ഫെബ്രുവരി 28: വി. ഓസ്വാള്‍ഡ്

കാന്റര്‍ബറി മെത്രാപ്പോലീത്താ ആയിരുന്ന വി. ഓഡോയുടെ അനന്തരവനായിരുന്നു ഓസ്വാള്‍ഡ്. അദ്ദേഹം വൈദികനായതിനുശേഷം ഫ്രാന്‍സിലെ ഫ്‌ളൂറിയില്‍ ചെന്ന് സന്യാസവസ്ത്രം സ്വീകരിച്ചു. ഇംഗ്ലണ്ടിലേക്കു മടങ്ങിവരാന്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും ഫ്‌ളൂറിയില്‍ത്തന്നെ കുറേക്കാലം ജോലിചെയ്തു. എന്നാല്‍, അമ്മാവന്‍ ആസന്നമരണനായി എന്നറിഞ്ഞപ്പോള്‍ പെട്ടെന്ന് മടങ്ങിവന്നു. പക്ഷേ, ആ സമയത്തിനുള്ളില്‍ അദ്ദേഹം മരണമടഞ്ഞിരുന്നു. അതിനാല്‍ യോര്‍ക്കിലെ മെത്രാപ്പോലീത്താ ആയിരുന്ന തന്റെ മറ്റൊരു അമ്മാവനായ ഒസ്‌കിറ്റെലിനോടൊപ്പം കുറേനാള്‍ പാര്‍ത്തു.

അഗാധമായ ഈശ്വരഭക്തിയും അനന്യസാധാരണമായ ജീവകാരുണ്യപ്രവൃത്തികളും നിമിത്തം ഓസ്വാള്‍ഡ് കാന്റര്‍ബറിയിലെ പുതിയ മെത്രാപ്പോലീത്താ ആയ വി. ഡന്‍സ്റ്റന്റെ ശ്രദ്ധയാകര്‍ഷിക്കുകയും അദ്ദേഹത്തിന്റെ ശുപാര്‍ശയനുസരിച്ച് വിശുദ്ധനെ വൂള്‍സെസ്റ്ററിലെ മെത്രാനായി നിയമിക്കുകയും ചെയ്തു. ഓസ്വാള്‍ഡ് ഉടനെ തന്നെ വെസ്റ്റ്ബറിയിലും റാംസിയിലും സന്യാസാശ്രമങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സന്യാസ ധര്‍മ്മചര്യയ്ക്ക് സുസ്ഥിരപ്രതിഷ്ഠ നല്കി. ഡന്‍സ്റ്റന്റെ മതപരിഷ്‌കരണ സംരംഭങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു.

വൈദികബ്രഹ്മചര്യം നിര്‍ബന്ധമാക്കിക്കൊണ്ട് മാര്‍പാപ്പ പുറപ്പെടുവിച്ചിരുന്ന കല്പന ഇംഗ്ലണ്ടില്‍ നടപ്പിലാക്കുന്നതിന് വിഞ്ചെസ്റ്ററിലെ മെത്രാന്‍ വി. എഥെല്‍വാള്‍ഡിനോടൊപ്പം ഓസ്വാള്‍ഡ് നിയുക്തനായി. ബ്രഹ്മചര്യം പാലിക്കാന്‍ തയ്യാറല്ലാത്തവര്‍ വൈദികവൃത്തി വിട്ടുപോവുകയാണ് വേണ്ടത് എന്നുകൂടി പ്രസ്തുത കല്പന അനുശാസിച്ചിരുന്നു.

ഓസ്വാള്‍ഡ് തന്റെ രൂപതയിലുടനീളം പര്യടനം നടത്തി പ്രസംഗങ്ങള്‍ വഴിയായി ജനങ്ങളെ പ്രബുദ്ധരാക്കി. വിശുദ്ധ ലിഖിതങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിക്കുന്നതിന് പരിശീലിപ്പിച്ചു. സമൂഹത്തില്‍ നിലനിന്നുപോന്ന തെറ്റായ പല കീഴ്‌വഴക്കങ്ങളും നീക്കം ചെയ്തു. 972-ല്‍ മാര്‍പാപ്പായുടെ നിര്‍ദേശമനുസരിച്ച്‌ യോര്‍ക്ക്‌ രൂപതയുടെ ചുമതലകൂടി അദ്ദേഹം ഏറ്റെടുത്തു.

ഓസ്വാള്‍ഡ് ദിവസംതോറും ദരിദ്രരായ പന്ത്രണ്ട് ആളുകളുടെ പാദം കഴുകി ചുംബിക്കുകയും അവരോടൊത്തു ഭക്ഷണം കഴിക്കുകയും ചെയ്യുക പതിവായിരുന്നു. 992 ഫെബ്രുവരി 29-ാം തീയതി ഏറ്റവും ഒടുവിലത്തെ ആളിന്റെ പാദം കഴുകി ചുംബിച്ചതിനുശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ചൊല്ലി; ആ ക്ഷണത്തില്‍ സമാധാനപൂര്‍വം മരണം പ്രാപിക്കുകയും ചെയ്തു.

വിചിന്തനം: ”ദൈവം സദാ എന്നോടുകൂടെ ഉള്ളതിനാല്‍ ഏതു ജോലികളില്‍ ഞാന്‍ വ്യാപൃതയാകുന്നു എന്നത് സാരമുള്ള കാര്യമല്ല. എന്നാല്‍, അവിടുത്തോടുള്ള സ്‌നേഹസംഭാഷണത്തില്‍ നിന്നു വിരമിച്ചുകൂടാ” – വി. എലിസബത്ത്

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.