ഡിവൈന്‍ ധ്യാന കേന്ദ്രവും 1500  മനുഷ്യരും- വെള്ളപ്പൊക്കത്തിൽ സംഭവിച്ചത്  

മരിയ ജോസ്

“ആര്‍ത്തിരച്ചെത്തുന്ന വെള്ളത്തില്‍ നിന്ന് 1500 ജീവനുകളെ ചേര്‍ത്തു പിടിച്ചു മുകളിലേയ്ക്ക് കയറുമ്പോഴും ഞങ്ങളുടെ ഭീതി ശാന്തിപുരത്തെ രോഗികളായവരെക്കുറിച്ചായിരുന്നു.” പ്രളയ ഭീതിയില്‍ കഴിഞ്ഞ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ സുപ്പീരിയര്‍ ഫാ. പോള്‍ പുതുവ ആ ഭീകര നിമിഷങ്ങളെ ഓര്‍ത്തെടുക്കുകയാണ്.

വെള്ളം കേറുമെന്നു പ്രതീക്ഷിക്കാതെ 

പതിനാലാം തിയതി മുതല്‍ കനത്ത മഴയുണ്ടായിരുന്നു എങ്കിലും ധ്യാന കേന്ദ്രത്തിലേയ്ക്ക് വെള്ളം കയറുമെന്നുള്ള പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ആ സമയങ്ങളില്‍ ധ്യാനം കൂടുന്നവരും ഇവിടുത്തെ സ്റ്റാഫും എല്ലാം കൂടി 1500 – റോളം ആളുകള്‍ ഉണ്ടായിരുന്നു. പതിനഞ്ചാം തിയതിയാണ് നദി കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങുന്നത്.  ധ്യാന കേന്ദ്രത്തിലെ മലയാളം ധ്യാനങ്ങള്‍ നടക്കുന്ന വിഭാഗത്തില്‍ ആദ്യം തന്നെ വെള്ളം കയറിയിരുന്നു. അപ്പോഴും ഒരുപാട് വെള്ളം കയറും എന്ന പ്രതീക്ഷ ആര്‍ക്കും ഇല്ലായിരുന്നു. എന്നാല്‍ പതിനാറാം തിയതി രാവിലെയോടെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടങ്ങി. ഇംഗ്ലീഷ് ക്യാമ്പസിലെക്ക് വെള്ളം ഇരച്ചു കേറിത്തുടങ്ങി. ആ സമയം തന്നെ എല്ലാ ആളുകളെയും മുകളിലത്തെ നിലയിലേയ്ക്ക് മാറ്റിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ധ്യാന കേന്ദ്രത്തില്‍ എട്ടടിയോളം വെള്ളം ഉയര്‍ന്നു.

ധ്യാനകേന്ദ്രത്തിന്റെ താഴത്തെ നില വെള്ളത്തില്‍ മുങ്ങിയതോടെ പുറത്തേയ്ക്കിറങ്ങാനും മറ്റും കഴിയാതെയായി. പിന്നീടുള്ള രണ്ടു ദിവസങ്ങള്‍ ഭീതിയുടെ നിഴലിലായിരുന്നു. എന്താകും എന്നറിയാത്ത, അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ആ സമയത്ത് എന്ന് പോളച്ചന്‍ പറയുന്നു.

ഒറ്റപ്പെട്ട ഒരു അവസ്ഥ 

പതിനാറാം തിയതി മുതല്‍ ധ്യാന കേന്ദ്രം പൂര്‍ണമായും ഒറ്റപ്പെട്ടു. ധ്യാന കേന്ദ്രത്തിന്റെ പ്രധാന ഹാളും മറ്റും വെള്ളത്തില്‍ മുങ്ങിയിരുന്നു. എന്നാല്‍ മുകളിലുള്ള രണ്ടു ചാപ്പലുകളിലായി ഞങ്ങള്‍ ആരാധനയും മറ്റു പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. ആദ്യ ദിവസം അവിടെയുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ ഒക്കെ കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. എന്നാല്‍ അടുത്ത ദിവസം മുതല്‍ വിമാനത്തില്‍ സാധങ്ങള്‍ എത്തിത്തുടങ്ങി. എല്ലാവര്‍ക്കും അത് പര്യാപ്തമായിരുന്നില്ല എങ്കിലും ആളുകള്‍ പരസ്പരം പങ്കുവെച്ചു സഹകരിച്ചു.

ഞങ്ങള്‍ മൂന്നാല് അച്ചന്മാരും ഇവിടുത്തെ സ്റ്റാഫും തന്നെ ആയിരുന്നു എങ്കില്‍ പേടിക്കേണ്ട കാര്യം ഇല്ലായിരുന്നു. എന്നാല്‍ ആയിരത്തി അഞ്ഞൂറിലധികം വരുന്ന ആളുകളെ സുരക്ഷിതരാക്കി നിര്‍ത്തുക അതായിരുന്നു തങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.  ഒപ്പം ശാന്തിപുരത്തെ രോഗികളുടെ അവസ്ഥ ഞങ്ങളെ കൂടുതല്‍ ഭയപ്പെടുത്തിയിരുന്നു എന്ന് അച്ചന്‍ പറഞ്ഞു.

