ഉയിര്‍പ്പിന്റെ പ്രാര്‍ത്ഥന

ഡോ. ജോര്‍ജ് ഓണക്കൂര്‍

ദൈവം മനുഷ്യനായി അവതരിച്ചു എന്നത് ജീവരാശിക്കു നല്‍കപ്പെട്ട വിസ്മയകരമായ സുവിശേഷമാണ്. പാപമെന്ന ബന്ധനത്തില്‍ നിന്ന് വിടുതല്‍ നേടണമെങ്കില്‍ അനുതാപത്തിന്‍റെ നേര്‍വഴിയില്‍ നയിക്കപ്പെടണം. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള യാത്ര. മാര്‍ഗ ദീപമായി ഉദിച്ചു നില്‍ക്കുന്ന നക്ഷത്രം. ഗുരുദര്‍ശനം സഞ്ചാരപഥം സുഗമമാക്കുന്ന നക്ഷത്രശോഭയാണ്. ഗുരു സത്യമാണ്, സത്യം ദൈവമാണ്. അഥവാ, ദൈവം ഗുരുതന്നെയാണ്. ആചാര്യ ദേവോ ഭവഃ എന്ന ഭാരതീയ ദര്‍ശനം ഈ ദൈവികാനുഭവം പ്രദാനം ചെയ്യുന്നു.

വിശ്വാസത്തിന്‍റെ തീഷ്ണതയില്‍, മനുഷ്യനായിപ്പിറന്ന ദൈവം ഗുരുവും രക്ഷകനും സകല ജനത്തിനും സമാധാനത്തിന്‍റെ അടയാളവുമാകുന്നു. പാപം നിമിത്തം പരിത്യക്തരായവര്‍; നഷ്ട്ടപ്പെട്ട പറുദീസാ വീണ്ടെടുക്കാന്‍ ദൈവവചനത്തില്‍ ആശ്രയിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് പലായനം ചെയ്ത പൂര്‍വപിതാക്കള്‍ ; മിസ്രയിമില്‍ ഉപജീവനത്തിന് ശരണാര്‍ത്ഥികളായി ചെന്നുചേര്‍ന്ന യിസ്രായേല്‍ മക്കള്‍ ; പിന്നെ പ്രവാസികളുടെ പീഡനകാല വിമോചകനായ മോശയിലൂടെ വീണ്ടെടുപ്പ്….
ദൈവജനത്തിന്‍റെ ത്യാഗപൂര്‍ണ്ണവും ക്ളേശനിര്‍ഭരവുമായ തീര്‍ത്ഥാടനപഥം ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന തെറ്റുകള്‍; അതിനുള്ള ശിക്ഷാവിധികള്‍. സമാധാനത്തിന്‍റെ നാള്‍വഴികള്‍ അകലെ, അകലെ. പ്രവാചകന്മാര്‍ വഴി വെളിപ്പെടുത്തിയ രക്ഷകന്‍റെ ആഗമനത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് യൂദയാ ചരിത്രത്തിന്‍റെ പ്രഥമഘട്ടം. ഒടുവില്‍ രാത്രിയുടെ ഇരുട്ടുമാഞ്ഞ് പ്രഭാത താരകം ഉദയം ചെയ്യുന്നു. ഭൂമിയില്‍ മനുഷ്യപുത്രന്‍റെ പിറവി. ആകാശങ്ങളില്‍ ശാന്തി ഗീതം മാറ്റൊലിക്കൊള്ളുന്നു:
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം :

മനുഷ്യസ്നേഹത്തിന്‍റെ പുതിയ നിയമം എഴുതപ്പെടുകയാണ്. പാപികളോടു പൊറുക്കുക. ദൈവത്തിരുമുന്‍പില്‍ എല്ലാവരും കരുണയര്‍ഹിക്കുന്നവര്‍. സ്വജാതിയനെന്നോ വിജാതിയനെന്നോ ഭേദമില്ല. സമ്പന്നനും ദരിദ്രനും സമന്മാര്‍. സമ്പത്തുള്ളവര്‍ അത് മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണം എന്നുമാത്രം. സ്വയം വിധിക്കപ്പെടാതിരിക്കാന്‍ ആരെയും വിധിക്കരുത്. സ്വര്‍ഗസ്ഥനായ ദൈവം എല്ലാ മനുഷ്യരുടെയും പിതാവാണ്. മനുഷ്യരെല്ലാം അവിടുത്തെ സന്തതികള്‍. പരസ്പരം സ്നേഹിക്കുക; അത് മഹത്തായ ജീവനമന്ത്രം.

