
ലോകരക്ഷകനായി മണ്ണിൽ അവതരിച്ച ദൈവപുത്രന്റെ വളര്‍ത്തുപിതാവാകാന്‍ ഭാഗ്യം ലഭിച്ച മഹാത്മാവാണ് വി. യൗസേപ്പ്. സുവിശേഷം അദ്ദേഹത്തെ ‘നീതിമാന്‍’ എന്നാണ് വിളിക്കുന്നത്. വി. യൗസേപ്പ് ഏകദേശം ബി സി 25 നോടടുത്താണ് ജനിച്ചത്. അദ്ദേഹത്തിന്റെ ജനനസ്ഥലത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും ബെത്‌ലഹേമില്‍ ജനിച്ചു എന്നതിനാണ് കൂടുതല്‍ പ്രാബല്യം.
അദ്ദേഹത്തിന് ഏകദേശം പന്ത്രണ്ടു വയസ്സായപ്പോള്‍ അന്നത്തെ രീതിയനുസരിച്ചുള്ള ശാസ്ത്രപഠനത്തിനായി ജറുസലേമിലേക്കു പോയി. അന്നത്തെ കാലത്ത് എല്ലാ യഹൂദ കുട്ടികളും എന്തെങ്കിലുമൊരു തൊഴില്‍ അഭ്യസിച്ചിരിക്കണമെന്നത് നിര്‍ബന്ധിത നിയമമായിരുന്നു. യൗസേപ്പ് അഭ്യസിച്ച തൊഴിലിനെക്കുറിച്ചും പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ‘തച്ചന്‍’ എന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട അറമായ പദത്തിന് സ്വർണ്ണം, വെള്ളി, ഇരുമ്പ്, കല്ല്, തടി എന്നിവയില്‍ ജോലിചെയ്യുന്നവര്‍ എന്നൊക്കെ അര്‍ഥമുണ്ട്. ഒരുപക്ഷേ, നാനാര്‍ഥങ്ങളുടെ ഈ പദത്തെ ആശ്രയിച്ചായിരിക്കാം വിഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായത്. ഏതായാലും വിശുദ്ധന്‍ തച്ചനായിരുന്നു എന്ന അഭിപ്രായത്തിനാണ് കൂടുതല്‍ സ്വീകാര്യത.
യൗസേപ്പിനെ പരിശുദ്ധ കന്യകയുടെ ഭര്‍ത്താവായി തിരഞ്ഞെടുക്കുന്നതില്‍ ദൈവകരം പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പാരമ്പര്യം വെളിപ്പെടുത്തുന്നത്. അത് ഇപ്രകാരമാണ്: “പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ പ്രധാന പുരോഹിതന്‍ ദാവീദ് വംശത്തിലെ അവിവാഹിതരായ യുവാക്കളെയെല്ലാം വിളിച്ചുകൂട്ടി. അതിനുശേഷം മൂശ അഹറോനെ പ്രധാന പുരോഹിത സ്ഥാനത്തേക്കു തെരഞ്ഞെടുത്തപ്പോള്‍ നടത്തിയതുപോലെ ഒരു തെരഞ്ഞെടുപ്പ് നടത്തി. അഹറോന്റേതുപോലെ വി. യൗസേപ്പിന്റെ കൈയിലിരുന്ന വടി പുഷ്പിച്ചു. അങ്ങനെ വിശുദ്ധനെ പരിശുദ്ധ കന്യകയുടെ ഭര്‍ത്താവായി നിശ്ചയിച്ചു.”
പിന്നീടങ്ങോട്ട് ഒരു പുണ്യജീവിതത്തിന്റെ സാക്ഷ്യമായിരുന്നു യൗസേപ്പിന്റെ ജീവിതം. താന്‍ ഒത്തിരി സ്‌നേഹിച്ചിരുന്ന തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന സത്യം അദ്ദേഹം വേദനയോടെ തിരിച്ചറിയുന്നു. അപ്പോഴും തന്റെ ഭാര്യയക്ക് അപകീര്‍ത്തി ഉണ്ടാകാതിരിക്കാനാണ് യൗസേപ്പ് ശ്രദ്ധിച്ചത്. സ്വപ്നത്തിലൂടെ ദൈവഹിതം മനസ്സിലാക്കിയ വിശുദ്ധന്‍ അതിന് സ്വയം സമര്‍പ്പിക്കുന്നു. അതുകൊണ്ടാകാം സമുന്നതമായ ദൈവപുത്രന്റെ വളര്‍ത്തുപിതൃസ്ഥാനവും ദൈവപുത്രനു പേരിടാനുള്ള അധികാരവും അവിടുത്തെ സംരക്ഷിക്കാനുള്ള ചുമതലയും ദൈവം അദ്ദേഹത്തെ ഏൽപിച്ചത്.
ദൈവപുത്രനെയും അമ്മയെയും സംരക്ഷിക്കുന്നതിനുവേണ്ടി യൗസേപ്പ് അനുഭവിക്കുന്ന അസ്വസ്ഥതകളും കഷ്ടപ്പാടുകളും സുവിശേഷം നമുക്കുമുൻപില്‍ വരച്ചുകാട്ടുന്നുണ്ട്. പന്ത്രണ്ടാം വയസ്സില്‍ ക്രിസ്തുവിനെയുംകൊണ്ട് തിരുനാളിനു പോയ സംഭവമാണ് യൗസേപ്പിനെക്കുറിച്ചുള്ള സുവിശേഷങ്ങളിലെ അവസാന പരാമര്‍ശം. ഈശോയുടെ പരസ്യജീവിതകാലത്തിനു മുൻപുതന്നെ വിശുദ്ധന്‍ സ്വര്‍ഗപ്രാപ്തനായി എന്നാണ് വിശ്വസിക്കപ്പെടുന്നത്.
നന്മരണത്തിന്റെ മധ്യസ്ഥനായും തിരുസഭയുടെ പൊതുസംരക്ഷകനായുമാണ് തിരുസഭ യൗസേപ്പിനെ വണങ്ങുന്നത്. തൊഴിലാളികളുടെയും തൊഴിലാളി കുടുംബങ്ങളുടെയും മധ്യസ്ഥനും വി. യൗസേപ്പ് തന്നെയാണ്.
വിചിന്തനം: ”ദൈവത്തെപ്രതി എന്തെങ്കിലും അരിഷ്ടതകളില്‍കൂടി കടന്നുപോകാതെ ഒരാള്‍ക്കും ദൈവത്തിങ്കലേക്കു ധ്യാനനിരതനായി ഉയരാന്‍ സാധിക്കില്ല” – ക്രിസ്താനുകരണം.
ഫാ. ജെ. കൊച്ചുവീട്ടിൽ