ജനുവരി 12: വി. എല്‍റെഡ്

സ്‌കോട്ട്‌ലണ്ടിലെ രാജാവായിരുന്ന വി. ദാവീദിന്റെ കൊട്ടാരത്തിലെ ഒരു സേവകനായിരുന്നു വി. എല്‍റെഡ്. ഒരു കുലീനകുടുംബത്തില്‍ 1109-ല്‍ അദ്ദേഹം ജനിച്ചു. ബാല്യംമുതലേ ദൈവഭക്തനായിരുന്ന എല്‍റെഡ് കൊട്ടാരത്തില്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു. കൊട്ടാരത്തില്‍ എല്ലാവിധ ലൗകികസുഖങ്ങളും അദ്ദേഹത്തിനു ലഭ്യമായിരുന്നിട്ടും ‘തനിക്ക് എന്തോ കുറവുണ്ട്’ എന്ന ചിന്ത അദ്ദേഹത്തെ പിന്തുടര്‍ന്നു. അവസാനം കൊട്ടാരജീവിതത്തെയും തന്റെ പ്രിയപ്പെട്ട മിത്രങ്ങളെയും ഉപേക്ഷിച്ച് എല്‍റെഡ് സന്യാസജീവിതം ആരംഭിച്ചു.

ഈലോകജീവിതത്തില്‍ മുഴുകി സ്വആത്മാവ് അപകടത്തില്‍പെടുമോ എന്ന ചിന്തയാണ് അദ്ദേഹത്തെ സന്യാസജീവിതത്തിലെത്തിച്ചത്. യോര്‍ക്ക് ഷയറിലെ സിസ്റ്റേഴ്‌സ്യല്‍ ആശ്രമത്തിലാണ് അദ്ദേഹം പ്രവേശിച്ചത്. അവിടെ കഠിനമായ തപശ്ചര്യകളിലൂടെ ആശാനിഗ്രഹം നടത്താന്‍ അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു. അധികാരികളുടെ കല്പനയ്ക്കു വിധേയമായി ‘ഔദാര്യാര്‍പ്പണം’, ‘ആത്മീയസ്‌നേഹം’ എന്നിങ്ങനെ രണ്ട് ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു.

‘എന്റെ നല്ല ഈശോയേ, അങ്ങയുടെ സ്വരം എന്റെ ചെവിയില്‍ പതിയട്ടെ. അങ്ങയെ എങ്ങനെ സ്‌നേഹിക്കണമെന്ന് എന്റെ ഹൃദയം പഠിക്കട്ടെ, അങ്ങയെ സ്‌നേഹിക്കുന്നവന്‍ അങ്ങയുടെ ഹൃദയം സ്വായത്തമാക്കുന്നു’ – ഇതായിരുന്നു അദ്ദേഹത്തെ നയിച്ച വിചാരം.

ഇംഗ്ലണ്ടിലെ ആശ്രമങ്ങളില്‍വച്ച് ഏറ്റവും കഠിനജീവിതം നയിച്ചിരുന്നത് റിവോ ആശ്രമത്തിലെ സന്യാസികളായിരുന്നു. തുച്ഛമായ ഭക്ഷണവും കഠിനമായ അധ്വാനവും പ്രാര്‍ഥനയും മൗനവുമായിരുന്നു ദിനചര്യ. ഈ ആശ്രമത്തിന്റെ ആബട്ടായിരുന്നു വിശുദ്ധന്‍. ഏകദേശം മുന്നൂറോളം സന്യാസികള്‍ അദ്ദേഹത്തോടൊപ്പം വസിച്ചിരുന്നു.

പല തവണ മെത്രാന്‍സ്ഥാനത്തേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതാണ്. എന്നാല്‍ ആ മഹനീയപദത്തിന് താന്‍ യോഗ്യനല്ലെന്നുപറഞ്ഞ് ആശ്രമത്തിന്റെ ഏകാന്തതയില്‍ കഴിയാനാണ് എല്‍റെഡ് ആഗ്രഹിച്ചത്. 1167-ല്‍ അദ്ദേഹം തന്റെ ആത്മാവിനെ ദൈവതൃക്കരങ്ങളില്‍ ഏല്പിച്ചു.

