മാര്‍ച്ച് 21: വി. ആര്‍ക്കാഞ്ചലോ താദീനി

1846 ഒക്‌ടോബര്‍ 12 ന് ഇറ്റലിയിലെ ബ്രസ്‌കിയായിലുള്ള റോലാനൗവയിലാണ് ആര്‍ക്കാഞ്ചലോ ജനിച്ചത്. ഉത്തമ ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്ന ആര്‍ക്കാഞ്ചലോ 18-ാമത്തെ വയസ്സില്‍ ബ്രസ്തിയായിലെ സെമിനാരിയില്‍ പ്രവേശിച്ചു. അവിടെവച്ച് അദ്ദേഹം ഒരു അപകടത്തില്‍പെട്ടു. തന്നിമിത്തം ആയുഷ്‌ക്കാലം മുഴുവന്‍ മുടന്തനായി കഴിയേണ്ടിവന്നു. എന്നാല്‍, ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കൊന്നും അദ്ദേഹത്തെ തന്റെ ആഗ്രഹത്തില്‍നിന്നും പിന്തിരിപ്പിക്കാനായില്ല. വിശുദ്ധന്‍ ഈശോയില്‍ ആശ്രയിച്ചുകൊണ്ട് സെമിനാരി പഠനം തുടര്‍ന്നു.

1870 ല്‍ പുരോഹിതനായി. രോഗാവസ്ഥ നിമിത്തം പൗരോഹിത്യ സ്വീകരണശേഷം ആദ്യവര്‍ഷം കുടുംബാംഗങ്ങളോടൊപ്പം വസിക്കേണ്ടിവന്നു. 1871 മുതല്‍ 1873 വരെ ലോദ്രിനോയില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തു. പിന്നീട് ബ്രസ്തിയായ്ക്കടുത്തുള്ള ‘സാന്താ മരിയ ദെല്ലാനൊച്ചേ’യിലെ തീര്‍ഥാടന ദൈവാലയത്തില്‍ സഹവികാരിയായി സഹായിച്ചു. ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകള്‍ പ്രാര്‍ഥനാപൂര്‍വം ചെലവഴിച്ചുകൊണ്ട് തന്റെ ജീവിതം അദ്ദേഹം ദൈവത്തിനു സമര്‍പ്പിച്ചിരുന്നു.

അപ്രതീക്ഷിതമായുണ്ടാകുന്ന അടിയന്തര പ്രശ്‌നങ്ങളെ നേരിട്ട് പ്രശ്‌നപരിഹാരം കണ്ടെത്താനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു. ഇതിനായി പല പ്രായോഗിക പരിപാടികളും ആര്‍ക്കാഞ്ചലോ ആസൂത്രണം ചെയ്തു. പ്രളയക്കെടുതിയില്‍ ഇടവകാംഗങ്ങള്‍ ഭവനരഹിതരായപ്പോള്‍ ഒരു ‘സൂപ്പുകിച്ചന്‍’ സജ്ജീകരിച്ച് അനുദിനം 300 പേര്‍ക്ക് ആഹാരം നൽകിയിരുന്നു.

1885 ല്‍ ബൊത്തിച്ചീനോ സെറായിലേക്ക് സഹവികാരിയായി സ്ഥലംമാറ്റം കിട്ടി; രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ വികാരിയും ഡീനുമായി നിയമിക്കപ്പെട്ടു. 25 വര്‍ഷക്കാലം അദ്ദേഹം അവിടെത്തന്നെ ശുശ്രൂഷ ചെയ്തു. ആത്മാക്കളുടെ തീക്ഷ്ണമതിയായ അജപാലകന്‍ എന്ന നിലയില്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് അദ്ദേഹം മതബോധനം നൽകി.

വിവിധ സാഹോദര്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച അദ്ദേഹത്തിന്റെ സുവിശേഷപ്രസംഗം ഏവരെയും ഉജ്വലിപ്പിച്ചു. വ്യവസായ വിപ്ലവത്തിന്റെ പ്രചാരത്തോടെ തൊഴിലാളികളുടെ പരസ്പര സഹായസംഘടനയ്ക്ക് രൂപം കൊടുത്തു. വാര്‍ധക്യം, അപകടങ്ങള്‍, രോഗങ്ങള്‍ മുതലായവ മൂലം വേദനിക്കുന്നവരെ സഹായിക്കാന്‍ തീവ്രമായി യത്‌നിച്ചു. സ്വന്തം പിതൃസ്വത്ത് പോലും ഉപയോഗിച്ച് നെയ്ത്തുശാലയുണ്ടാക്കി ജനങ്ങളെ അദ്ദേഹം സഹായിച്ചു. സ്ത്രീതൊഴിലാളികളെ പ്രത്യേകവിധം സഹായിക്കാന്‍ ‘കോണ്‍ഗ്രിഗേഷന്‍ ഓഫ് വര്‍ക്കര്‍ സിസ്റ്റേഴ്‌സ് ഓഫ് ദിഹോളി ഹൗസ് ഓഫ് നസ്രത്ത്’ എന്ന സംഘടന സ്ഥാപിച്ചു. അദ്ദേഹവും തൊഴിലാളികളോടൊപ്പം പണിയെടുത്തിരുന്നു.

കാലഘട്ടത്തിനു യോജിച്ച മാതൃകയായിരുന്ന ആര്‍ക്കാഞ്ചലോയുടേത്. ഈശോയുമായി നിരന്തരവും ആഴമേറിയതുമായ വ്യക്തിബന്ധത്തിലൂടെയും ദിവ്യകാരുണ്യ കൂദാശയോടുള്ള ബന്ധം വഴിയും മാത്രമേ വിവിധ പ്രവര്‍ത്തന മേഖലകളിലും സാമൂഹ്യമണ്ഡലങ്ങളിലും സുവിശേഷചൈതന്യം എത്തിക്കാനാവൂ എന്ന് അദ്ദേഹം ലോകത്തിനു കാട്ടിക്കൊടുത്തു. 1912 ല്‍ വിശുദ്ധന്‍ മരണമടഞ്ഞു.

വിചിന്തനം: ”സര്‍വസൃഷ്ടിയില്‍നിന്നും നിന്നെത്തന്നെ അകറ്റിനിര്‍ത്താന്‍ നിനക്കു കഴിയുമെങ്കില്‍ ഈശോ സന്തോഷപൂര്‍വം നിന്നോടുകൂടെ വസിക്കാതിരിക്കില്ല”

ഫാ. ജെ. കൊച്ചുവീട്ടിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.