ജൂണ്‍ 23: വിശുദ്ധ ജോസഫ് കഫാസ്സോ (1811-1860)

1811 ജനുവരി 15-ാം തീയതി കാസ്റ്റല്‍ നുവോവോദാസ്തീ എന്ന ഗ്രാമത്തിലാണ് ജോസഫ് ജനിച്ചത്. സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കഫാസ്സോ രണ്ടു വര്‍ഷം കോളജ് ഓഫ് ചീയേറിയില്‍ തത്വശാസ്ത്രം പഠിച്ചു. 1829-ല്‍ ദൈവശാസ്ത്രപഠനം. 1833-ല്‍ വൈദികനായി. നാലു മാസങ്ങള്‍ക്കു ശേഷം ‘കൊണ്‍വിത്തോ എക്ലേസിയാസ്തിക്കോ ദിസാന്‍ ഫ്രാന്‍ചെസ്‌ക്കോഡി അസ്സീസിയില്‍’ പ്രവേശിച്ചു. അജപാലനശുശ്രൂഷയില്‍ പ്രാഗത്ഭ്യം നേടുകയെന്നുള്ളതായിരുന്നു കൊണ്‍വിത്തോയില്‍ പ്രവേശിച്ചതിന്റെ ലക്ഷ്യം.

എങ്ങനെയാണ് വൈദികരായിരിക്കുക എന്നു മനസിലാക്കി തീക്ഷ്ണതയോടു കൂടി ബലിയര്‍പ്പിക്കുകയും താല്‍പര്യപൂര്‍വ്വം കുമ്പസാരം കേള്‍ക്കുകയും ചെയ്യുന്ന അനേകം വിശുദ്ധ വൈദികര്‍ക്ക്‌ രൂപം കൊടുക്കാന്‍ കഫാസ്സോക്കു സാധിച്ചു. അധ്യാപകന്‍ എന്ന നിലയില്‍ താന്‍ പഠിപ്പിച്ച കാര്യങ്ങള്‍ ഫലമണിയുന്നുണ്ടോയെന്ന് അദ്ദേഹം മനസിലാക്കിയിരുന്നത്, ശാന്തസ്വഭാവവും ജ്ഞാനവും വിവേകവും കാരുണ്യവും കുമ്പസാരം കേള്‍ക്കുകയെന്ന ശുശ്രൂഷയില്‍ പ്രകടമാകുന്നുണ്ടോയെന്ന് പരീക്ഷിച്ചു നോക്കിയിട്ടാണ്.

കുമ്പസാരം എന്ന കൂദാശ വഴി അദ്ദേഹം അനേകരെ മാനസാന്തരപ്പെടുത്തി. മെത്രാന്മാരും വൈദികരും സന്യസ്തരും സഭാസ്ഥാപകരും അത്മായരുമൊക്കെ അദ്ദേഹത്തിന്റെ ഉപദേശം തേടിയെത്തി. ഓരോരുത്തര്‍ക്കും ഉചിതമായ സമയം നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

കറ കൂടാതെ ദൈവത്തെ സ്‌നേഹിച്ച കഫാസ്സോ, ദീര്‍ഘമണിക്കൂറുകള്‍ ദിവ്യകാരുണ്യനാഥനോടൊത്ത് ചെലവഴിച്ചു. അദ്ദേഹത്തോട് ഇടപെട്ട വൈദികരെല്ലാം നല്ല അജപാലകരും വിവേകപൂര്‍വ്വം കുമ്പസാരം കേള്‍ക്കുന്നവരുമായി മാറി. സ്തുത്യര്‍ഹമായ ഒരു അജപാലന ശുശ്രൂഷയാണ് തടവറയില്‍ കിടന്നവരുടെയിടയില്‍ അദ്ദേഹം നിര്‍വ്വഹിച്ചത്. ഒരിക്കല്‍ മരണത്തിനു വിധിക്കപ്പെട്ട 57 തടവുകാരുടെ കൂടെ തൂക്കുമരം വരെ അദ്ദേഹം യാത്ര ചെയ്തു. അവരുടെ കുമ്പസാരം കേട്ട് അവര്‍ക്ക് ദിവ്യകാരുണ്യം നല്‍കി. ഇപ്രകാരം മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച കഫാസ്സോ 1860 ജൂണ്‍ 23-ാം തീയതി ദിവ്യനാഥന്റെ അടുത്തേക്കു യാത്രയായി.

ഫാ. ജെ. കൊച്ചുവീട്ടില്‍