ജനുവരി 24: വി. ഫ്രാന്‍സിസ് സെയിന്‍സ്

സാഹിത്യകാരന്മാരുടെ മധ്യസ്ഥനായ വി. ഫ്രാന്‍സിസ് സെയിന്‍സ് സവോയിലെ അന്നേസി എന്ന സ്ഥലത്ത് 1567-ല്‍ ജനിച്ചു. ശ്രേഷ്ഠകുലജാതരും ഉത്തമ ക്രിസ്ത്യാനികളുമായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഫ്രാന്‍സിസിനെ ചെറുപ്പം മുതലേ വിശ്വാസത്തില്‍ വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവന്റെ അമ്മ കാട്ടിക്കൊടുത്ത സന്മാതൃകകള്‍ ഫ്രാന്‍സിസിന്റെ ഹൃദയത്തില്‍ മായാതെ പതിഞ്ഞു.

അന്നേസിയിലും പാരീസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തിരികെവന്ന തന്റെ പുത്രന്റെ ലൗകീകോത്കര്‍ഷത്തിനുവേണ്ടി പല മാര്‍ഗങ്ങളും ആവിഷ്‌കരിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അതിനാല്‍ ഒരു വൈദികനാകാനുള്ള ഫ്രാന്‍സിസിന്റെ ആഗ്രഹത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. എങ്കിലും ഫ്രാന്‍സിസിന്റെ നിര്‍ബന്ധപൂര്‍വമായ അപേക്ഷമൂലം അവസാനം മകന്റെ ആഗ്രഹത്തിന് അദ്ദേഹം സമ്മതംമൂളി.

1593-ല്‍ വൈദികനായ ഫ്രാന്‍സിസിനെ അന്നേസി മെത്രാസന ദൈവാലയത്തിന്റെ വികാരിയായി നിയമിച്ചു. നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി അനേകം കഠിനഹൃദയരായ പാഷണ്ഡികളെ അദ്ദേഹം മാനസാന്തരത്തിലേക്കു നയിച്ചു. അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന അനാദൃശ്യമായ ദൈവഭക്തിയും അനുകമ്പയും വിശുദ്ധനെ ഏവരുടെയും പ്രിയപ്പെട്ടവനാക്കി. എന്നാല്‍ ഇതിലെല്ലാമുപരി ഫ്രാന്‍സിസില്‍ നിറഞ്ഞുനിന്ന സൗമ്യശീലമാണ് അനേകരെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. 1602-ല്‍ ജെനീവാ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസിനെ അഭിഷേകം ചെയ്തു. ഈ സ്ഥാനലബ്ധി അദ്ദേഹത്തെ തെല്ലും അഹങ്കാരിയാക്കിയില്ല. ദരിദ്രരും എളിയവരുമായ ആളുകളെ സത്കരിക്കുന്നതിനും കഴിയുംവിധം എല്ലാവര്‍ക്കും എല്ലാമായിത്തീരുന്നതിനും അദ്ദേഹം പരിശ്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകളുടെ ശക്തിയിലും മാധുര്യത്തിലും ആകൃഷ്ടരായി നിരവധി ജനങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്നതിനായി ഓടിക്കൂടിയിരുന്നു. ധനവാന്മാരോടും പാഷണ്ഡിതരോടുമെന്നതിനേക്കാള്‍ അഗതികളോടും അജ്ഞരോടും പ്രസംഗിക്കുന്നതിനായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ സന്തോഷം.

