
ഇറ്റലിയിലെ റോക്കോപ്പൊറേനാ എന്ന ഗ്രാമത്തില്‍ 1386 ലാണ് വി. റീത്ത ജനിച്ചത്. ദൈവഭക്തരായിരുന്ന അന്റോണിയുടെയും അമാത്താഫെറിയുടെയും നീണ്ട കാലത്തെ പ്രാര്‍ഥനയ്ക്കും കാത്തിരുപ്പിനുമൊടുവില്‍ ദൈവം നൽകിയ ഏകപുത്രിയായിരുന്നു റീത്താ. അവള്‍ ജനിക്കുമ്പോള്‍ അമാത്തായ്ക്ക് ഏകദേശം 60 വയസ്സ് പ്രായമുണ്ടായിരുന്നു.
എളിയജീവിതം നയിച്ചിരുന്ന റീത്തയില്‍ ബാല്യം മുതല്‍തന്നെ പരിശുദ്ധി പ്രശോഭിച്ചിരുന്നു. ലാളിത്യം, അടക്കം, അനുസരണം, ത്യാഗം, ശുദ്ധത എന്നീ പുണ്യങ്ങളുടെ വിളനിലമായിരുന്നു റീത്ത. ഏകാന്തമായ പ്രാര്‍ഥന ഏറെ ഇഷ്ടപ്പെട്ടിരുന്ന റീത്ത, തന്നാല്‍ കഴിയുംവിധമെല്ലാം മാതാപിതാക്കളെ സഹായിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു.
യുവതിയായ റീത്ത, അഗസ്തീനിയന്‍ സന്യാസ സഭയില്‍ പ്രവേശിക്കാനുള്ള തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. ഇതു കേട്ട ആ വൃദ്ധദമ്പതികള്‍ വളരെയധികം ദുഃഖിച്ചു. തങ്ങളുടെ പ്രായാധിക്യത്തെയും നിരാലംബതയെയും അവര്‍ അവളെ ഓര്‍മ്മിപ്പിച്ചു. തങ്ങളെ വിട്ടുപേക്ഷിച്ചു പോകരുതെന്ന മാതാപിതാക്കളുടെ അപേക്ഷയ്ക്കുമുന്നില്‍ അവസാനം റീത്ത വിധേയപ്പെട്ടു. പിന്നെ അധികം താമസിയാതെ തന്നെ മാതാപിതാക്കളുടെ ആഗ്രഹാനുസരണം ആ നാട്ടിലെ കുലീനനായ ഫെര്‍ഡിനാള്‍ഡിനെ റീത്ത ഭര്‍ത്താവായി സ്വീകരിച്ചു.
അവരുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരുന്നില്ല. അസഹിഷ്ണുവും അഹങ്കാരിയും മദ്യപാനിയുമായിരുന്ന ഫെര്‍ഡിനാള്‍ഡ്, റീത്തയെ കഠിനമായി മര്‍ദിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ സമാധാനമെന്തെന്ന് അവള്‍ അറിഞ്ഞിട്ടില്ല. എന്നാല്‍, അവള്‍ എല്ലാം ക്ഷമയോടെ സഹിക്കുകയും തന്റെ ഭര്‍ത്താവിന്റെ മാനസാന്തരത്തിനായി കണ്ണീരോടെ പ്രാർഥിക്കുകയും ചെയ്തു. അവസാനം റീത്തയുടെ ഉപവാസവും പ്രാര്‍ഥനയുമെല്ലാം ഫലം കണ്ടു. അദ്ദേഹം പുതിയൊരു മനുഷ്യനായി. അയാള്‍ തന്റെ ഭാര്യയെ സ്‌നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. അവര്‍ക്ക് ജോണ്‍, പോള്‍ എന്നിങ്ങനെ രണ്ടു പുത്രന്മാര്‍ ജനിച്ചു.