വി. അര്‍ക്കാദിയൂസ്

നാലാം നൂറ്റാണ്ടില്‍ വലേറിന്റെയോ, ഡയോക്ലീഷ്യന്റെയോ കാലത്ത് രക്തസാക്ഷിയായ വിശുദ്ധനാണ് അര്‍ക്കാദിയൂസ്. ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ അര്‍ക്കാദിയൂസിന്റെ അവയവങ്ങള്‍ ഓരോന്നായി മുറിക്കാന്‍ രാജാവ് കല്പിച്ചു. അതനുസരിച്ച് വിശുദ്ധന്‍ കൊലക്കളത്തിലേക്ക് ആനയിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഓരോ അവയവങ്ങളും പൈശാചികമായ ക്രൂരതയോടെ പടയാളികള്‍ മുറിച്ചെടുത്തു. അവസാനമാണ് നാവ് മുറിച്ചുനീക്കിയത്. ഈ സമയമത്രയും കഠിനമായ വേദനകള്‍ക്കിടയിലും അദ്ദേഹത്തിന്റെ നാവ് ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. അതിഭയങ്കരമായ പീഡനങ്ങളേറ്റ വിശുദ്ധന്റെ ആത്മാവ് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു.

വി. ബര്‍ണാര്‍ദ് കോര്‍ലയോന്‍

1605 ഫെബ്രുവരി ആറാം തീയതി സിസിലി ദ്വീപിലെ ഒരു ചെരുപ്പുകുത്തിയായ ലിയനാര്‍ഡോയുടെ മകനായി ബര്‍ണാര്‍ദ് ജനിച്ചു. കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്ന ബര്‍ണാര്‍ദ് 1631 ഡിസംബര്‍ 13-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു. തന്റെ തെറ്റുകള്‍ക്കെല്ലാം പരിഹാരമായി ദിവസത്തില്‍ ഏഴുപ്രാവശ്യം ചമ്മട്ടിയടി ഏറ്റിരുന്നു. മൂന്നുമണിക്കൂര്‍ മാത്രമാണ് രാത്രി വിശ്രമിച്ചിരുന്നത്. പലപ്പോഴും ഉപവാസമനുഷ്ഠിച്ചിരുന്നു.

കപ്പൂച്ചിന്‍ സഭയുടെ വിവിധ ഭവനങ്ങളില്‍ ബര്‍ണാര്‍ദ് ജീവിച്ചു. എവിടെയും എല്ലാവരെയും സഹായിക്കാന്‍ അദ്ദേഹം ഓടിയെത്തുമായിരുന്നു. അതിര്‍വരമ്പുകളില്ലാതെ ശുശ്രൂഷിക്കാന്‍ ബര്‍ണാര്‍ദ് സന്നദ്ധനായി. സഹവൈദികരുടെ വസ്ത്രങ്ങള്‍ അലക്കിയും അലക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കിയും തന്റെ ത്യാഗജീവിതം ബര്‍ണാര്‍ദ് ധന്യമാക്കി. 1667 ജനുവരി 12-ന് അദ്ദേഹം സ്വര്‍ഗത്തിലേക്കു യാത്രയായി.

വിചിന്തനം: എനിക്ക് സ്വന്തമായി ഇനി മനസ്സില്ല. ആരുടെ രൂപം എന്റെ ഹൃദയത്തില്‍ പതിഞ്ഞിരിക്കുന്നുവോ ആ പ്രിയ ഈശോയുടെതാണ് എന്റെ മനസ്സ്  – വി. റീത്താ.

ഇതര വിശുദ്ധര്‍: സേസറിയാ (+530)/ മാര്‍ഗരറ്റ് (പതിനേഴാം നൂറ്റാണ്ട്)/ അല്‍വേഴ്‌സിലെ വാ ബര്‍ത്തലോമിയ (+1737)/ ലിയോണിലെ മാര്‍ട്ടിന്‍ (1130-1203)/ മാര്‍ട്ടീനാ/ ബനഡിക്റ്റ് ബസ്‌കോ്(+690)/ അന്തോണി മേരി (1819-1892)/ അസാനിലെ വിക്‌റ്റോറിയന്‍/ റ്റൈറ്റാനിയാ, റോം (235)/ സാല്‍വിയൂസ് (625)/ ജോണ്‍ രവീണ.

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.