ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ഇന്റര്‍നാഷനല്‍ ഇക്കണോമിക് സമ്മിറ്റ് മാറ്റിവച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ഇന്റര്‍നാഷനല്‍ ഇക്കണോമിക് സമ്മിറ്റ് മാറ്റിവച്ചു. ഇറ്റലിയില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെതുടര്‍ന്നാണ് ഇത്. നവംബറിനുശേഷം സമ്മിറ്റ് നടത്താനാണ് ഇപ്പോഴുള്ള തീരുമാനം.

മാര്‍ച്ച് 26 മുതല്‍ 28 വരെ തീയതികളില്‍ അസ്സീസിയിലാണ് ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 115 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം ധനശാസ്ത്രജ്ഞന്മാരാണ് പങ്കെടുക്കാനിരുന്നത്. നോബെല്‍ സമ്മാനജേതാവ് അമര്‍ത്യാ സെന്‍, മുഹമ്മദ് യൂനസ് എന്നിവരും ഉച്ചകോടിയിയില്‍ പങ്കെടുക്കുന്നവരില്‍പെടുന്നു. മാര്‍ച്ച് ഒന്നിനാണ് സംഘാടകസമിതി ഉച്ചകോടി മാറ്റിവച്ച തീരുമാനം അറിയിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പല വിമാനക്കമ്പനികളും സര്‍വ്വീസ് റദ്ദാക്കുകയോ എണ്ണം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

ഇറ്റലിയും പരിസരങ്ങളിലും കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പാപ്പായുടെ ശാരീരിക അസ്വസ്ഥതകള്‍ കൂടി പരിഗണിച്ച് അദ്ദേഹത്തെ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കുകയുണ്ടായി. എന്നാല്‍, ഫലം നെഗറ്റീവായതോടെ അദ്ദേഹത്തിന് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചതായി വത്തിക്കാന്‍ അറിയിക്കുകയും ചെയ്തു. വിഭൂതി ബുധനാഴ്ച മുതല്‍ ആരംഭിച്ച കടുത്ത ജലദോഷവും ശാരീരിക അസ്വസ്ഥതകളും മൂലമാണ് പാപ്പാ ധ്യാനത്തില്‍ നിന്നു വിട്ടുനിന്നത്. എന്നാല്‍, ഇറ്റലിയിലും മറ്റും കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യമുള്ളതിനാല്‍ പാപ്പായ്ക്കും രോഗം പിടിപെട്ടോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. പരിശോധനാഫലം വന്നതോടെ ആ ആശങ്കയ്ക്ക് അറുതി വന്നിരിക്കുകയാണ്.