മെയ് 14: വിശുദ്ധ മൈക്കിള്‍ ഗാരിക്കോയിസ് (1797-1852)

ഫ്രഞ്ച് വിപ്ലവകാലത്ത് തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഇബാര്‍ മലമ്പ്രദേശത്ത് വസിച്ചിരുന്ന ഒരു ദരിദ്ര കര്‍ഷക കുടുംബത്തില്‍ 1797 ഏപ്രില്‍ 15 ന് മൈക്കിള്‍ ജനിച്ചു. ഉപജീവനാർഥം കുട്ടിക്കാലത്തുതന്നെ മൈക്കിളിന് ഇടയജോലി ചെയ്യേണ്ടിവന്നു. വൈദികനാകാന്‍ മൈക്കിള്‍ ആഗ്രഹിച്ചെങ്കിലും ദാരിദ്ര്യം നിമിത്തം മാതാപിതാക്കള്‍ തടഞ്ഞു. വൈദികര്‍ക്കുവേണ്ടി ജോലിചെയ്തും മെത്രാനച്ചന്റെ കുശിനിയില്‍ സഹായിച്ചും ആവശ്യമായ വരുമാനമുണ്ടാക്കിയ മൈക്കിള്‍, തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1823 ഡിസംബറില്‍ പൗരോഹിത്യം സ്വീകരിച്ചു.

വൈദിക ജീവിതാരംഭത്തില്‍ തന്നെ ഫ്രാന്‍സിസ്കന്‍ മൂന്നാം സഭാംഗമായി. കാംബോയിലേക്കാണ് ശുശ്രൂഷയ്ക്കുള്ള നിയമനം കിട്ടിയത്. വികാരി അനാരോഗ്യവാനായിരുന്നതിനാല്‍ മൈക്കിളച്ചന്‍ ഉത്സാഹപൂര്‍വം പ്രവര്‍ത്തനരംഗത്തിറങ്ങി. ഇടവകയില്‍ അനുദിന ദിവ്യകാരുണ്യ സ്വീകരണവും തിരുഹൃദയഭക്തിയും പരിപോഷിപ്പിച്ചു. ‘ബത്താറാമിലേ തിരുഹൃദയ സമൂഹം’ എന്നപേരില്‍ ഒരു മിഷനറി സമൂഹം 1838 ല്‍ അച്ചന്‍ ആരംഭിച്ചു. ഈ പ്രസ്ഥാനത്തിനെതിരായി പലരും പ്രവര്‍ത്തിച്ചു. തന്നിമിത്തം, സ്വന്തമായി അധികാരികളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞത് 1852 ല്‍ മാത്രമാണ്.

1852 മെയ് 14 ന് സ്വര്‍ഗാരോഹണ ദിവസം തലച്ചോറിലെ സന്നിവാതം മൂലം മൈക്കിള്‍ മരണമടഞ്ഞു. 1923 ല്‍ വാഴ്ത്തപ്പെട്ടവനായും 1947 ല്‍ വിശുദ്ധനായും പ്രഖ്യാപിക്കപ്പെട്ടു.

വിചിന്തനം: ”നീ സന്തോഷത്തോടെ കുരിശ് ചുമക്കുകയാണെങ്കില്‍, കുരിശ് നിന്നെ ചുമന്ന് നീ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്തിക്കും.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.