കരുതലിന്റെ സുവിശേഷത്തെ തിരസ്കരിക്കരുത്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു സ്നേഹിതൻ പറഞ്ഞ ഒരു അനുഭവം  ഇന്നും മനസിൽ ഒരു നോവായി അവശേഷിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ സഹപ്രവർത്തകയായ ഒരു സ്ത്രീ ഗർഭിണിയായി. അപ്പോൾ അവർക്ക് മുപ്പത്തിയൊന്‍പതു വയസ്. അവരുടെ മൂത്ത മകൾ പ്ലസ്ടുവിനും രണ്ടാമത്തെ മകൻ പത്തിലും പഠിക്കുന്നു. കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുമെന്നു കരുതി ഭാര്യയും ഭർത്താവും കൂടി കുഞ്ഞിനെ അബോർഷൻ ചെയ്യാൻ തീരുമാനിച്ചു. ഈ തീരുമാനം സ്നേഹിതൻ വഴി എന്റെ കാതിലുമെത്തി. അറിഞ്ഞപാടെ ഞാന്‍ അവരുടെ വീട്ടിൽ ചെന്നു. ഭാര്യയും ഭർത്താവും കുഞ്ഞിനെ ഇല്ലാതാക്കുന്നതിനെക്കുറിച്ചാണ് എന്നോട് സംസാരിച്ചത്. ഞാന്‍ അതിനെ ശക്തിയുക്തം എതിർത്തു.

അവർ പറഞ്ഞതിന്റെ പൊരുൾ ഇതായിരുന്നു: “അച്ചാ, ഞങ്ങളുടെ മക്കൾ വലുതായല്ലോ? ഇപ്പോൾ ഒരു കുഞ്ഞ്… ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല. മാത്രമല്ല, ഈ വിവരം മറ്റുള്ളവർ അറിയുമ്പോൾ അവർ ഞങ്ങളെ പരിഹസിക്കും. കുഞ്ഞുങ്ങൾക്കും ഇതൊന്നും ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.”

മക്കളോട് ഞാൻ സംസാരിക്കാമെന്നു പറഞ്ഞിട്ടും അവർ അതിന് താല്‍പര്യം കാണിച്ചില്ല. ഏറെ വേദനയോടെയാണ് ആ വീട്ടിൽ നിന്നും മടങ്ങിയത്. പിന്നീട് അറിയാനിടയായി അവർ പറഞ്ഞതുപോലെ തന്നെ ചെയ്തെന്ന്. ഏതാനും വർഷങ്ങൾക്കുശേഷം ആ ദമ്പതികളെ കാണാനിടയായി. എന്നെ കണ്ടപ്പോൾ അവർ പരിസരം മറന്ന് പൊട്ടിക്കരയുകയായിരുന്നു. എന്താണ് കാര്യമെന്നറിയാതെ ഞാൻ വിഷമിച്ചു. മനസൊന്ന് ശാന്തമായപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങളെക്കുറിച്ച് അവർ പങ്കുവച്ചു.

അവരുടെ മക്കളിലൊരാൾ ക്യാൻസർ ബാധിച്ച് അവശതയിലാണ്. കുടുംബത്തിൽ തുടർച്ചയായി പ്രതിബന്ധങ്ങളേറുന്നു. എല്ലാത്തിനും കാരണം തങ്ങളുടെ അന്നത്തെ വിവേകരഹിതമായ പെരുമാറ്റമാണെന്ന് അവർ സംശയിക്കുന്നു.

“അച്ചാ, ദൈവം ശിക്ഷിക്കുന്നതല്ലെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ഞങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങൾക്ക് ശമനമുണ്ടാകാൻ പ്രാർത്ഥിക്കണം” എന്ന് അവർ കരങ്ങൾ കൂപ്പി അപേക്ഷിക്കുകയായിരുന്നു.

ഇക്കാലയളവിൽ പല സംഭവങ്ങൾ കേട്ടപ്പോഴും ആ കുടുംബമാണ് ഓർമ്മയിൽ വന്നത്. ചില നിസ്സാരകാര്യങ്ങൾക്കു വേണ്ടി ദൈവഹിതം മാറ്റിവയ്ക്കുന്നവരല്ലേ നമ്മളിൽ പലരും? ദൈവഹിതത്തേക്കാൾ മറ്റുള്ളവരുടെ വാക്കുകൾക്കായിരിക്കും നാം കൂടുതൽ മുൻഗണന നൽകാറുള്ളത്. മറ്റുള്ളവരെ നോക്കി ജീവിതം അളന്നു കൂട്ടുന്നവരാണ് ഇന്ന് ഏറെപ്പേരും. സോഷ്യൽ സ്റ്റാറ്റസിനു വേണ്ടി പളളിയിൽ പോകാത്തവരും ആത്മീയകൂട്ടായ്മകളിൽ പങ്കെടുക്കാത്തവരും കുടുംബപ്രാർത്ഥനകൾ ശബ്ദം കുറച്ച് ചൊല്ലുന്നവരും ദൈവം തരുന്ന മക്കളെ സ്വീകരിക്കാത്തവരും ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ…!

“കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്തായി 7:21).

ക്രിസ്തുവിന്റെ ഈ വാക്കുകൾ നമ്മുടെ ഹൃദയങ്ങൾക്ക് ഉണർത്തുപാട്ടായി തീരട്ടെ. ഹൃദയം നവീകരിക്കാനും ജീവിതം പുതുക്കിപ്പണിയാനും ഈ നോമ്പുകാലത്ത് ഈ വചനം മാർഗ്ഗദീപവുമാകട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.