മിഷന്‍ വചനവിചിന്തനം: ഒക്‌ടോബര്‍ 18, ലൂക്കാ 10:19

പ്രേഷിതവര്യനായ വി. പൗലോസിന്റെ അരുമശിഷ്യനായിരുന്ന സുവിശേഷകനായ വി. ലൂക്കായുടെ തിരുനാളാണ് ഇന്ന്. ഗലീലിയയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദൈവരാജ്യം പ്രഘോഷിക്കുവാനായി എഴുപത്തിരണ്ടു പേരെ യേശു അയയ്ക്കു‌ന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ഇതിവൃത്തം.

ജയ്സൺ കുന്നേൽ

പന്ത്രണ്ടു പേര്‍ക്കു ശേഷം വരുന്ന എഴുപത്തിരണ്ടു പേരില്‍ ഇന്നിന്റെ പ്രേഷിതരായ നാമും ഉള്‍പ്പെടുന്നു. റോമന്‍ ആധിപത്യത്തിന്റെയും മത തീവ്രവാദത്തിന്റെയും അടിമത്തം മൂലം ഞെരുങ്ങിയിരുന്ന സാധാരണ ജനങ്ങളുടെ ഇടയിലേയ്ക്കാണ് ചില മൂല്യങ്ങളുടെ ബാലപാഠങ്ങള്‍ നല്‍കി യേശു ശിഷ്യന്മാരെ പ്രേഷിതദൗത്യത്തിനായി അയയ്ക്കുന്നത്. ഉടമ്പടിയുടെ പ്രകാശനവും ദൈവരാജ്യത്തിന്റെ മാതൃകകളുമായി സമൂഹങ്ങളെ സംഘടിപ്പിക്കാനും നവീകരിക്കുവാനുമാണ് യേശു പരിശ്രമിക്കുന്നത്. അതിനാലാണ് യേശു തന്റെ ശിഷ്യസമൂഹത്തിന്റെ പുതിയ സവിശേഷതകളായി ആതിഥ്യമര്യാദ, പങ്കുവയ്ക്കല്‍, ഐക്യം, പുറന്തള്ളപ്പെട്ടവരുടെ സ്വീകരണം തുടങ്ങിയ പുതിയ മൂല്യങ്ങള്‍ക്ക് സവിശേഷമായ ഊന്നല്‍ നല്‍കുക.

യേശു ശിഷ്യന്മാരെ പ്രേഷിതദൗത്യത്തിനായി അയയ്ക്കുമ്പോള്‍ കൊടുക്കുന്ന ഉപദേശങ്ങളില്‍ നിന്നും ഇതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. യേശുവിന്റെ കാലത്തും പലതരത്തിലുള്ള സാമൂഹിക കൂട്ടായ്മകള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍, ആ സമൂഹങ്ങളില്‍ നിന്ന് വിഭിന്നമായി പുതിയ രീതിയില്‍ ജീവിക്കാന്‍, സമൂഹമായി ജീവിക്കാന്‍ പുതിയ ഒരു വഴിയൊരുക്കുകയായിരുന്നു യേശു ചെയ്തത്. എന്തായിരുന്നു യേശു വിഭാവനം ചെയ്ത പ്രേഷിതസമൂഹത്തിന്റെ പ്രത്യേകതകള്‍.

ദൗത്യം (ലൂക്കാ 10: 1-3): യേശുവിന്റെ പ്രേഷിതസമൂഹത്തിന് എപ്പോഴും ഒരു ദൗത്യമുണ്ട്. അത് യേശുവില്‍ നിന്നു വരുന്നതാണ്. യേശു അയച്ച ശിഷ്യന്മാര്‍ക്ക്, അവര്‍ എവിടെപ്പോയാലും എവിടെ ആയിരുന്നാലും ഒരു ദൗത്യമുണ്ടായിരുന്നു. ശിഷ്യന്മാര്‍ യേശുവിന്റെ വക്താക്കള്‍ മാത്രമാണ്. അല്ലാതെ, ദൈവവചനത്തിന്റെ ഉടമസ്ഥരല്ല. ഒറ്റയ്ക്കല്ല യേശു ദൗത്യം നിറവേറ്റാന്‍ ശിഷ്യന്മാരെ അയയ്ക്കുന്നത്. രണ്ടു പേരെ വീതമാണ്. അന്യോന്യമുള്ള സഹായത്തിലൂടെ വേണം പ്രേഷിതവഴിയില്‍ മുന്നേറാന്‍ എന്ന് അവന്‍ പഠിപ്പിക്കുകയാണിവിടെ. പ്രേഷിതദൗത്യം ഒരിക്കലും വ്യതിരിക്തമല്ല. അത് സംഘാത്മകമായ ദൗത്യമാണ്.

