ആത്മബന്ധത്തിന്റെ നേര്‍സാക്ഷ്യങ്ങളായി വി. ജോണ്‍പോള്‍ രണ്ടാമനും മദര്‍ തെരേസയും

ആഴമേറിയ സൗഹൃദമായിരുന്നു വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വിശുദ്ധ മദര്‍ തെരേസയും തമ്മിലുണ്ടായിരുന്നത്. ഇരുവരും പരസ്പരം കണ്ടുമുട്ടുന്നതു തന്നെ അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. ധാര്‍മ്മികതയുടെ ശബ്ദമായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെങ്കില്‍ കരുണയുടെ മാലാഖയായിട്ടാണ് മദര്‍ തെരേസായെ ലോകം കണ്ടത്.

ഭാരതസന്ദര്‍ശനത്തോട് അനുബന്ധിച്ച് 1986 ഫെബ്രുവരി മൂന്നിന് കല്‍ക്കട്ടയിലെത്തിയ ജോണ്‍പോള്‍ പാപ്പ, മദര്‍ തെരേസയുമായി നടത്തിയ കൂടിക്കാഴ്ച കൗതുകത്തോടെയാണ് ലോകം വീക്ഷിച്ചത്. അന്ന് മദറിനൊപ്പം മാര്‍പാപ്പ നിര്‍മ്മല്‍ ഹൃദയ ആശ്രമം സന്ദര്‍ശിച്ചു. മറ്റുള്ളവര്‍ക്ക് ഒരേ സമയം ധൈര്യവും വിശ്വാസവും പ്രത്യാശയും പകര്‍ന്നുനല്‍കുന്ന ഇടമായിട്ടാണ് നിര്‍മ്മല്‍ ഹൃദയ ആശ്രമത്തെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കുമായി ജീവിതം മാറ്റിവച്ച മദറിനോടുള്ള സ്നേഹം മാര്‍പാപ്പ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

വത്തിക്കാനിലെത്തുന്ന അവസരങ്ങളിലെല്ലാംതന്നെ മദര്‍, വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. റോമിലെ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനായി അദ്ദേഹം, വത്തിക്കാനിലെ ഒരു ഭവനം മദറിനു കൈമാറുകയും ചെയ്തു. അവിടെ ഇന്നും മിഷനറീസ് ഓഫ് ചാരിറ്റിയിലെ സഹോദരിമാര്‍ പാവങ്ങളെ ശുശ്രൂഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.