
വി. അഡല്‍ബാള്‍ഡിന്റെയും വി. റിക്ത്രുദിസിന്റെയും പുത്രിയാണ് എവുസേബിയാ. ഭര്‍ത്താവിന്റെ വധത്തിനുശേഷം റിക്ത്രൂദിസ്, എവുസേബിയായെ തന്റെ മാതാവായ ഹാമേദിലെ വി. ജര്‍ത്രൂദിന്റെ മഠത്തില്‍ ചേര്‍ത്തു. അനന്തരം ഇളയ രണ്ടു പെണ്‍കുട്ടികളോടുകൂടി മാര്‍ഷീന്‍സിലെ ഒരു മഠത്തില്‍ താമസമാക്കി.
ജര്‍ത്രൂദ് മരിച്ചപ്പോള്‍ ആ പുണ്യവതിയുടെ അന്തിമാഭിലാഷമനുസരിച്ച്, അന്ന് പന്ത്രണ്ടു വയസ്സുമാത്രം പ്രായമായിരുന്ന എവുസേബിയാ മഠാധിപസ്ഥാനം ഏറ്റെടുത്തു. മാര്‍ഷീന്‍സില്‍ മഠാധിപയായിരുന്ന റിക്ത്രൂദിസ് എവുസേബിയായെയും ഹാമേദിലെ മറ്റു സഹോദരിമാരെയും തന്റെ പക്കലേക്കു വിളിച്ചു. അതനുസരിച്ച് അവര്‍ ജര്‍ത്രൂദിന്റെ ഭൗതികാവശിഷ്ടവുമായി മാര്‍ഷീന്‍സിലെത്തി. ഇരുസമൂഹങ്ങളും ഒന്നായിത്തീരണമെന്നതായിരുന്നു റിക്ത്രൂദിസിന്റെ അഭിലാഷം. അത് താല്‍കാലികമായി സാക്ഷാല്‍ക്കരിക്കപ്പെടുകയും ചെയ്തു. എന്നാല്‍, എവുസേബിയാ ഹാമേദിലേക്കു മടങ്ങിപ്പോകാനാണ് ആഗ്രഹിച്ചത്. അവള്‍ ഒരു ദിവസം തന്റെ പ്രിയസുഹൃത്തുക്കളായ ഏതാനും സന്യാസിനിമാരോടൊത്ത് ഹാമേദിലേക്കു മടങ്ങി.
എവുസേബിയായുടെ പ്രവൃത്തി റിക്ത്രൂദില്‍ നീരസം ഉളവാക്കിയെങ്കിലും അവള്‍ സമചിത്തത പുലര്‍ത്തി. അധികാരികളോട് ആലോചിച്ചതിനുശേഷം എവുസേബിയായ്ക്ക് അവളുടെ ഹിതമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നൽകി. എവുസേബിയാ ഹാമേദിലെ അവഗണിക്കപ്പെട്ട ആശ്രമമന്ദിരങ്ങള്‍ പുനരുദ്ധരിച്ചു. ജര്‍ത്രൂദ് അവലംബിച്ചുപോന്ന പ്രവര്‍ത്തനശൈലി പിന്തുടര്‍ന്നു. നാൽപതാമത്തെ വയസ്സില്‍ രോഗാതുരയായി. അന്ത്യം ആസന്നമായി എന്നറിഞ്ഞപ്പോള്‍ മഠത്തിലെ സന്യാസിനിമാരെയെല്ലാം വിളിച്ചുകൂട്ടി; ധന്യവാദപുരസ്സരം എല്ലാവരോടും വിടവാങ്ങി. സമാധാനപൂര്‍വം തന്റെ ആത്മാവിനെ ഈശ്വരകരങ്ങളില്‍ സമര്‍പ്പിച്ചു. 680 ലായിരുന്നു എവിസേബിയായുടെ മരണം.
വിചിന്തനം: ”സ്വന്തം ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് നന്മ ചെയ്യാനുള്ള വൈമനസ്യത്തെ വിജയിക്കുക. എല്ലാ കാര്യങ്ങളിലും സ്വന്തം ഇഷ്ടത്തെ അവഗണിക്കുക. എന്നാല്‍, ഇന്നും എന്നും നീ ഭാഗ്യവാനായിരിക്കും” – ക്രിസ്താനുകരണം.
ഫാ. ജെ. കൊച്ചുവീട്ടിൽ