ക്ഷമയുടെയും കരുണയുടെയും സന്ദേശമായിട്ടാണ് യേശു ക്രിസ്തു ചരിത്രം മാറ്റിയെഴുതിയത്. ഒന്നാമനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടേയും ദാസനാവുക, മൂന്നുകാതം ഒപ്പം നടക്കാന്‍ നിര്‍ബന്ധിക്കുന്നവര്‍ക്കൊപ്പം ആറു കാതം യാത്ര ചെയ്യുക. രണ്ട് ഉടുപ്പുള്ളവന്‍ ഒന്ന് ഒന്നുമില്ലാത്തവന് ദാനംചെയ്യുക. സഹോദരനെ കരുതാത്തവന് ദൈവത്തെ പ്രീതിപ്പെടുത്തുക അസാദ്ധ്യം.

യേശു ജനങ്ങളുടെ ഭാഷയില്‍ സംസാരിച്ചുകൊണ്ട് അവര്‍ക്കൊപ്പം സഞ്ചരിച്ചു. വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കി. അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ തീറ്റിപ്പോറ്റിയ അത്ഭുതം. തളര്‍വാത രോഗിയ നടക്കുമാറാക്കി. കുരുടന് കാഴ്ച്ച. കുഷ്ഠരോഗിക്ക് രോഗവിമോചനം. മരണത്തിനു കീഴടങ്ങിയ ലാസറിന് പുനരുജ്ജീവനം. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പുറംതള്ളപ്പെട്ടവരുമായിരുന്നു ശിഷ്യഗണത്തില്‍.
അധികാരവും സമ്പത്തും കൈയ്യാളിയിരുന്നവരെ ചോദ്യം ചെയ്തപ്പോഴും പുരോഹിതന്മാരും പരീശന്മാരും നിയമജ്ഞരുമൊക്കെ അവന് എതിരായി നിലകൊണ്ടു. എങ്ങനെയും ഈ വിപ്ളവകാരിക്ക് കഴുമരമൊരുക്കണമെന്ന് അവര്‍ ദൃഢനിശ്ചയം ചെയ്തു. ദൈവനിന്ദ നടത്തുന്നു, റോമ ചക്രവര്‍ത്തിക്കെതിരെ വിപ്ളവത്തിന് ഒരുക്കം കൂട്ടുന്നു തുടങ്ങിയ കള്ളസാക്ഷ്യങ്ങള്‍. ചതിവില്‍ പിടികൂടി ബന്ധിതനാക്കി റോമ ഗവര്‍ണ്ണറുടെ മുന്നില്‍ ഹാജരാക്കി. ഈ നസ്രായനെ കുരിശിലേറ്റുക എന്ന് പുരുഷാരത്തെക്കൊണ്ട് ആക്രോശിപ്പിച്ചു. അവനെ വിട്ടയക്കണമെന്ന ഗവര്‍ണര്‍ പിലാത്തോസിന്‍റെ താത്പര്യം സഫലമായില്ല.

കാല്‍വരി മലയില്‍ നാട്ടിയ മരക്കുരിശില്‍ മൂന്ന് ആണികളില്‍ തറയ്ക്കപ്പെട്ട് മനുഷ്യപുത്രന്‍ – രക്ത ഞരമ്പുകള്‍ വലിഞ്ഞു മുറുകി പിടഞ്ഞ് മരണം വരിച്ചു. അവന്‍റെ ശിഷ്യന്മാര്‍ ഭയം നിമിത്തം അവനെ വിട്ട് ഓടിപ്പോയി. കുരിശിന്‍റെ ചുവട്ടില്‍ അവന്‍റെ അമ്മയും ഏതാനും സ്ത്രീകളും, താന്‍ സ്നേഹിച്ച ശിഷ്യന്‍ യോഹന്നാനും മാത്രം ബാക്കിയായി. ദൈവത്തിന്‍റെ ജീവനുള്ള പുത്രന്‍ മരിച്ചവനെപ്പോലെ കല്ലറയില്‍ സംസ്ക്കരിക്കപ്പെട്ടു.

