
കാന്‍സര്‍ രോഗികളുടെ മധ്യസ്ഥനായ പെരെഗ്രിന്‍, ഇറ്റലിയിലെ ഫോര്‍ലിയില്‍ 1265 മെയ് ഒന്നിനു ജനിച്ചു. സെര്‍വൈറ്റ് സഭയില്‍ ഒരു തുണസഹോദരനായി 12 വര്‍ഷം ശുശ്രൂഷ ചെയ്തു. അതിനുശേഷം തിരുപ്പട്ടം സ്വീകരിക്കാന്‍ മേലധികാരികള്‍ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം പുരോഹിതനായി. വൈദികനായ അദ്ദേഹം ഫോര്‍ലിയിലേക്കു മടങ്ങി. അവിടെ തന്റെ സഭയുടെ ഒരു ആശ്രമം പണിതു. പെരെഗ്രിന്റെ സേവനതൃഷ്ണ നാട്ടിലാകെ പ്രചരിച്ചു. ‘സദുപദേശത്തിന്റെ മാലാഖ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
പെരെഗ്രിനെയുടെ പ്രായം 60 വയസ്സിനോട് അടുത്തതോടെയാണ് വിശുദ്ധനില്‍ കാന്‍സര്‍ രോഗം പ്രത്യക്ഷപ്പെട്ടത്. രോഗം മൂലം അദ്ദേഹം കിടപ്പിലായി. രോഗബാധിതമായ ഭാഗം മുറിച്ചുമാറ്റാന്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ശസ്ത്രക്രിയയുടെ തീയതിയും നിശ്ചയിച്ചു. ശസ്ത്രക്രിയ നിശ്ചയിക്കപ്പെട്ട ദിവസത്തിന് തലേ രാത്രി പെരെഗ്രിനെ ഉറങ്ങിയില്ല. ക്രൂശിതരൂപത്തിന്റെ ചിത്രത്തിനു മുമ്പില്‍ പ്രാര്‍ഥനയോടെ ഇരുന്നു. അന്നു രാത്രി അദ്ദേഹത്തിന് യേശുവിന്റെ ദര്‍ശനമുണ്ടായി. കുരിശില്‍ നിന്നും ഇറങ്ങിവരുന്ന വിധത്തിലായിരുന്നു ദര്‍ശനം. ഇരുകരങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യേശു വിശുദ്ധന്റെ അടുത്തേക്കു വന്നു.
പിറ്റേന്നത്തെ പ്രഭാതം അദ്ഭുതത്തിന്റേതായിരുന്നു. കാന്‍സര്‍ രോഗത്തില്‍ നിന്നും പെരെഗ്രിന്‍ സമ്പൂര്‍ണ്ണമായി സൗഖ്യം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. രോഗത്തിന്റെ ഒരു സൂചന പോലും അദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല. ഈ അദ്ഭുതവും വിശുദ്ധന്റെ മരണശേഷമുണ്ടായ നൂറുകണക്കിന് അദ്ഭുതങ്ങളുമാണ് അദ്ദേഹത്തെ കാന്‍സര്‍ രോഗികളുടെ മധ്യസ്ഥനാക്കിയത്.
സുഖപ്രാപ്തിക്കു ശേഷം ലഭിച്ച 20 വര്‍ഷങ്ങള്‍ വര്‍ദ്ധിത സമര്‍പ്പണബോധത്തോടെ അദ്ദേഹം കര്‍ത്താവിനെ ശുശ്രൂഷിക്കുകയും രോഗികളെ ആശ്വസിപ്പിക്കുകയും വചനം പ്രസംഗിക്കുകയും ചെയ്തു. 1345 മെയ് ഒന്നിന് എണ്‍പതാം പിറന്നാളില്‍ പെരെഗ്രിനെ മരണമടഞ്ഞു.
വിചിന്തനം: ”അനര്‍ഥങ്ങളില്‍ അഭിമാനിക്കാന്‍ ദൈവസ്‌നേഹമുള്ളവന് പ്രയാസമില്ല. ഈ ദൃശ്യമായ അഭിമാനം കുരിശിലെ അഭിമാനമാണ്.”
ഫാ. ജെ. കൊച്ചുവീട്ടില്‍