വൈദിക ആസ്ഥാനം പെറുവിലെ പാവങ്ങൾക്കായുള്ള ആശുപത്രിയാക്കി മാറ്റി ഡൊമിനിക്കൻ വൈദികർ

തങ്ങളുടെ വൈദിക ആസ്ഥാനം പാവങ്ങൾക്ക് ശരിയായ ആരോഗ്യപരിപാലനം നൽകുന്ന ആശുപത്രിയാക്കി മാറ്റി പെറുവിലെ ഡൊമിനിക്കൻ വൈദികർ. ഡൊമിനേഷ്യൻ വൈദിക വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവന്നിരുന്ന ലിമയിലെ പ്രൊവിൻഷ്യൽ ഹൗസ് ആണ് ആശുപത്രിയാക്കി മാറ്റിയത്. മാർട്ടിൻ ഡി പോറസിന്റെ പേരിൽ സ്ഥാപിതമായ ഈ ആശുപത്രിയുടെ കൂദാശാകർമ്മം ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി കഴിഞ്ഞു.

നിലവിലെ പ്രിയർ പ്രൊവിൻഷ്യലായ ഫാ. റാമുലോ വാസ്‌ക്വസ് ഗാവിഡിയ, ഫാ. ലൂയിസ് എൻറിക് റാമറസ് കാമാച്ചോ എന്നിവരാണ് ആശുപത്രിയുടെ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. വി. ഡൊമിനിക്, വി. മാർട്ടിൻ ഡി പോറസ് എന്നിവർ പകർന്ന സേവനമാതൃക അനേകരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി സ്ഥാപിച്ചത്.

ആളുകളുടെ വിദ്യാഭ്യാസപരവും ബൗദ്ധികവുമായ കാര്യങ്ങൾ മികച്ചതാക്കുവാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ സമൂഹത്തിൽ സാധാരണക്കാരായ ആളുകളെ സേവിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സമൂഹത്തിൽ വേദനിക്കുന്നവരിൽ ക്രിസ്തുവിന്റെ മുഖം ദർശിക്കുവാൻ കഴിയണം. നാളുകളായുള്ള ആരോഗ്യപരിപാലന രംഗത്തെ ചെറിയ പ്രവർത്തനങ്ങൾ വിപുലീകരിച്ചുകൊണ്ട്, ലാഭം പ്രതീക്ഷിക്കാതെ പാവപ്പെട്ടവർക്ക്  സേവനങ്ങൾ നൽകുകയാണ് ഈ ആശുപത്രിയുടെ സ്ഥാപനത്തിലൂടെ ഉദ്ദേശിക്കുന്നത് – ഫാ. റാമറസ് വെളിപ്പെടുത്തി.