കൂട്ടുത്തരവാദിത്വം (ലൂക്കാ 10: 2-3): യേശുവിന്റെ പ്രേഷിതസമൂഹത്തിന് ഒരു കൂട്ടുത്തരവാദിത്വമുണ്ട്. അതില്‍ ഒന്നാമത്തേത് പ്രാര്‍ത്ഥനയുടേതാണ്. ‘കൊയ്ത്തിന് വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍’ എന്ന് യേശു ആവശ്യപ്പെടുന്നു. ഒരു പ്രേഷിതന്റെ/ പ്രേഷിതയുടെ ഏറ്റവും വലിയ കടമ, മിഷനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. മിഷനു വേണ്ടിയുള്ള ഈ വലിയ ഉത്തരവാദിത്വം എല്ലാ ശിഷ്യന്മാര്‍ക്കും ഉണ്ടെന്ന് മനസ്സിലാക്കണം. ചെന്നായ്ക്കളുടെ ഇടയില്‍ കുഞ്ഞാടുകളെ എന്നപോലെയാണ് ശിഷ്യര്‍ അയയ്ക്കപ്പെടുന്നത്. പ്രേഷിതദൗത്യം ബുദ്ധിമുട്ടും അപകടം നിറഞ്ഞതുമായ ശുശ്രൂഷയായതിനാല്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടയേ അത് വിജയത്തിലെത്തുകയുള്ളൂ.

ആതിഥ്യമര്യാദ (ലൂക്കാ 10: 46): പ്രേഷിതസമൂഹത്തിനുണ്ടായിരിക്കേണ്ട അടുത്ത സവിശേഷത ആതിഥ്യമര്യാദയുടേതാണ്. മറ്റു മിഷനറിമാരെപ്പോലെയാകരുത് യേശുവിന്റെ ശിഷ്യന്മാര്‍. ഒന്നും കൈവശമെടുക്കാന്‍ അവര്‍ക്ക് അവകാശമില്ല. മടിശീലയോ, സഞ്ചിയോ, ചെരിപ്പോ അവര്‍ എടുക്കരുത്. അവര്‍ കൈയ്യില്‍ കരുതേണ്ടത് സമാധാനം മാത്രമാണ്. അതായത്, അവര്‍ ജനങ്ങളുടെ ആതിഥ്യമര്യാദയെ ആശ്രയിച്ച് പ്രേഷിതമേഖലയില്‍ ജീവിക്കണം. ഒന്നും കൈയ്യിലെടുക്കാതെ, സമാധാനം ഹൃദയത്തിലാക്കി പോകുന്ന ശിഷ്യന്‍ ജനങ്ങളില്‍ പ്രത്യാശ വയ്ക്കുന്നു. സ്വന്തം കഴിവും സാമര്‍ത്ഥ്യവും പുറത്തുകാണിക്കാനുള്ള അവസരമല്ല പ്രേഷിതവേല. അത് മറ്റുള്ളവരുടെ സഹായവും നന്മയും സ്വീകരിച്ചു വളരേണ്ടതാണ്. വഴിയില്‍ വച്ച് ആരെയും അഭിവാദനം ചെയ്യരുത് എന്നു പറയുന്നത്, പ്രേഷിതപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത യാതൊന്നിനുമായി പ്രേഷിതര്‍ സമയം നഷ്ടപ്പെടുത്തരുത് എന്നാണ് സൂചിപ്പിക്കുക.