ഒരിക്കല്‍ ബധിരനും മൂകനുമായ ഒരു സാധുമനുഷ്യനെ അദ്ദേഹം തന്റെ വസതിയില്‍ കൊണ്ടുവന്ന് വലിയ ക്ഷമയോടെ അവനെ കുമ്പസാരത്തിന് ഒരുക്കുകയും അവന്റെ കുമ്പസാരം കേള്‍ക്കുകയും ചെയ്തു. ഈ സംഭവത്തില്‍നിന്ന് അദ്ദേഹത്തിന് സാധുക്കളോടുള്ള കരുണയും അനുകമ്പയും എത്രമാത്രമെന്ന് ഊഹിക്കാവുന്നതാണ്. തന്നെ സമീപിക്കുന്ന സാധുക്കളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാതിരിക്കുക എന്നത് വിശുദ്ധനെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒരു കാര്യമായിരുന്നു. പണമില്ലാതിരുന്ന അവസരങ്ങളില്‍ തന്റെ മേലങ്കിപോലും ദാനംചെയ്യുന്നതിന് അദ്ദേഹം മടികാണിച്ചിരുന്നില്ല. ഒഴിവുസമയങ്ങളെല്ലാം തന്നെ ഗ്രന്ഥരചനയ്ക്കായിട്ടാണ്  അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നത്. ഫ്രഞ്ച് സാഹിത്യകാരന്മാരില്‍ സമുന്നതമായ സ്ഥാനം കരസ്ഥമാക്കിയ വിശുദ്ധന്റെ ഗ്രന്ഥങ്ങള്‍ ഇന്നും ആധികാരികമാണ്.

ഇന്നും സജീവമായി നില കൊള്ളുന്ന വിസിറ്റേഷന്‍ സഭ, ഫ്രാന്‍സിസ് തന്റെ ആധ്യാത്മികസന്താനമായ വി. ജയിന്‍ ശാന്താളുടെ സഹകരണത്തോടെ സ്ഥാപിച്ചതാണ്. ഫ്രാന്‍സിസിന്റെ ആരോഗ്യം ക്രമേണ ക്ഷയിച്ചുതുടങ്ങിയെങ്കിലും രോഗംമൂലം കിടപ്പിലാകുന്നതുവരെ അദ്ദേഹം ശ്രമകരങ്ങളായ തന്റെ ജോലികള്‍ക്ക് ഒരു വിഘ്‌നവും വരുത്തിയില്ല. തന്റെ 55-ാമത്തെ വയസ്സില്‍ അദ്ദേഹം നിര്യാതനായി.

വി. എക്‌സ്‌പേരിയൂസ്

പിരനീസ് പര്‍വതപ്രാന്തത്തിലുള്ള അരിയൂവില്‍ ജനിച്ച എക്‌സ്‌പേരിയൂസ് 405-ല്‍ വി. സില്‍വിയൂസിനുശേഷം ടുളൂസ് രൂപതയുടെ മെത്രാനായി. അദ്ദേഹം തന്റെ സമ്പാദ്യംമുഴുവന്‍ ദരിദ്രര്‍ക്കും അശരണര്‍ക്കുമായി നീക്കിവച്ചു. അദ്ദേഹം എന്നാണ് മരിച്ചതെന്ന് നിര്‍ണ്ണയിച്ചുപറയുക എളുപ്പമല്ല. മരണത്തിനുമുമ്പ് കുറച്ചുകാലം വിപ്രവാസം അനുഷ്ഠിച്ചിരുന്നുവെന്നുള്ളതിന് തെളിവുകളുണ്ട്. ടുളൂസിലെ സഭയില്‍ എക്‌സ്‌പേരിയൂസിനു വി. സറ്റേര്‍ണിനൂസിനോടു തുല്യമായ സ്ഥാനമുണ്ടായിരുന്നതായി ചരിത്രകാരാര്‍ പ്രസ്താവിക്കുന്നു.

വിചിന്തനം: ആത്മാക്കളെ എനിക്കു തരിക. ശേഷം എല്ലാം എടുത്തുകൊള്‍ക – ഫ്രാന്‍സിസ് സാലസ്.

ഇതര വിശുദ്ധര്‍: ബാബിലാസ് (+396) ഔവേണിലെ മെത്രാന്‍/ സാമാ (+268) മെത്രാന്‍/ മാര്‍ഡോണിയൂസ്/അര്‍ത്തേമിയൂസ് (+396) / ബര്‍ട്രന്റ് (ഏഴാം നൂറ്റാണ്ട്)/ ഫെലിഷ്യന്‍ (160251) പോളിഞ്ഞോയിലെ രക്തസാക്ഷിയായ മെത്രാന്‍ / മാസിഡോണിയൂസ്.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.