മാര്‍ച്ച് 22: വി. സക്കറിയാസ്

വി. സക്കറിയാസ് പാപ്പ കാലാബ്രിയയില്‍ ജനിച്ചു. ഇദ്ദേഹം 741 ഡിസംബര്‍ 10-ന് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലി മുഴുവന്‍ സ്വന്തമാക്കാനുള്ള ഫ്രിയൂലിയിലെ ഭരണാധിപനായ റാക്കിസിന്റെ ഉദ്യമങ്ങളെ പാപ്പ ശക്തിപൂര്‍വ്വം എതിര്‍ത്തു. ഫ്രഞ്ച് വംശജരുടെ രാജാവായി പിപിന്‍ ദി ഷോര്‍ട്ട് എന്നയാളെ പാപ്പ കിരീടധാരണം നടത്തുകയും ചെയ്തു. റോമിലെ ഉന്നത സഭാധികാരി ആദ്യമായാണ് ഒരു രാഷ്ട്രത്തലവനെ വാഴിക്കുന്നത്.

ഗ്രീക്ക് വംശജനായിരുന്ന പാപ്പ കഴിവുറ്റ നേതാവായിരുന്നു. ലിയൂറ്റ് പ്രാന്റിന്റെ നേതൃത്വത്തില്‍ ലോംബാര്‍ഡുകള്‍ വീണ്ടും റോമന്‍ പ്രവിശ്യകളില്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ മാര്‍പാപ്പായെ സഹായിക്കാന്‍ കരാര്‍ മൂലം ബാധ്യസ്ഥനായിരുന്ന സ്‌പൊളോറ്റോയിലെ ഡ്യൂക്ക് തന്റെ സഖ്യകക്ഷിയായ മാര്‍പാപ്പായെ സഹായിക്കാന്‍ കൂട്ടാക്കാതെ അവിശ്വസ്തത കാണിച്ചു.

എന്നാല്‍, മാര്‍പാപ്പ ഈ ഭീഷണിയില്‍ പതറിയില്ല. ശത്രുസൈന്യം റോമില്‍ എത്തുന്നതിനു മുമ്പു തന്നെ പാപ്പ സൈന്യത്തെ നയിക്കുന്ന രാജാവിനെ നേരില്‍ കാണാന്‍ അദ്ദേഹത്തിന്റെ കൂടാരത്തിലേക്കു ചെന്നു. ഉന്നതസ്ഥാനങ്ങള്‍ സ്വപ്നം കണ്ടിരുന്ന ആ രാജാവ് മാര്‍പാപ്പായുടെ ധീരതയിലും പെരുമാറ്റ വിശിഷ്ടതയിലും വാക്‌ധോരണിയിലും ആകൃഷ്ടനായി. അദ്ദേഹം പാപ്പായോട് സൗഹൃദവും വിധേയത്വവും വിശ്വാസത്തിലുള്ള ഐക്യവും പ്രഖ്യാപിച്ചു. തുടര്‍ന്ന് അദ്ദേഹം തന്റെ സൈന്യത്തെ കൂടാരങ്ങളിലേക്ക് പറഞ്ഞുവിടുകയും പുതിയ സൗഹൃദത്തിന്റെ അടയാളമായി നാലു പുതിയ നഗരങ്ങള്‍ കൂടി മാര്‍പാപ്പായുടെ അധികാരപരിധിയില്‍ വിട്ടുകൊടുക്കുകയും ചെയ്തു.

സക്കറി മാര്‍പാപ്പായുടെ വശ്യശക്തിയില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആകൃഷ്ടമായി. അതോടെ ചക്രവര്‍ത്തിയുടെ പ്രതിമാവന്ദന നിരോധനയുത്തരവ് മരവിപ്പിച്ച മട്ടിലായി. പുതിയ ബൈസന്റയിന്‍ ചക്രവര്‍ത്തി മാര്‍പാപ്പായുടെ പ്രതിനിധികളെ തികഞ്ഞ ആദരവോടെ സ്വീകരിച്ചു. ഇറ്റലിയില്‍ ബൈസന്റയിന്‍ അധികാരത്തിന്‍ കീഴിലായിരുന്ന രണ്ടു ഗ്രാമങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും സഭയുടെ ഐശ്വര്യത്തിനായി അവര്‍ മാര്‍പാപ്പാക്കു ദാനമായി നല്കി. സക്കറി മാര്‍പാപ്പ 752 മാര്‍ച്ച് 22-ന് ഈ ലോകത്തോടു യാത്ര പറഞ്ഞു.

വിചിന്തനം: ”ദൈവം തിരുമനസ്സകാതെയോ, അവിടുത്തെ പരിപാലന ഇല്ലാതെയോ യാതൊന്നും ഈ ഭൂമിയില്‍ സംഭവിക്കുന്നില്ല.”

ഫാ. ജെ. കൊച്ചുവീട്ടിൽ   

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.