മാര്‍ച്ച് 13: വി. എവുപ്രാസിയ

എ ഡി 390 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലാണ് വി. എവുപ്രാസിയാ ജനിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തിയായിരുന്ന തെയോഡേഷ്യസിന്റെ രക്തബന്ധത്തിലുള്ളവരായിരുന്നു എവുപ്രാസിയായുടെ മാതാപിതാക്കള്‍. അവള്‍ക്ക് അഞ്ചുവയസ്സ് പ്രായമുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. ഭര്‍ത്താവിന്റെ മരണശേഷം വിശുദ്ധയുടെ മാതാവ് തങ്ങളുടെ സ്വത്തുക്കളെല്ലാം പലവിധ ധര്‍മ്മകാര്യങ്ങള്‍ക്കായി ഉപയോഗിക്കാൻ ആരംഭിച്ചു.

അവര്‍ സന്യാസികള്‍ക്കായി ഈജിപ്തില്‍ ഒരു ആശ്രമം സ്ഥാപിച്ചു. 130 ആശ്രമവാസികള്‍ അവിടെ താമസിച്ചിരുന്നു. കഠിനമായ ഉപവാസത്തിലും പ്രായശ്ചിത്തത്തിലുമാണ് അവര്‍ അവിടെ ജീവിച്ചിരുന്നത്. എവുപ്രാസിയായ്ക്ക് ഏഴുവയസ്സ് ആയതോടെ തനിക്കും ആശ്രമത്തില്‍ ചേരണമെന്ന് അവള്‍ അമ്മയോട് ആവശ്യപ്പെട്ടു. സന്യാസജീവിതത്തിന്റെ അരിഷ്ടതകളെയും കാഠിന്യത്തെയുംകുറിച്ച് പറഞ്ഞുകൊണ്ട് അമ്മയും മഠാധിപയും അവളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിശുദ്ധ തന്റെ ആഗ്രഹത്തില്‍നിന്ന് തെല്ലും പിന്മാറിയില്ല. അവസാനം അവളുടെ മാതാവ് സന്തോഷത്തോടെ ആശ്രമപ്രവേശനത്തിനുള്ള അനുവാദം നൽകി. അധികം താമസിക്കാതെ ആ വീരമാതാവ് നിര്യാതയായി.

വിവരങ്ങളറിഞ്ഞ ചക്രവര്‍ത്തി എവുപ്രാസിയായോട് തിരികെ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ ക്രിസ്തുവിന് കന്യാത്വം വാഗ്ദാനം ചെയ്‌തെന്നും അതിനാല്‍ തന്റെ സ്വത്തുക്കളെല്ലാം ദരിദ്രര്‍ക്കു കൊടുക്കണമെന്നുമായിരുന്നു അവളുടെ മറുപടി. ഏഴുവയസ്സു മുതല്‍ 30 വയസ്സു വരെ അവള്‍ ആ ആശ്രമത്തില്‍ എല്ലാവര്‍ക്കും മാതൃകയായി ജീവിച്ചു. ദൈനംദിനം അവള്‍ പുണ്യത്തില്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്നു.

മഠത്തിലെ ഏറ്റവും ഹീനമായ ജോലികള്‍ ചെയ്യാനാണ് എവുപ്രാസിയ ഇഷ്ടപ്പെട്ടിരുന്നത്. വിശുദ്ധയുടെ ഏകഭക്ഷണം, സൂര്യാസ്തമനത്തിനുശേഷം കുറച്ചു പയറും സസ്യങ്ങളുമായിരുന്നു. ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ഉപവാസമനുഷ്ഠിച്ചിരുന്ന വിശുദ്ധ, ചില സന്ദര്‍ഭങ്ങളില്‍ 40 ദിവസം വരെ യാതൊരു ആഹാരവും കൂടാതെ ഉപവസിച്ചിരുന്നു. എളിമയുടെയും ശാന്തതയുടെയും ഉപവിയുടെയും മാതൃകയായിരുന്ന വി. എവുപ്രാസിയ 420 ല്‍ തന്റെ മുപ്പതാമത്തെ വയസ്സില്‍ ദൈവസന്നിധിയിലേക്കു യാത്രയായി.

വിചിന്തനം: “എല്ലാം ദൈവത്തില്‍ നിന്നുമാത്രം പ്രത്യാശിക്കുക. യാതൊന്നും നിന്നില്‍നിന്നു തന്നെയോ, അന്യരില്‍നിന്നോ പ്രതീക്ഷിക്കേണ്ട. നിന്റെ പ്രവര്‍ത്തനങ്ങളിലോ, കഴിവിലോ നീ അഹങ്കരിക്കരുത്. സര്‍വ കാര്യങ്ങളിലും ദൈവത്തെ മഹത്വപ്പടുത്തുക” – ക്രിസ്താനുകരണം

 ഫാ.ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.