മെയ്‌ 02: വിശുദ്ധ അത്തനേഷ്യസ്

മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ഈജിപ്തിലാണ് വി. അത്തനേഷ്യസ് ജനിച്ചത്. ആര്യന്‍ പാഷണ്ഡതകള്‍ക്കെതിരെ അതിശക്തമായി പോരാടിയിരുന്ന വിശുദ്ധന്‍ ബാല്യത്തില്‍ തന്നെ വിശുദ്ധ ഗ്രന്ഥത്തിലും ദിവ്യലിഖിതങ്ങളിലും അഗാധജ്ഞാനം നേടിയിരുന്നു.

എ ഡി 325 ലെ നിഖ്യാ സൂനഹദോസില്‍ വച്ചാണ് അത്തനേഷ്യസിന്റെ പ്രതിഭയും അഗാധമായ ജ്ഞാനവും മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത്. പിതാവും പുത്രനും സാരാംശത്തില്‍ സമാനരാണെന്നുള്ള വസ്തുത വിശുദ്ധന്‍, സൂനഹദോസില്‍ ശക്തമായി വാദിച്ചു. സൂനഹദോസ് കഴിഞ്ഞ് അഞ്ചാം മാസം അലക്‌സിയാട്രിയായിലെ പേട്രീയാര്‍ക്കായി വിശുദ്ധനെ തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് മുപ്പതു വയസ്സ്  മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വിശുദ്ധന്റെ പ്രസംഗങ്ങള്‍ അനേകരെ ആകര്‍ഷിക്കുകയും ധാരാളം ആര്യന്‍ പാഷണ്ഡികള്‍ മാനസാന്തരപ്പെടുന്നതിടയാക്കുകയും ചെയ്തു. ഇത് അനേകം ആര്യന്‍ പാഷണ്ഡികളെ അദ്ദേഹത്തിന്റെ ശത്രുക്കളാക്കി മാറ്റി. അവര്‍ ചക്രവര്‍ത്തിയെ സ്വാധീനിച്ച് വിശുദ്ധനെ പലതവണ നാടുകടത്തി. മാത്രമല്ല, അദ്ദേഹത്തിനെ വധിക്കുന്നതിനും അവര്‍ ശ്രമിക്കാതിരുന്നില്ല. പക്ഷേ, ദൈവം അദ്ദേഹത്തെ അവരില്‍ നിന്നു സംരക്ഷിച്ചു. നാടുകടത്തപ്പെട്ട അദ്ദേഹം ഓരോ തവണയും തിരികെയെത്തുമ്പോള്‍ രാജകീയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

സത്യവിശ്വാസത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധന്റെ ഹൃദയം വൈരക്കല്ല് പോലെ ഉറപ്പുള്ളതായിരുന്നെങ്കിലും എളിമയിലും ശാന്തതയിലും അത്യധികം മൃദുലമായിരുന്നു. ശത്രുക്കള്‍ വിശുദ്ധനെ പീഡിപ്പിക്കുന്നതിനായി സദാ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും സ്വജനങ്ങള്‍ വിശുദ്ധനെ അത്യധികമായി സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. വിശുദ്ധന്‍ ഈ കാലഘട്ടങ്ങളില്‍ പാഷണ്ഡതകളെ നേരിടുന്നതിനായി പല ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

ആര്യന്‍ പാഷണ്ഡതകള്‍ക്കെതിരെ പോരാടാന്‍ ദൈവം തിരഞ്ഞെടുത്ത തിരുസഭയുടെ ഈ ധീരയോദ്ധാവ് എ ഡി 373 ല്‍ തന്റെ നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്കു യാത്രയായി.

വിചിന്തനം: ”എപ്പോഴും നന്നായി പ്രവര്‍ത്തിക്കുകയും തന്നെത്തന്നെ നിസ്സാരനായി പരിഗണിക്കുകയും ചെയ്യുന്നത് എളിമയുള്ള ആത്മാവിന്റെ അടയാളമാണ്.”

ഫാ. ജെ. കൊച്ചുവീട്ടില്‍