
ബൊളോഞ്ഞായിലെ ഒരു പ്രഭുകുടുംബത്തിലാണ് ഇമെല്‍ഡാ ജനിച്ചത്. പിതാവ് ഇഗാനോ ലാംബെര്‍ട്ടീനിയും മാതാവ് കാസ്റ്റോറാ ഗലൂസിയും ആയിരുന്നു. ഇമെല്‍ഡാ ശൈശവം മുതല്‍ ഏകാന്തമായി പ്രാർഥിക്കുന്നതില്‍ അവാച്യമായ ആനന്ദം കണ്ടെത്തിയിരുന്നു. വീട്ടിലെ ഒരു മുറി പുഷ്പങ്ങളും ചിത്രങ്ങളുംകൊണ്ട് അലങ്കരിച്ച് താല്‍ക്കാലിക പ്രാര്‍ഥനാലയമായി ഉപയോഗിച്ചുപോന്നു.
ഇമെല്‍ഡായ്ക്ക് ഒൻപതു വയസ്സ് പ്രായമായപ്പോള്‍, അവള്‍ ആത്മശിക്ഷണത്തിനും പഠനത്തിനുമായി വാല്‍ഡി പിയെട്രായിലെ ഒരു ഡൊമിനിക്കന്‍ ആശ്രമത്തിലേക്ക് താമസം മാറ്റി. വൈകാതെ അവള്‍ അവിടുത്തെ സന്യാസിനിമാരുടെ കണ്ണിലുണ്ണിയായിത്തീര്‍ന്നു. അവളുടെ അനിതരസാധാരണമായ ഭക്തിതീക്ഷ്ണത സകലര്‍ക്കും ആധ്യാത്മികമായ ഉണര്‍വും നവോന്മേഷവും പ്രദാനം ചെയ്തു. വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയാണ് അവളെ ശാശ്വതസ്മരണാര്‍ഹയാക്കിയത്. കുര്‍ബാന സ്വീകരണം മാത്രമായിരുന്നു അവളുടെ ഏക ജീവിതാഭിലാഷം. അക്കാലയളവില്‍ കുര്‍ബാന സ്വീകരിക്കുന്നതിന് പന്ത്രണ്ട് വയസ്സ് പൂര്‍ത്തിയായിരിക്കണമെന്നായിരുന്നു നിയമം. അതിനാല്‍ അവള്‍ അത്യധികം ദുഃഖിച്ചു.
ഇമെല്‍ഡായ്ക്ക് 11 വയസ്സായിരിക്കെ ഒരു അസാധാരണ സംഭവമുണ്ടായി. കര്‍ത്താവിന്റെ സ്വര്‍ഗാരോഹണദിനത്തില്‍ മഠത്തിലെ സന്യാസിനിമാരെല്ലാം വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. തനിക്കുമാത്രം കുര്‍ബാന സ്വീകരിക്കാനാവാത്തതില്‍ അവള്‍ വിഷമിച്ചു. കുര്‍ബാന കഴിഞ്ഞ് സന്യാസിനിമാര്‍ ദൈവാലയത്തില്‍നിന്നു പോകാന്‍ ഭാവിക്കെ സക്രാരിയുടെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ഇമെല്‍ഡായുടെ ശിരസിനുമീതെ അന്തരീക്ഷത്തില്‍ തിരുവോസ്തി വന്നുനില്‍ക്കുന്നതായി കണ്ടു. ഉടനെതന്നെ അവര്‍ ദൈവാലയത്തിലെ വൈദികനെ വിവരം ധരിപ്പിച്ചു. പെട്ടെന്ന് വൈദികന്‍ ഒരു താലവുമായി ഓടിയെത്തി. എന്നാല്‍ വൈദികന് അപ്പോള്‍, കുര്‍ബാന ഇമെല്‍ഡായ്ക്കു നല്‍കുകയല്ലാതെ ആ മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇമെല്‍ഡായെ സംബന്ധിച്ചിടത്തോളം ആ കുര്‍ബാനസ്വീകരണം ആദ്യത്തെതും അവസാനത്തെതുമായിരുന്നു.
വിചിന്തനം: ”സ്വര്‍ഗരാജ്യത്തെ സ്‌നേഹിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍, ഈശോയുടെ കുരിശു ചുമക്കാന്‍ ആഗ്രഹിക്കുന്നവര്‍ വളരെ കുറവും.”
ഫാ. ജെ. കൊച്ചുവീട്ടില്‍