അവരുടെ സമാധാനപൂര്‍വമായ ദാമ്പത്യജീവിതം അധികനാള്‍ നീണ്ടുനിന്നില്ല. ഫെര്‍ഡിനാള്‍ഡിനെ ശത്രുക്കള്‍ ഒരു വനത്തില്‍വച്ചു വധിച്ചു. ഇത് അവളെ ദുഃഖത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ആഴ്ത്തിയെങ്കിലും റീത്ത, ഭർത്താവിന്റെ ഘാതകരോട് പൂര്‍ണ്ണമായി ക്ഷമിച്ചു. എന്നാല്‍, മക്കള്‍ തങ്ങളുടെ പിതൃഘാതകരോട് പ്രതികാരം ചെയ്യാന്‍ തന്നെ നിശ്ചയിച്ചു. ഇത് അറിഞ്ഞ റീത്ത, തന്റെ മക്കള്‍ കൊലപാതകം ചെയ്ത് ആത്മാവിനെ മലിനപ്പെടുത്തുന്നതിനുമുമ്പ് അവരെ ഈ ലോകത്തുനിന്ന് തിരികെ വിളിക്കണമേ എന്നു പ്രാര്‍ഥിച്ചു. ദൈവം അവളുടെ പ്രാര്‍ഥന കേട്ടു. ആ വര്‍ഷം തന്നെ രണ്ടു മക്കളും സ്വര്‍ഗത്തിലേക്കു യാത്രയായി.
ലോകത്തിലെ ബന്ധങ്ങളെല്ലാം നഷ്ടപ്പെട്ട അവള്‍ തന്റെ പഴയ ആഗ്രഹാനുസരണം സന്യാസ സഭയില്‍ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍, റീത്തയുടെ അപേക്ഷ മൂന്നു തവണയും നിരസിക്കപ്പെട്ടു. അവസാനം 1417 ലെ ഒരു രാത്രിയില്‍ വി. അഗസ്റ്റിനും സ്‌നാപകയോഹന്നാനും വി. നിക്കോളാസും കൂടി റീത്തയെ കൂട്ടിക്കൊണ്ട് ഭദ്രമായി പൂട്ടിയിട്ടിരുന്ന മഠത്തിലാക്കി. രാവിലെ റീത്തയെ കണ്ട സന്യാസിനികള്‍ വിസ്മയഭരിതരായി. അദ്ഭുതകരമായ മഠപ്രവേശത്തെക്കുറിച്ച് റീത്ത അവരോടു പറഞ്ഞു. അങ്ങനെ റീത്ത മഠത്തില്‍ സ്വീകരിക്കപ്പെട്ടു. എല്ലാവര്‍ക്കും മാതൃകയായ ജീവിതം നയിച്ച റീത്ത ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. റീത്തയുടെ വിശുദ്ധജീവിതത്തെ അദ്ഭുതപ്രവര്‍ത്തനങ്ങളിലൂടെ ദൈവം ധന്യമാക്കിക്കൊണ്ടിരുന്നു.
1442 ല്‍ ഈശോമിശിഹായുടെ പീഡാനുഭവങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടുത്തെ പീഡാനുഭവത്തിന്റെ ഒരു ഭാഗം തനിക്കും നൽകണമെന്ന് റീത്ത പ്രാര്‍ഥിച്ചു. ഉടന്‍തന്നെ ഒരു മുള്ള് വിശുദ്ധയുടെ നെറ്റിയില്‍ തുളച്ചുകയറ്റി. ആ മുറിവ് റീത്തയുടെ മരണം വരെ ഉണങ്ങാതെ നിലനിന്നു. പലപ്പോഴും ആ മുറിവില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു.
1457 മെയ് 22-ാം തീയതി റീത്ത തന്റെ നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്കു പറന്നുയര്‍ന്നു. ഈ സമയത്ത് കാഷിയായിലെയും സമീപപ്രദേശങ്ങളിലെയും പള്ളിമണികള്‍ തനിയെ മുഴങ്ങി. റീത്തയുടെ പൂജ്യശരീരം ഇന്നും അഴുകാതെ തന്നെയിരിക്കുന്നു.
വിചിന്തനം: ”ദൈവസ്തുതിക്കും നിന്റെ രക്ഷയ്ക്കും ഉപകരിക്കുന്ന അനുഗ്രഹങ്ങള്‍ മാത്രമേ നീ ചോദിക്കാവൂ.”
ഫാ. ജെ. കൊച്ചുവീട്ടില്‍
Vishudha reethayude malayalam pryr koodii idumoo