
വി. പ്ലാത്തില്ലായുടെ പുത്രിയും ദോമീസ്യന്‍ ചക്രവര്‍ത്തിയുടെ മരുമകളുമായ ഫ്‌ളോവിയ, എ ഡി ആദ്യനൂറ്റാണ്ടില്‍ റോമിലാണ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട ഫ്‌ളോവിയ, ഔപ്പീസിയൂസ് എന്ന ആളുടെ സംരക്ഷണത്തിന് ഏൽപിക്കപ്പെട്ടു. അദ്ദേഹം ഒരു കര്‍ക്കശക്കാരനായിരുന്നെങ്കിലും നെരേയൂസ്, അക്കീല്ലസ് എന്നീ ഭൃത്യന്മാരുടെ ക്രൈസ്തവ വിശ്വാസതീക്ഷ്ണത നിമിത്തം കാലാന്തരത്തില്‍ ഒരു സത്യവിശ്വാസിയായി മാറി.
അതിസുന്ദരിയായിരുന്ന അവള്‍ വേഷഭൂഷാധികളിലും വിനോദങ്ങളിലും പ്രത്യേകം പ്രതിപത്തി പ്രകടിപ്പിച്ചിരുന്നു. യുവതിയായ അവള്‍ കുലീനനായ ഔറേലിയന്‍ എന്ന യുവാവിനോട് വിവാഹവാഗ്ദാനവും ചെയ്തിരുന്നു. ഔറേലിയന്‍ ഫ്‌ളോവിയായ്ക്കു ചേര്‍ന്ന വരനല്ലെന്നു ഗ്രഹിച്ച ഭൃത്യന്മാരായ അക്കീല്ലസും നെരേയൂസും ഈ തീരുമാനത്തില്‍ നിന്ന് അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അവരുടെ സദുപദേശം അവളുടെ ഹൃദയത്തെ ഗാഢമായി സ്വാധീനിച്ചു. സര്‍വശക്തനായ ദൈവത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ലഭിക്കാന്‍പോകുന്ന നിത്യഭാഗ്യത്തെപ്പറ്റി ഗ്രഹിച്ച ഫ്‌ളോവിയ ദൈവത്തിനുവേണ്ടി നിത്യകന്യാത്വം സ്വീകരിച്ചു.
ഇതില്‍ രോഷാകുലനായ അവളുടെ കാമുകന്‍ ഫ്‌ളോവിയായെ തന്റെ ഭാര്യയാക്കുന്നതിന് അവളെ സമ്മതിപ്പിക്കണമെന്ന് ചക്രവര്‍ത്തിയോട് അപേക്ഷിച്ചു. തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന ഫ്‌ളോവിയയെയും ഭൃത്യന്മാരെയും പോന്‍സിയാ ദ്വീപിലേക്കു നാടുകടത്തി. തന്റെ ഉദ്യമങ്ങള്‍ നിഷ്ഫലമായതില്‍ നിരാശാഭരിതനായ ഔറേലിയന്‍, ഇതിനു കാരണക്കാരെന്ന് ആരോപിച്ച് ഫ്‌ളോവിയായുടെ വിശ്വസ്ത ഭൃത്യന്മാരായിരുന്ന നെരേയൂസിനെയും അക്കീല്ലസിനെയും വധിച്ചു.
അവരുടെ പീഡാസഹനവും മരണവുമെല്ലാം ഫ്‌ളോവിയായുടെ വിശ്വാസത്തെ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തത്. ഫ്‌ളോവിയായെ തന്റെ ഭാര്യയാക്കാനുള്ള പരിശ്രമങ്ങള്‍ ഔറേലിയന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. ഇതില്‍ പ്രകോപിതനായ ഔറേലിയന്‍, ഫ്‌ളോവിയായെ നിഗ്രഹിക്കാന്‍ തന്നെ തീരുമാനിച്ചു. അതനുസരിച്ച് ക്രിസ്ത്യാനികളുടെ ബദ്ധശത്രുവായിരുന്ന കോണ്‍സൂളിനെ വശീകരിച്ച് ഫ്‌ളോവിയായെ വധിക്കാനുള്ള അനുവാദം വാങ്ങി. ഫ്‌ളോവിയ വസിച്ചിരുന്ന ഭവനം അവര്‍ അഗ്നിക്കിരയാക്കി. അഗ്നിജ്വാലയില്‍പെട്ട് ഫ്‌ളോവിയ ഇഹലോകവാസം വെടിഞ്ഞു.
ഇതേപേരില്‍ അറിയപ്പെടുന്ന മറ്റൊരു വിശുദ്ധ കൂടിയുണ്ട്. അവര്‍ തീത്തൂസ് വെസ്പാസ്യന്‍ ചക്രവര്‍ത്തിയുടെ പുത്രിയാണ്. വിശുദ്ധയുടെ ഭവനത്തിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടതിനു താഴെയുള്ള ഭൂഗര്‍ഭാലയത്തില്‍ വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ ദീര്‍ഘകാലത്തേക്കു സൂക്ഷിക്കപ്പെട്ടിരുന്നു എന്നാണ് പാരമ്പര്യം.
വിചിന്തനം: ”ഒരു സ്‌നേഹിതനെക്കൂടാതെ ഭൂവില്‍ ജീവിക്കുക എളുപ്പമല്ല. ഈശോ നിനക്ക് എല്ലാവരെയും വെല്ലുന്ന സ്‌നേഹിതനല്ലെങ്കില്‍ നീ ആലംബഹീനനും ദു:ഖിതനുമായിരിക്കും.”
ഫാ. ജെ. കൊച്ചുവീട്ടില്‍