ഏപ്രില്‍ 07: വി. ജോണ്‍ ബാപ്റ്റിസ്റ്റ് ദെ ലാസാല്‍

സ്‌കൂള്‍ അധ്യാപകരുടെ മദ്ധ്യസ്ഥനാണ് വി. ജോണ്‍ ബാപ്റ്റിസ്റ്റ് ദെ ലാസാല്‍. ഫ്രാന്‍സിലെ അതിസമ്പന്നമായ ഒരു കുടുംബത്തില്‍ 1651-ലാണ് വി. ജോണ്‍ ജനിച്ചത്. ബാല്യം മുതല്‍ തന്നെ ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്നുവന്ന ജോണ്‍, ഒരു പുരോഹിതനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. തന്റെ ആഗ്രഹാനുസരണം പതിനൊന്നാമത്തെ വയസില്‍ അദ്ദേഹം ആസ്തപ്പാടു പട്ടം സ്വീകരിച്ചു.

ഈ അവസരത്തിലാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മരണമടഞ്ഞത്. അതോടെ കുടുംബത്തിന്റെ ചുമതല ജോണിന് ഏറ്റെടുക്കേണ്ടിവന്നു. എങ്കിലും തന്റെ ആഗ്രഹത്തെ തീര്‍ത്തും ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അവസാനം തന്റെ ഇരുപത്തിയേഴാമത്തെ വയസില്‍ ജോണ്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.

പുരോഹിതനായ ജോണിനെ സ്വദേശത്തെ കാനോനായി നിയമിച്ചു. എന്നാല്‍, തനിക്ക് ലഭിക്കാമായിരുന്ന ഉന്നതസ്ഥാനങ്ങളെല്ലാം വേണ്ടെന്നുവച്ച ജോണ്‍, തദ്ദേശവാസികളുടെ അപേക്ഷ മാനിച്ച് ദരിദ്രബാലന്മാരെ സൗജന്യമായി വിദ്യാഭ്യാസം ചെയ്യിക്കുന്നതിനായി ഒരു വിദ്യാലയം സ്ഥാപിക്കാന്‍ തീരുമാനിച്ചു. ദരിദ്രബാലന്മാരുടെ വിദ്യാഭ്യാസത്തിലും അവരുടെ വിശ്വാസജീവിത നവീകരണത്തിലും പൂര്‍ണ്ണമായി മുഴുകിയ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മറ്റിടങ്ങളിലേക്കും പടര്‍ന്നു. സ്‌കൂളുകളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചു. സ്‌കൂളുകള്‍ വര്‍ദ്ധിച്ചതോടെ കൂടുതല്‍ അധ്യാപകരും ആവശ്യമായി വന്നു. പ്രസ്തുത ലക്ഷ്യത്തോടെയാണ് ജോണ്‍, ‘ക്രിസ്തീയ സഹോദരന്മാര്‍’ എന്ന സന്യാസ സഭ ആരംഭിച്ചത്.

മഹത്തരമായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പുതിയ സഭയിലേക്ക് അംഗങ്ങള്‍ ധാരാളമായി ചേര്‍ന്നു. അവര്‍ക്കു വേണ്ടിയിരുന്ന പരിശീലനം നല്‍കിയിരുന്നത് വിശുദ്ധന്‍ തന്നെയായിരുന്നു. അവര്‍ വിദ്യാഭ്യാസം നല്‍കിയിരുന്ന വിദ്യാര്‍ത്ഥികളില്‍ പലരും കുറ്റവാസനകളുള്ളവരും കഠിനഹൃദയരും വിശ്വാസജീവിതത്തില്‍ താല്‍പര്യമില്ലാത്തവരുമായിരുന്നു. എന്നാല്‍, വിശുദ്ധന്റെ ക്ഷമയുടെയും സര്‍വ്വോപരി സ്വഭാവവൈശിഷ്ട്യത്തിന്റെയും ഫലമായി അവരെയൊക്കെ മാനസാന്തരത്തിലേക്കു നയിക്കാന്‍ ജോണിനു സാധിച്ചു.

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ജോണ്‍ ആരംഭിച്ച വിവിധങ്ങളായ പദ്ധതികളെല്ലാം തന്നെ വിജയം കണ്ടു. അദ്ദേഹത്തിന്റെ വിജയത്തില്‍ അസൂയാലുക്കളായിത്തീര്‍ന്ന ശത്രുക്കളില്‍ നിന്ന് പലവിധ പീഡനങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടതായിവന്നു. എന്നാലും അവസാനവിജയം അദ്ദേഹത്തിന്റേതു തന്നെയായിരുന്നു. 1719-ല്‍ വിശുദ്ധന്‍ തന്റെ നിത്യസമ്മാനത്തിനായി ഈ ലോകത്തില്‍ നിന്നും യാത്രയായി. 1900-ല്‍ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു.

വിചിന്തനം: ‘നിന്റെ ചെവി ദൈവത്തിങ്കലേക്കു തിരിക്കുക. നിനക്ക് സമാധാനമരുളാന്‍ കഴിയുന്ന കാര്യങ്ങള്‍ അവിടുന്ന് നിന്നോടു സംസാരിക്കും.’

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.