യഥാർത്ഥത്തിൽ പ്രാർത്ഥനയിൽ സംഭവിക്കേണ്ടത് എന്താണ്?

നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ ദൈവം നടപ്പാക്കുന്ന സമയം മാത്രമല്ല പ്രാർത്ഥന. മറിച്ച്, ദൈവത്തിന് സ്തുതിയും നന്ദിയും അർപ്പിക്കേണ്ട സമയം കൂടിയാണ് പ്രാർത്ഥനാസമയം. നമ്മുടെ ആവശ്യങ്ങൾ അറിയിക്കേണ്ട ഒരു സ്ഥലമല്ല ദൈവത്തിന്റെ സന്നിധി. ദൈവത്തോട് സ്നേഹാനുഭവത്തിൽ ആയിരിക്കേണ്ട സ്ഥലമാണ്.

നിസ്വാർത്ഥമായ ദൈവസ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക

ദൈവം നമ്മിലേയ്ക്കു ചൊരിഞ്ഞ അനന്ത നന്മകളെക്കുറിച്ചു  ധ്യാനിക്കുവാൻ പറ്റുന്ന സമയമായിരിക്കണം പ്രാർത്ഥനയുടെ നിമിഷം. കാരണം, ദൈവത്തിന്റെ അനുഗ്രഹങ്ങൾ അത്ര അധികമായി ജീവിതത്തിലേയ്ക്കു സ്വീകരിച്ചവരാണ് നാമോരോരുത്തരും. ദൈവം ഒന്നും മാറ്റിവയ്ക്കാതെ സ്വപുത്രനെപ്പോലും നമുക്കായി നൽകി. പുത്രനായ ഈശോ തന്റെ അവസാനതുള്ളി രക്തം പോലും നമുക്കായി നൽകി. ഇത്രയധികമായി നമ്മെ സ്നേഹിക്കുന്ന ദൈവത്തിന് നന്ദി പറയുവാതിരിക്കുവാൻ നമുക്കാവുമോ? അനുദിനവും നമ്മെ പരിപാലിക്കുന്ന അവിടുത്തെ പരിപാലനയെ വിസ്മരിക്കുവാൻ നമുക്ക് കഴിയുമോ?

ദൈവത്തെ സ്തുതിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യർ

ദൈവത്തെ സ്തുതിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് നാം എന്ന് പലപ്പോഴും നാം മറന്നുപോകുന്നു. നാം പ്രാർത്ഥിക്കുന്നത് നേടാനുള്ള ഉപകരണമായി ദൈവത്തെ കാണുന്നുണ്ടോ? ഒരു ബിസിനസ് മനസോടെ പ്രാർത്ഥിച്ചിട്ട് കാര്യമില്ല. ദൈവത്തിന്റെ സന്നിധിയിൽ നാം ആയിരിക്കുന്നത് നമ്മുടെ കുറെയേറെ കാര്യസാധ്യത്തിനായിട്ടായിരിക്കരുത്. ദൈവത്തെ സ്നേഹിക്കുന്നതിനും ഒരു കൂട്ടുകാരനോടെന്നപോലെ അവിടുത്തോട് സംസാരിക്കാനും അവിടത്തോടു കൂടെ ആയിരിക്കാനുമുള്ള അവസരമായി പ്രാർത്ഥനയുടെ സമയം മാറണം.

നമ്മുടെ പ്രാർത്ഥന ആഴപ്പെട്ടിരിക്കുന്നത് വെറും ആഗ്രഹസംതൃപ്തിയിലാണോ അതോ വിശ്വാസത്തിലാണോ? ഇത് നാം സ്വയം പരിശോധിക്കേണ്ട ഒന്നാണ്. ദൈവത്തെ സ്തുതിക്കുക എന്നത് നമ്മുടെ ശാശ്വത സന്തോഷമായി എന്നും നമ്മുടെ കൂടെയുണ്ടാകും.