കറുത്ത പൊട്ട് മുഖത്തു കുത്തിയാൽ ദൃഷ്ടിദോഷം മാറും?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കുഞ്ഞിനെയും കൊണ്ട് ആശ്രമ ദൈവാലായത്തിൽ വന്ന ആ ദമ്പതികൾ ഏറെ സന്തോഷത്തിലായിരുന്നു. മാതാവിലൂടെ അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിക്കാൻ വന്നതായിരുന്നു അവര്‍. പ്രാർത്ഥനയ്ക്കുശേഷം കുഞ്ഞിന്റെ ജനനത്തെക്കുറിച്ചും ദൈവിക ഇടപെടലിനെക്കുറിച്ചും അവർ എന്നോട് സംസാരിച്ചു.

എന്തിനാണ് കുഞ്ഞിന്റെ മുഖത്ത് ഈ കറുത്ത വലിയ പൊട്ടു കുത്തിയതെന്ന് ഞാന്‍ അവരോട് ചോദിച്ചു. “അത് കണ്ണ് കിട്ടാതിരിക്കാനാണ്” എന്നായിരുന്നു അവരുടെ മറുപടി. അതു കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. “

“നിങ്ങളുടെ അറിവിൽ ഏതെങ്കിലും കുഞ്ഞ് ദൃഷ്ടിദോഷത്താൽ രോഗിയാവുകയോ മരണപ്പെടുകയോ ചെയ്തതായി അറിയാമോ?”

ചോദ്യം കേട്ട് അവരൊന്ന് പകച്ചു. “പലരും ചെയ്യുന്നതുകണ്ട് ഞങ്ങളും ചെയ്യുന്നു. അത്രയേ ഉള്ളൂ.” ഇങ്ങനെയായിരുന്നു അവരുടെ പ്രതികരണം. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് കരിങ്കണ്ണോ, ദൃഷ്ടിദോഷമോ ഉണ്ടാകില്ലെന്നു പറഞ്ഞ് പ്രാർത്ഥിച്ച് ഞാനവരെ യാത്രയാക്കി.

ഇത്തരം അന്ധവിശ്വാസം പുലർത്തിയ ഏതാനും ചിലരുടെ ജീവിതത്തിൽ വന്നുഭവിച്ച ചില ദോഷങ്ങളെക്കുറിച്ചും ഞാന്‍ അവരോട് പറയാൻ മറന്നില്ല. അവർ പോയ ശേഷം മുറിയിലെത്തിയപ്പോൾ അന്ധവിശ്വാസികളായ ഒട്ടേറെപ്പേരുടെ കാഴ്ചപ്പാടുകൾ മനസ്സിൽ തെളിഞ്ഞുവന്നു. ഇവരിൽ ഭൂരിപക്ഷവും അടിയുറച്ച വിശ്വാസികളാണെങ്കിലും തെറ്റായ ഒരുപിടി വിശ്വാസങ്ങളാണ് അവരൊക്കെ പുലർത്തുന്നത്. കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അവയുടെ മുമ്പിൽ ഭീകരരൂപത്തിലുള്ള ചിത്രവും പ്രതിമകളും കെട്ടിത്തൂക്കുന്നതും വലിയ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടും തകരപ്പാട്ട കൊണ്ട് അതെല്ലാം മറയ്ക്കുന്നതും നാം സ്ഥിരം കാണുന്നതല്ലേ? ഇപ്പോഴും ഒന്നാം തീയതി ആദ്യം വീട്ടിൽ കയറുന്ന ആളെ നോക്കി ആ മാസത്തെ നന്മതിന്മകൾ വിലയിരുത്തുന്നതും ഒരു പൂച്ച വട്ടംചാടിയാൽ പോലും ഉദ്ദിഷ്ടലക്ഷ്യം വേണ്ടെന്നുവച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നവരും ഈ ആധുനികയുഗത്തിലും ഉണ്ടല്ലോ എന്നത് നമ്മുടെ സംസ്ക്കാരത്തിന്റെ അധ:പതനമല്ലേ സൂചിപ്പിക്കുന്നത്? ഇതിന്റെ മറ്റൊരു വശമല്ലേ ലോകത്തിന്റെ ഏതു മുക്കിലും മൂലയിലുമിരുന്ന് ഇതുവരെ കാണാത്ത ഒരിക്കൽപ്പോലും പരിചയപ്പെടാത്ത വ്യക്തികളുടെ പോലും കുറ്റം കാണാനും പ്രചരിപ്പിക്കാനുമുള്ള ശീലം?

ക്രിസ്തുവിന്റെ കാലത്തും ഇത്തരം അന്ധവിശ്വാസികളും മറ്റുള്ളവരെ പഴിചാരുന്നവരുമുണ്ടായിരുന്നു. അവരെ നോക്കിയാണ് ക്രിസ്തു പറഞ്ഞത്: “ഈ തലമുറയെ എന്തിനോടാണ് ഞാന് ഉപമിക്കേണ്ടത്” എന്ന് (മത്തായി 11:16). കണ്ണുകളെ നന്മ കാണാൻ പരിശീലിപ്പിക്കുകയും കാതുകളെ നല്ലതു കേൾക്കാൻ പ്രോത്സാഹിപ്പിക്കുകയും അധരത്തെ നല്ലതു പറയാൻ ശീലിപ്പിക്കുകയും ചെയ്യുമ്പോൾ നമ്മുടെ പ്രവൃത്തികളും നന്മപൂരിതമാകുകയും തെറ്റായ കാഴ്ചപ്പാടുകളും ശീലങ്ങളും നമ്മിൽ നിന്ന് അകന്നുപോവുകയും ചെയ്യും. സംശയമുണ്ടെങ്കിൽ ഒന്നു പരീക്ഷിച്ചുനോക്കൂ…

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.