ഭീതിയുടെ നിഴലില്‍ ശാന്തിപുരം കെയര്‍ സെന്റര്‍ 

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നിന്നും മാറിയാണ് ശാന്തിപുരം കെയര്‍ സെന്റെര്‍ സ്ഥിതി ചെയ്യുന്നത്. പുഴയില്‍ നിന്ന് അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന ഇവിടെ മാനസിക രോഗികളും ഡി അഡിക്ഷന്‍ സെന്ററിലെ ആളുകളും ഉള്‍പ്പെടെ 425 – ഓളം ആളുകളായിരുന്നു ഉണ്ടായിരുന്നത്. വെള്ളം കയറിയ ആദ്യ ദിവസം തന്നെ ഈ സെന്റര്‍ ഒറ്റപ്പെട്ടു. ഭക്ഷണവും മറ്റു അവശ്യ വസ്തുക്കളുമായി അവിടെയ്ക്ക് പോകുവാന്‍ ശ്രമിച്ചു എങ്കിലും ശക്തമായ ഒഴുക്ക് മൂലം അവിടെയ്ക്ക് എത്തിപ്പെടാനായില്ല. എയര്‍ ഡ്രോപ്പ് പോലുള്ള സംവിധാനങ്ങളും അവിടെ നടന്നില്ല. തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു ശാന്തിപുരം കെയര്‍ സെന്റര്‍.

അവിടെയുള്ള ആളുകള്‍ എല്ലാവരും തന്നെ മരുന്നു ഉപയോഗിക്കുന്നവരായിരുന്നു. അവര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ല ഈ ഒരു അവസ്ഥയെ എങ്ങനെ അവര്‍ അതിജീവിക്കും എന്നത് ഞങ്ങളുടെ മുന്നില്‍ വലിയൊരു ചോദ്യ ചിഹ്നമായിരുന്നു എന്ന് ഫാ. പോള്‍ പറയുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ അവരില്‍ പലരും ക്ഷീണിതരുമായിരുന്നു; പ്രായമായവരും. ഈ സാഹചര്യത്തില്‍ അവരെ പുറത്തെത്തിക്കുക എന്നത് രക്ഷാ പ്രവര്‍ത്തകര്‍ക്കും വെല്ലുവിളിയായിരുന്നു. അതിനാല്‍ അവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ച് അവര്‍ക്ക് ഭക്ഷണം എങ്ങനെയും എത്തികുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നീട് ഹെലികൊപ്ടറുകളിലും മറ്റും ആഹാര സാധനങ്ങള്‍ എത്തിക്കുകയായിരുന്നു.

ഇവിടെ രണ്ടു രോഗികള്‍ ഈ സമയത്ത് ഭക്ഷണവും മരുന്നും കിട്ടാതെ മരിച്ചിരുന്നു.

നഷ്ടങ്ങള്‍ മാത്രം

കുത്തിയൊഴുകിയ വെള്ളത്തില്‍ ധ്യാന കേന്ദ്രത്തിനു സംഭവിച്ചത് കൊടും നഷ്ടങ്ങള്‍. മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍ ക്യാമ്പസില്‍ സ്ഥാപിച്ചിരുന്ന സ്റ്റുഡിയോയും അതിനുള്ളിലെ സാധനങ്ങളും വെള്ളം എടുക്കുന്നത് നിസഹായതയോടെ നോക്കി നിക്കാന്‍ മാത്രമേ ഇവര്‍ക്ക് സാധിച്ചുള്ള. ധ്യാന കേന്ദ്രത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍, ചാപ്പലിലെ വസ്തുക്കള്‍, തുടങ്ങി അവിടെ ഉണ്ടായിരുന്ന സകല വസ്തുകളും ഉപയോഗരഹിതമായിരിക്കുകയാണ്. കൂടാതെ ഈ സ്ഥാപനത്തിലെ ഇരുനൂറിലധികം പശുക്കള്‍ ഒഴുകി പോയി. കുറച്ചെണ്ണം അവശേഷിക്കുന്നുണ്ട്. എന്നാല്‍ അവ എങ്ങനെ അവശേഷിച്ചു എന്നത് ഇപ്പോഴും അത്ഭുതം.

രണ്ടു ദിവസങ്ങള്‍ക്കു ശേഷം ധ്യാന കേന്ദ്രത്തില്‍ കുടുങ്ങിയവരെ രക്ഷപെടുത്തുന്നതിനായി ബോട്ടുകള്‍ എത്തി. കുറേ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലെയ്ക്ക് മാറ്റി. ബാക്കിയുള്ളവര്‍ അവിടെ തന്നെ തുടര്‍ന്നു. ഇപ്പോള്‍ വെള്ളമിറങ്ങി. ആളുകള്‍ വീടുകളിലേയ്ക്ക് മടങ്ങി തുടങ്ങി. ക്യാമ്പസ് മുഴുവന്‍ ചെളി നിറഞ്ഞ അവസ്ഥയിലും. എവിടെ നിന്ന് തുടങ്ങണം എന്ന് ഇവര്‍ക്ക് അറിയില്ല. എങ്കിലും നോക്കി നിക്കാന്‍ പറ്റില്ലല്ലോ. ഒരു വശത്ത്‌ നിന്ന് പതിയെ ശുചീകരണ പ്രവര്‍ത്തികള്‍ തുടങ്ങിയിരിക്കുകയാണ് ഇവര്‍.

മരിയ ജോസ്    

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.