ്പെടുത്തുന്നത് (ഉല്‍.18:16; 19: 29). കഫര്‍ണാമില്‍ നടന്ന അത്ഭുതങ്ങള്‍ സോദോമില്‍ നടന്നിരുന്നെങ്കില്‍ അവര്‍ പണ്ടേ മാനസാന്തരപ്പെടുമായിരുന്നു (മത്തായി 11: 23-24). ഇന്നും ഇതുപോലുള്ള വിരോധാഭാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നമ്മളില്‍ പലരും ജന്മം വഴി കത്തോലിക്കരായതിനാല്‍ മാനസാന്തരം ഞങ്ങള്‍ക്കാവശ്യമില്ല, അത് മറ്റുള്ളവര്‍ക്കു മതിയെന്ന മിഥ്യാധാരണയില്‍ കഴിയുന്നു. മറ്റു ചില സ്ഥലങ്ങളില്‍ ക്രിസ്തുമതം ഹൃദയപരിവര്‍ത്തനത്തിന്റെയും മാറ്റത്തിന്റെയും ഉറവിടമാകാതെ രാഷ്ട്രീയശക്തികളുടെയും സമ്മര്‍ദ ഗ്രൂപ്പുകളുടെയും ഭാഗം മാത്രമായി തരംതാണു പോകുന്നു.

ഇന്നത്തെ സുവിശേഷഭാഗം അവസാനിക്കുന്നത് യേശുവിന്റെ സ്പഷ്ടമായ ഒരു പ്രബോധനത്തോടെയാണ്: ‘നിങ്ങളുടെ വാക്ക് കേള്‍ക്കുന്നവന്‍ എന്റെ വാക്ക് കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു’ (ലൂക്കാ 10:16) ഈ പ്രബോധനം ശിഷ്യന്മാരെ യേശുവുമായി താദാത്മ്യപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കുന്നു. ഈ സുവിശേഷഭാഗം ചില ചോദ്യങ്ങള്‍ നമ്മുടെ മുമ്പില്‍ വയ്ക്കുന്നു. നമ്മുടെ നഗരവും ഗ്രാമവും രാജ്യവും യേശു കഫര്‍ണാമിനും കോറാസിനും ബെത്സെയ്ദക്കുമെതിരെ ഉന്നയിച്ച താക്കീതുകള്‍ അര്‍ഹിക്കുന്നുണ്ടോ? യേശുവുമായി ഞാന്‍ എന്നെത്തന്നെ താദാത്മ്യപ്പെടുത്തുന്നത് എങ്ങനെയാണ്?

‘ക്രിസ്തുവിനെ ശ്രവിക്കുക’ അല്ലെങ്കില്‍ ‘ക്രിസ്തുവിനെ തിരസ്‌കരിക്കുക’ എന്നു പറഞ്ഞാല്‍ എന്താണ് മനസ്സിലാക്കുക? ശ്രദ്ധിക്കുക എന്നാല്‍ നിഷ്‌ക്രിയമായ ഒരു പ്രവര്‍ത്തി മാത്രമാണോ? തിരസ്‌കരണത്തിനു വിപരീതമായി ശ്രദ്ധിക്കുക എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ അതിന് സ്വീകരിക്കുക എന്ന അര്‍ത്ഥം ലഭിക്കുന്നു. എന്തിനെ അല്ലെങ്കില്‍ ആരെയെങ്കിലും സ്വീകരിക്കുക എന്നത് ക്രിയാത്മകമായ പ്രവര്‍ത്തിയാണ്. ഈ അര്‍ത്ഥത്തില്‍, ഞാന്‍ ശ്രദ്ധിക്കുന്നവനാണോ?
‘യേശുവിനെ ശ്രവിക്കുക ‘അല്ലെങ്കില്‍ ‘യേശുവിനെ തിരസ്‌കരിക്കുക’ എന്നതിന് മറ്റൊരു അര്‍ത്ഥവും കാണാന്‍ കഴിയും. ഞാന്‍ കേള്‍ക്കുന്നതനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നവനാണോ? അല്ലെങ്കില്‍ പറഞ്ഞതു മുഴുവന്‍ ഞാന്‍ കേള്‍ക്കാറുണ്ടോ? അഥവാ മറ്റനേകരെപ്പോലെ എനിക്കു താല്‍പര്യമുള്ളതു മാത്രമാണോ ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്?

‘ഒരുവനു മറ്റൊരുവനെ അവിടെയും ഇവിടെയും നോക്കി പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുകയില്ല. ഒരുവനെ പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ അവനെ ബാഹ്യമായി കാണുന്നതിനപ്പുറം അവന്റെയുള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന അഭിനിവേശങ്ങളും ഉള്‍പ്രേരണകളും നമ്മള്‍ തിരിച്ചറിയണം. അതുവഴി അനുചിതമായ ഒരു ചിത്രം നമ്മില്‍ രൂപീകരിക്കണം. അല്ലാതെ, അതുമായി പരസ്പരബന്ധമില്ലാത്ത തുണ്ടുകളുടെ ഒരു ശേഖരണം മാത്രമായാല്‍ പരാജയമായിരിക്കും ഫലം. ഞാന്‍ യേശുവിനെ പൂര്‍ണ്ണമായി ശ്രദ്ധിക്കാറുണ്ടോ? അവന്റെ ജീവിതം, അവന്‍ കല്‍പിക്കുന്ന അര്‍ത്ഥങ്ങള്‍, അവന്റെ കഥകള്‍, അവന്റെ ഉദ്ദേശ്യം, അവന്റെ ദൗത്യം, എന്റെ ജീവിതവുമായി അവന്റെ പ്രേഷിതദൗത്യത്തെ ഞാന്‍ ബന്ധിപ്പിക്കാറുണ്ടോ?

ദൈവവചനം അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ച് ജീവിതവുമായി ബന്ധിപ്പിച്ച വലിയ വിശുദ്ധനായ വി. ഫ്രാന്‍സീസ് അസ്സീസിയാണു മിഷന്‍ മാസത്തിലെ നാലാം ദിവസം നമ്മുടെ മാതൃക. യേശുവിനെ എല്ലാ അര്‍ത്ഥത്തിലും ശ്രവിച്ച ഫ്രാന്‍സീസ് അനേകര്‍ക്ക് സമാധാനമായി. വി. ഫ്രാന്‍സീസ് അസ്സീസിയുടെ പ്രേഷിതവിളി പ്രാര്‍ത്ഥനയോടെ ഇന്നത്തെ വിചിന്തനം നമുക്ക് അവസാനിപ്പിക്കാം.

‘ഏറ്റവും ഉന്നതനും ശ്രേഷ്ഠനുമായ ദൈവമേ, ഞങ്ങളുടെ മനസ്സുകളിലെ അന്ധകാരത്തെ പ്രകാശമാനമാക്കണമേ. ഞങ്ങള്‍ക്കു ശരിയായ വിശ്വാസവും, സുസ്ഥിരമായ പ്രത്യാശയും, പരിപൂര്‍ണ്ണമായ സ്‌നേഹവും നല്‍കേണമേ, അതുവഴി ഞങ്ങള്‍ എപ്പോഴും, എല്ലാ കാര്യത്തിലും നിന്റെ പരിശുദ്ധ ഹിതം നിറവേറ്റട്ടെ. ആമ്മേന്‍.’

ഫാ. ജയ്സൺ കുന്നേൽ MCBS