കളങ്കമില്ലാത്ത കുഞ്ഞാടിന്‍റെ രക്തം വീണ് ഭൂമിയുടെ മുഖം ഇരുണ്ടു. മറിയത്തിന്‍റെ ഹൃദയത്തില്‍ ഒരുവാള്‍ മൂര്‍ച്ചയോടെ നിലകൊണ്ടു. അമ്മയ്ക്ക് മകന്‍റെ പിറവിയോടൊപ്പം വിധി സമ്മാനിക്കുന്നവാള്‍. ഹൃദയം രണ്ടായി പിളര്‍ന്നുപോയി.
ഭൂമിയില്‍ അവതരിച്ച ദൈവപുത്രന്‍ മനുഷ്യരുടെ പാപത്തിന്‍റെ കുരിശ് സ്വന്തം തോളില്‍ വഹിച്ചു. അതില്‍ സ്വന്തം ശരീരം ബലിയര്‍പ്പിച്ചു. ഈ ബലിയര്‍പ്പണത്തിലൂടെയാണ് മനുഷ്യസമൂഹത്തിന് പാപവിമുക്തി ലഭ്യമായത് സ്വര്‍ഗ്ഗത്തിന്‍റെ പുനഃസ്ഥാപനം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നത്.

മരണത്തിന്‍റെ അധികാരം മായ്ച്ചുകളഞ്ഞ് ജീവന്‍റെ അടയാളം ഭൂമിയുടെ പ്രകാശമാക്കിത്തീര്‍ത്തു മനുഷ്യപുത്രന്‍റെ പുനരുത്ഥാനം. സ്വര്‍ഗ്ഗവും ഭൂമിയും സന്തോഷിച്ചു. ആകാശപഥത്തില്‍ നക്ഷത്രദീപങ്ങള്‍ തെളിഞ്ഞു. മുഖങ്ങളില്‍ ജീവനസംഗീതം അലയടിച്ചു.

ഉയിര്‍പ്പ് ഉത്സവവേളയാണ്. സഹജീവികളുടെ പാപം ഏറ്റുവാങ്ങി അതില്‍ മരിച്ച് നിത്യജീവന്‍ സ്വന്തമാക്കുക. ദുഃഖവെള്ളിയാഴ്ച്ച മനുഷ്യപുത്രനോടൊപ്പം മരിക്കുന്നവര്‍ ഞായര്‍ നാളില്‍ ദൈവപുത്രരായി നിത്യതയില്‍ ഉയിര്‍കൊള്ളുന്നു. കുരിശിന്‍റെ വഴിയിലൂടെ നടക്കാത്തവര്‍ക്ക് ജീവന്‍റെ പഥത്തില്‍ പ്രവേശനമില്ല.

പ്രബോധനങ്ങളെക്കാള്‍ പ്രധാനം ആത്മാര്‍ത്ഥമായ പ്രവര്‍ത്തികളാണ്. മധുരമായ വാക്കുകള്‍ വിളിച്ചുപറയാനെളുപ്പം. കരുണയുടെ സ്പര്‍ശത്തില്‍ ജീവിതകാര്‍ക്കശ്യം നിവാരണം ചെയ്യുമ്പോള്‍ മാത്രമേ ശാന്തിയും സന്തോഷവും യാഥാര്‍ത്ഥ്യമാവുകയുള്ളു.
യേശുവിന്‍റെ മരണവും പുനരുത്ഥാനവും സംസ്കാരത്തിന്‍റെ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. എല്ലാ മനുഷ്യനും ഒരേ ദൈവത്തിന്‍റെ മക്കളാണ് എന്ന തിരിച്ചറിവ്. നിറമേതായാലും സാമൂഹികാവസ്ഥയില്‍ എന്തെന്തു മാറ്റങ്ങള്‍ സംഭവിച്ചാലും സകലരും സഹോദരങ്ങള്‍.

ആശ്വാസത്തിന്‍റെ കുളിര്‍ക്കാറ്റ് വീശുന്നു. രാക്കിളികള്‍ ഉണര്‍ന്നിരുന്നു പാടുന്നു. ആകാശം നിറയെ നക്ഷത്രങ്ങള്‍. ഭൂമിയില്‍ സ്വര്‍ഗ്ഗീയ പ്രഭ പരക്കുന്നു. ജീവന്‍റെ പുതിയ കാലപ്പിറവി. ഒരു പൂവു പോലെ വിടര്‍ന്ന് ജീവപ്രകൃതിയെ സുന്ദരവും സുരഭിലവുമാക്കാന്‍ കഴിഞ്ഞെങ്കില്‍….! അതാവും ഉയിര്‍പ്പിന്‍റെ പ്രാര്‍ത്ഥന.

കടപ്പാട്: മലങ്കര നാദം
ധര്‍മ്മപീഠം, മലങ്കര കാത്തലിക്ക് ബിഷപ്സ് ഹൗസ്
സുല്‍ത്താന്‍ ബത്തേരി പി.ഒ., വയനാട്, കേരള -673 592
ഫോണ്‍ – 9446293293

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.