പങ്കുവയ്ക്കല്‍ (ലൂക്കാ 10: 7): പങ്കുവയ്ക്കലിന്റെ ഹൃദയമുള്ളവരായിക്കണം പ്രേഷിതര്‍. ശിഷ്യന്മാര്‍ വീടുകള്‍ തോറും ചുറ്റിനടക്കരുത്. മറിച്ച്, അവരെ സ്വീകരിക്കുന്ന വീട്ടില്‍ത്തന്നെ താമസിക്കണം. സുഖസൗകര്യങ്ങള്‍ തേടി അലഞ്ഞുനടക്കരുത് എന്നു സാരം. മറ്റുള്ളവരുമായി സ്ഥായിയായ ബന്ധത്തില്‍ ഒരുമിച്ചു വസിക്കണം, അനുദിന ജീവിതവ്യാപാരങ്ങളില്‍ അവരുമായി സഹകരിക്കണം, അവരോടൊപ്പം ജോലി ചെയ്യണം, അവര്‍ തരുന്ന വേതനം കൈപ്പറ്റണം. സ്ഥായിയായ വ്യക്തിബന്ധങ്ങളിലൂടെയും പങ്കുവയ്ക്കലുകളിലൂടെയുമേ പ്രേഷിതവേല അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തിച്ചേരുകയുള്ളൂ.

ഭക്ഷണമേശയിലെ ഐക്യം (ലൂക്കാ 10: 8): ഒരുമിച്ചുള്ള ഭക്ഷണത്തിലൂടെ ദൈവരാജ്യത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ സൗഹൃദങ്ങള്‍ പ്രേഷിതര്‍ കെട്ടിയുയര്‍ത്തണം. മറ്റുള്ളവരില്‍ നിന്ന് ഭക്ഷണം സ്വീകരിക്കുമ്പോള്‍,അത് അവരെ ബഹുമാനിക്കുന്നതിന്റെയും അവരെ വിശുദ്ധരായി കരുതുന്നതിന്റെയും ബാഹ്യ അടയാളങ്ങളാണ്. ആരും അശുദ്ധരല്ല, വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടവരാണ് എന്ന് ഒരുമിച്ചുള്ള ഭക്ഷണം സൂചിപ്പിക്കുന്നു.

പുറന്തള്ളപ്പെട്ടവരുടെ സ്വീകരണം (ലൂക്കാ 10: 9a): രോഗികളെയും, സമൂഹം നിസ്സാരരായി കരുതി പുറന്തള്ളുന്നവരെയും സ്വീകരിക്കുക യേശുവിന്റെ ശിഷ്യസമൂഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ‘രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍’ (മത്തായി 10:8). സമൂഹം പുറന്തള്ളുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ സന്തതസഹചാരിയായി കൂടെയുണ്ടാകും. എങ്കിലും അവയിലൊന്നും പതറരുതെന്നാണ് യേശു പഠിപ്പിക്കുക.

ദൈവരാജ്യത്തിന്റെ ആഗമനം: മുകളില്‍ പ്രതിപാദിച്ചിരിക്കുന്ന സവിശേഷതകള്‍ പ്രേഷിതര്‍ പിന്തുടര്‍ന്നാല്‍, അവിടെ സ്വാഭാവികമായും ദൈവരാജ്യം സമാഗതമാകും. ദൈവരാജ്യപ്രഘോഷണത്തില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് തത്വങ്ങളോ നിയമസംഹിതകളോ പഠിപ്പിക്കുന്നതിലല്ല. മറിച്ച്, ദൈവത്തെ നമ്മുടെ പിതാവായി അംഗീകരിച്ച് സഹോദരീ-സഹോദരന്മാരെപ്പോലെ ജീവിക്കുവാന്‍ പഠിപ്പിക്കുന്നതിലാണ്.

ലൂക്കാ സുവിശേഷകന്‍ ഭിഷഗ്വരനായിരുന്നു. ശാരീരിക രോഗത്തിനു മാത്രമല്ല, ആത്മീയരോഗത്തിനും ആ പ്രേഷിതന്‍ മരുന്ന് നല്‍കി. ദൈവവചനത്തിലൂടെ അനേകായിരങ്ങള്‍ക്ക് ഇന്നും ആ സുവിശേഷകന്‍ ശാരീരികവും ആത്മീയവുമായ സൗഖ്യം നല്‍കുന്നു. പ്രേഷിതമാസത്തില്‍ സൗഖ്യദായകനും/ സൗഖ്യദായികയും ആകാനുള്ള വിളി നമുക്ക് തിരിച്ചറിയാം. യേശു വിഭാവനം ചെയ്യുന്ന പുതിയ പ്രേഷിതസമൂഹത്തിന്റെസവിശേഷതകള്‍ സ്വന്തമാക്കി നമുക്കും ലോക സുവിശേഷവത്കരണത്തില്‍ പങ്കാളിയാകാം.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS