ഡിസംബര്‍ 08: വി. യൂത്തിക്കിയന്‍

ലൂനി എന്ന സ്ഥലത്തായിരുന്നു യൂത്തിക്കിയന്‍ ജനിച്ചത്. 275 ജനുവരി 4 -ന് അദ്ദേഹം പാപ്പായായി തിരഞ്ഞെടുക്കെപ്പട്ടു. രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടങ്ങള്‍ ‘ഡാല്‍മാറ്റിക്’ (ഡാൽമാറ്റിക് റോമന്‍ ചക്രവര്‍ത്തിമാര്‍ അണിയുന്ന വര്‍ണ്ണപ്പകിട്ടുള്ള സ്ഥാനവസ്ത്രത്തിനു സമാനമായ പ്രത്യേക വസ്ത്രം) കൊണ്ട് മൂടണമെന്നു നിര്‍ദേശിച്ചത് പാപ്പായായിരുന്നു. വിളക്കുകളെ ആശീര്‍വദിക്കുന്നതിനുള്ള കര്‍മ്മങ്ങള്‍ക്കും അദ്ദേഹം തുടക്കംകുറിച്ചു.

ഭരണപരമായ വികേന്ദ്രീകരണം മാര്‍പാപ്പാസ്ഥാനത്തിന്റെ ആധികാരിക മേല്‍ക്കോയ്മയെ വര്‍ധിപ്പിച്ചു. റോമന്‍ മാര്‍പാപ്പായുടെ അധികാരം കൂടുതല്‍ വ്യാപകവും ശക്തവുമായിത്തീര്‍ന്ന ഒരു കാലഘട്ടമായിരുന്നു അത്. ഒളിവില്‍ ജീവിക്കേണ്ട ഗതികേട് ക്രിസ്ത്യാനികള്‍ക്ക് മാറിക്കിട്ടി. അവര്‍ക്ക് ഭൂമിക്കടിയിലെ ശവകുടീരങ്ങളില്‍ ആരാധന നടത്തേണ്ട ആവശ്യമില്ലാതായി. പ്രധാന കേന്ദ്രങ്ങളിലെല്ലാം മനോഹരമായ ദൈവാലയങ്ങള്‍ പണിതുയര്‍ത്തി. സഭ ഏകീകൃതവും വ്യവസ്ഥാപിതവുമായ ഒരു സാമൂഹിക യാഥാര്‍ഥ്യമായി അംഗീകരിക്കപ്പെട്ടു. അനവധി അംഗങ്ങളില്‍ പലരും സമൂഹത്തിലെ അംഗീകാരം നേടിയവരും ശക്തരുമായിരുന്നു. പാപ്പായുടെ കാലഘട്ടം പൊതുവെ സമാധാനപരമായിരുന്നു. 283 ഡിസംബര്‍ 7 -ാം തീയതി മരണമടഞ്ഞു.

വിചിന്തനം: യാതൊന്നും എനിക്കായി സംഗ്രഹിച്ചുവയ്ക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെത്തന്നെയും എനിക്കുള്ള സര്‍വസ്വവും സന്മനസ്സോടെ അങ്ങേക്ക് ബലിയായി അര്‍പ്പണം ചെയ്യുന്നു.

ഇതരവിശുദ്ധര്‍ : യൂക്കാരിയൂസ് (ഒന്നാം നൂറ്റാണ്ട്) ട്രെവെസ്സിലെ മെത്രാന്‍/ മക്കാരിയൂസ് (+250) അലക്‌സാണ്ട്രിയായിലെ രക്തസാക്ഷി/ഗുന്നില്‍ദിസ് (+748)/ റോമറിക്ക് (+653)/പതാപിയോസ് (നാലാം നൂറ്റാണ്ട്)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.