മാര്‍ച്ച് 23: മോഗ്രോവേയോയിലെ വി. ടൂറിബിയൂസ് (1538-1608)

ലിമായിലെ ആര്‍ച്ചുബിഷപ്പായിരുന്ന വി. ടൂറിബിയൂസ് 1538 നവംബര്‍ ആറാം തീയതി സ്‌പെയിനിലെ മോഗോവോയില്‍ ജനിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ തീക്ഷ്ണത പുലര്‍ത്തിയിരുന്ന ഒരു കുടുംബത്തിലായിരുന്നു ടൂറിബിയൂസിന്റെ ജനനം. അതിനാല്‍ ചെറുപ്രായം മുതല്‍ തന്നെ അദ്ദേഹം ഭക്തിയില്‍ വളര്‍ന്നുവന്നു. ദരിദ്രരെയും രോഗികളെയും ശുശ്രൂഷിക്കാന്‍ അവന്‍ അത്യുത്സാഹം പ്രകടിപ്പിച്ചിരുന്നു. ഒഴിവുസമയങ്ങളെല്ലാം പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടിയിരുന്ന ആ ബാലന്‍ ഏവര്‍ക്കും മാതൃകയായി.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സിവില്‍ നിയമങ്ങളിലും സഭാനിയമങ്ങളിലും ടൂറിബിയൂസ് ബിരുദം നേടി. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും വിജ്ഞാനവും മനസിലാക്കിയ ഫിലിപ്പ് രണ്ടാമന്‍ ടുറീബിയുസിനെ ഗ്രാനഡായിലെ ന്യായാധിപനായി നിയമിച്ചു. തന്നെ ഏല്പിച്ച ദൗത്യം അദ്ദേഹം അത്യന്തം വിശ്വസ്തതയോടെ നിര്‍വ്വഹിച്ചു. ഏതാണ്ട് ഈ അവസരത്തിലാണ് വിശുദ്ധനെ ലിമായിലെ ആര്‍ച്ചുബിഷപ്പായി നിയോഗിക്കുന്നത്. പെറു സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു ലീമ. തന്നെ ഏല്പിച്ച മെത്രാന്‍സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം വിമുഖത പ്രദര്‍ശിപ്പിച്ചു. എന്നാല്‍ അവസാനം, പരിശുദ്ധ പിതാവിന്റെ ആജ്ഞപ്രകാരം തിരുപട്ടവും മെത്രാഭിഷേകവും സ്വീകരിക്കാന്‍ ടൂറിസിയൂസ് നിര്‍ബന്ധിതനായി.

ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റ വിശുദ്ധന്‍ തീര്‍ത്തും ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന പുണ്യങ്ങള്‍ അനേകരെ ദൈവത്തിലേക്ക് ആനയിക്കാന്‍ സഹായകരമായി. എല്ലാ ദിവസവും കുമ്പസാരം നടത്തിയിരുന്ന അദ്ദേഹം ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ക്കു ശേഷമായിരുന്നു കുര്‍ബാന അര്‍പ്പിച്ചിരുന്നത്. അമേരിക്കയിലെ ആദ്യത്തെ സെമിനാരി സ്ഥാപിച്ചത് വിശുദ്ധനാണ്. രൂപതയിലുടനീളം സഞ്ചരിച്ചിരുന്ന അദ്ദേഹം ഏകദേശം ഒരു ലക്ഷത്തോളം കിലോമീറ്റര്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ദരിദ്രരെയും രോഗികളെയും ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 1606 മാര്‍ച്ച് 23-ാം തീയതി ടൂറിസിയൂസ് സ്വര്‍ഗത്തിലേക്കു യാത്രയായി.

വിചിന്തനം: ”യേശുക്രിസ്തുവിനെ ആശ്രയിക്കുന്നവന്‍ നിത്യമായി ഉറച്ചുനിൽക്കും.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.