ഫെബ്രുവരി 22: കൊര്‍ടോണയിലെ വി. മാര്‍ഗരറ്റ്

വഴിപിഴച്ച ജീവിതത്തിലൂടെ കുപ്രസിദ്ധയാവുകയും 23 വര്‍ഷത്തെ പരിത്യാഗജീവിതത്തിലൂടെ സ്വര്‍ഗം നേടിയെടുക്കുകയും ചെയ്ത വിശുദ്ധയാണ് കൊര്‍ടോണയിലെ വി. മാര്‍ഗരറ്റ്. ‘സെറാഫിക് സംഘത്തിന്റെ മാര്‍ഗരറ്റ്’ എന്നാണ് അവള്‍ അറിയപ്പെടുന്നത്.

ടസ്‌കാനിയിലെ ഒരു പാവപ്പെട്ട കര്‍ഷകകുടുംബത്തിലാണ് മാര്‍ഗരറ്റ് ജനിച്ചത്. അവൾക്ക് ഏഴുവയസ്സായപ്പോള്‍ അവളുടെ അമ്മ മരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അപ്പന്‍ പുനര്‍വിവാഹം ചെയ്തു. ക്രൂരയായിരുന്ന രണ്ടാനമ്മ മാര്‍ഗരറ്റില്‍ എല്ലാത്തരം കുറ്റവും ആരോപിച്ച് അവളെ നിരുത്സാഹപ്പെടുത്തുന്നതില്‍ അസാധാരണ വൈദഗ്ധ്യം കാണിച്ചു. ഏകദേശം ഒമ്പതുവര്‍ഷക്കാലത്തോളം അവള്‍ക്ക് രണ്ടാനമ്മയുടെ പീഡനം സഹിക്കേണ്ടിവന്നു. സ്‌നേഹത്തിനുവേണ്ടി ദാഹിച്ച അവള്‍, അയല്‍വാസിയായ ഒരു പ്രമാണിയുമായി അടുപ്പത്തിലായി. അന്നവള്‍ക്ക് 18 വയസ്സാണ് പ്രായം. വിവാഹവാഗ്ദാനം നടത്തി അവന്‍ അവളെ വശീകരിച്ചു. അവര്‍ ഒന്നിച്ചായി താമസം; വിവാഹം നടന്നുമില്ല. ഒമ്പതുവര്‍ഷമാണ് ഈ ജീവിതം ദീര്‍ഘിച്ചത്. അവര്‍ക്കൊരു മകനുണ്ടായി, പില്‍ക്കാലത്ത് അവന്‍ ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭയില്‍ അംഗമായി.

സമ്പന്നന്റെ വെപ്പാട്ടിയായുള്ള അവളുടെ ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നു. ആഡംബരവസ്ത്രങ്ങള്‍ ധരിച്ച്, ഒന്നാന്തരം കുതിരയില്‍ അവള്‍ നാട്ടിലൂടെ സഞ്ചരിച്ചു. ഒരുദിവസം സമ്പന്നന്‍ വീട്ടിലെത്തിയില്ല. രാത്രി വൈകിയപ്പോള്‍ അയാളുടെ സന്തതസഹചാരിയായ വളര്‍ത്തുനായ ഒറ്റയ്ക്കു വന്നു. നായയോടൊപ്പം പുറപ്പെട്ട മാര്‍ഗരറ്റ് വനത്തില്‍ അഴുകിത്തുടങ്ങിയ കൂട്ടുകാരന്റെ ശരീരം കണ്ടു. അന്നവള്‍ക്ക് 27 വയസ്സായിരുന്നു.

ഈ സംഭവം മാര്‍ഗരറ്റിന്റെ മാനസാന്തരത്തിനിടയാക്കി. തനിക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് അവര്‍ വസിച്ചിരുന്ന മോണ്ടേപുള്‍ച്ചിയാനോയില്‍ നിന്ന്  മകനെമാത്രം എടുത്ത് അവള്‍ മടങ്ങി. അനുതാപിയുടെ വേഷമണിഞ്ഞ് പിതാവിന്റെ ഭവനത്തിലേക്ക് അവള്‍ തിരിച്ചുചെന്നെങ്കിലും അവിടെ കയറ്റാന്‍ രണ്ടാനമ്മ സമ്മതിച്ചില്ല. പിന്നീട് അവള്‍ കോര്‍ട്ടോണയിലേക്കു പോയി ഫ്രാന്‍സിസ്‌കന്‍ സന്യാസികളുടെ സഹായംതേടി. രണ്ട് സന്യാസികളായിരുന്നു അവളുടെ ആധ്യാത്മികപിതാക്കന്മാര്‍. അവരില്‍ ഒരാളായ ജിയുന്താ ബെവഗ്നാത്തിയാണ് അവളുടെ കഥ എഴുതിയത്. തന്റെ കുപ്രസിദ്ധജീവിതത്തിന് അവള്‍ പലവട്ടം പരസ്യമായി മാപ്പ് ചോദിച്ചു.

നഗരത്തിലെ സ്ത്രീകള്‍ക്ക് ശുശ്രൂഷചെയ്ത് മാര്‍ഗരറ്റ് ജീവിതമാര്‍ഗം കണ്ടെത്തി. കുറേക്കാലം കഴിഞ്ഞപ്പോള്‍ ഭിക്ഷാടനം മാത്രമായി വരുമാനമാര്‍ഗം. അതുവഴി അവള്‍ക്ക് പ്രാർഥിക്കാനായി കൂടുതല്‍ സമയവും ലഭിച്ചു. മൂന്നുവര്‍ഷത്തെ അവളുടെ ജീവിതം കണ്ട ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍ മാര്‍ഗരറ്റിനെ മൂന്നാംസഭയില്‍ അംഗമാക്കി. കടുത്ത ഇന്ദ്രിയനിഗ്രഹത്തിലൂടെ മാര്‍ഗരറ്റിന്റെ ജീവിതം കൂടുതല്‍ പരിത്യാഗനിര്‍ഭരമായി. അവള്‍ക്ക് ദൈവികദര്‍ശനങ്ങള്‍ ലഭിച്ചുതുടങ്ങി. എന്നാല്‍, ആര്‍ക്കും ഇതൊന്നും വിശ്വസിക്കാനായില്ല. കുറേക്കാലത്തേക്ക് എല്ലാവരും മാര്‍ഗരറ്റിനെ സംശയത്തോടെയാണ്‌ നോക്കിയത്. എന്നാല്‍, സാവകാശം അവര്‍ക്കും വിശ്വാസമായി. കുറേക്കാലം കഴിഞ്ഞപ്പോള്‍ മെത്രാന്റെ അനുമതിയോടെ വിശുദ്ധ അവിടെ ഒരു ആശുപത്രി ആരംഭിച്ചു. മൂന്നാംസഭക്കാരായിരുന്നു നഴ്‌സുമാരില്‍ ഏറെയും. പിന്നീട് അത് ‘പോവരെല്ലെ’ എന്ന ഒരു സമൂഹമായി.

ജീവിതത്തിന്റെ അവസാനകാലമായപ്പോഴേക്കും വിശുദ്ധയിലൂടെ ധാരാളം രോഗശാന്തികളും കഠിനപാപികളായിരുന്ന പലര്‍ക്കും മാനസാന്തരവും ഉണ്ടായി. അമ്പതാം വയസ്സില്‍ കര്‍ത്താവ് മുന്‍കൂട്ടി അറിയിച്ച ദിവസം മാര്‍ഗരറ്റ് മരിച്ചു. കൊര്‍ടോണയില്‍ മാര്‍ഗരറ്റിന്റെ നാമത്തില്‍ നിര്‍മ്മിച്ച ബസലിക്കയിലെ പ്രധാന അള്‍ത്താരയുടെ കീഴിലെ സ്ഫടികക്കൂട്ടില്‍ ഇന്നും മാര്‍ഗരറ്റിന്റെ അഴുകാത്ത ശരീരം സൂക്ഷിക്കപ്പെടുന്നു.

വിചിന്തനം: “നമ്മള്‍ എന്തായിരുന്നു എന്നത് അവിടന്ന് മറക്കുന്നു. നമ്മുടെ കഴിഞ്ഞകാലത്തെ പാപങ്ങള്‍ പൊറുത്ത് ഇപ്പോള്‍ നാം എന്താണ് എന്നതാണ് നിത്യസൗഭാഗ്യത്തിന് നമ്മെ അര്‍ഹരാക്കിതീര്‍ക്കുന്നത്” – ക്രിസ്താനുകരണം.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.