
സ്‌നേഹവും എളിമയും ജീവിതമാക്കി മാറ്റിയ ധീരനായ മാര്‍പാപ്പ ആയിരുന്നു വി. അഞ്ചാം പീയൂസ്. അദ്ദേഹം 1504 ജനുവരി 27-ാം തീയതി ബോസ്‌കോയിലെ കുലീനമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ വിശ്വാസതീക്ഷ്ണതയില്‍ വളര്‍ന്നുവന്ന അദ്ദേഹത്തിന്റെ ആദ്യ നാമം മൈക്കിള്‍ ഗിസ്‌ലിയേരി എന്നായിരുന്നു.
ഡൊമിനിക്കന്‍ സന്യാസിമാരുടെ കീഴിലായിരുന്നു മൈക്കിള്‍ വിദ്യ അഭ്യസിച്ചിരുന്നത്. അവരോടൊത്തുള്ള സഹവാസം അദ്ദേഹത്തെ ആ സഭയിലേക്ക് ആകര്‍ഷിച്ചു. അങ്ങനെ പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയില്‍ പ്രവേശിച്ചു. പരിശീലനകാലത്ത് എല്ലാവര്‍ക്കും ഉത്തമ മാതൃകയായിരുന്ന മൈക്കിള്‍, മുപ്പത്തിയാറാമത്തെ വയസ്സില്‍ പുരോഹിതനായി. അതിബുദ്ധിമാനും പണ്ഡിതനുമായിരുന്ന മൈക്കിളച്ചന്‍ അടുത്ത 16 വര്‍ഷം തത്വശാസ്ത്ര – ദൈവശാസ്ത്ര അധ്യാപനത്തില്‍ ഏര്‍പ്പെട്ടു.
1556 ല്‍ സൂത്രി രൂപതയുടെ മെത്രാനായി നിയമിതനായ മൈക്കിള്‍ അടുത്ത കൊല്ലം തന്നെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഈ കാലഘട്ടങ്ങളില്‍ അങ്ങേയറ്റം ധീരനായ ഒരു കര്‍ദിനാളിനെയാണ് മൈക്കിളിലൂടെ ചരിത്രം നമുക്ക് കാട്ടിത്തരുന്നത്. 13 വയസ്സുള്ള ഫെര്‍ഡിനന്റ് രാജകുമാരനെ കര്‍ദിനാളായി നിയമിക്കാനുള്ള നാലാം പീയൂസിന്റെ ആലോചനയെയും പുരോഹിതവിവാഹം സാധുവാക്കി പ്രൊട്ടസ്റ്റന്റ് ഐക്യം സാധ്യമാക്കാനുള്ള ആലോചനയെയും ശക്തിയുക്തം എതിര്‍ത്തത് മൈക്കിള്‍ കര്‍ദിനാളായിരുന്നു.
1566 ല്‍ കര്‍ദിനാള്‍ മൈക്കിള്‍ തിരുസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പീയൂസ് അഞ്ചാമന്‍ എന്ന നാമം സ്വീകരിച്ചു. തന്നെ ദൈവം ഏൽപിച്ച ദൗത്യങ്ങള്‍ ഏറ്റവും വിശ്വസ്തതയോടെ പൂര്‍ത്തിയാക്കാന്‍ നിരന്തരം പരിശ്രമിച്ച വിശുദ്ധന്‍ അന്ന് സഭയില്‍ അരങ്ങേറിയിരുന്ന പല ക്രമക്കേടുകള്‍ക്കും അന്ത്യം കുറിച്ചു. കുറ്റവാളികളെ ശിക്ഷിക്കുന്നതിനും അദ്ദേഹം മടിച്ചില്ല. ട്രെന്റ് സൂനഹദോസിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നതായിരുന്നു വിശുദ്ധന്റെ അടുത്ത ദൗത്യം. മെത്രാന്മാര്‍ സ്വന്തം രൂപതയില്‍ പാര്‍ക്കണമെന്നും ഓരോ രൂപതയും സ്വന്തമായി സെമിനാരികള്‍ സ്ഥാപിക്കണമെന്നുമുള്ള രണ്ടു തീരുമാനങ്ങള്‍ പാപ്പ ഉടന്‍ തന്നെ നടപ്പില്‍വരുത്തി. കൂടാതെ, പല പരിഷ്‌കാരങ്ങളും അദ്ദേഹം സഭയില്‍ നടപ്പിലാക്കി.
ദീര്‍ഘസമയം പ്രാര്‍ഥനയില്‍ ചെലവഴിച്ചിരുന്ന അദ്ദേഹം ദരിദ്രരെയും അഗതികളെയും അത്യധികം സ്‌നേഹിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു ദരിദ്രന്റെ വ്രണങ്ങള്‍ ചുംബിക്കുന്നതു കണ്ട് ഒരു പ്രൊട്ടസ്റ്റന്റുകാരന്‍ മാനസാന്തരപ്പെട്ടതായി പറയപ്പെടുന്നു. ആര്‍ഭാടങ്ങളും ആഘോഷങ്ങളുമെല്ലാം വേണ്ടെന്നുവച്ച വിശുദ്ധന്‍ ആ തുകയെല്ലാം ദരിദ്രരുടെ സംരക്ഷണത്തിനായി ചെലവഴിച്ചു.
തുര്‍ക്കികളുടെ ആക്രമണം ശക്തിയായതോടെ അദ്ദേഹം ഒരു നാവികസേനയെ രൂപീകരിച്ച് യുദ്ധത്തിനയച്ചു. മനുഷ്യശക്തിയെ മാത്രം ആശ്രയിക്കാതെ അദ്ദേഹം ദൈവമാതാവിന്റെ മാധ്യസ്ഥ്യം യാചിച്ചു. യുദ്ധത്തില്‍ ക്രൈസ്തവസൈന്യം തുര്‍ക്കി സൈന്യത്തെ നിശ്ശേഷം തോല്‍പിക്കുകയും ക്രിസ്തീയരാജ്യങ്ങളെ സംരക്ഷിക്കുകയും ചെയ്തു. ഈ സംഭവത്തിനു ശേഷമാണ് ‘ക്രിസ്ത്യാനികളുടെ സഹായമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ’ എന്ന വാക്യം ദൈവമാതാവിന്റെ ലുത്തിനായില്‍ ചേര്‍ക്കപ്പെട്ടത്.
1572 മെയ് ഒന്നാം തീയതി ആറു വര്‍ഷം തിരുസഭയെ നയിച്ച വിശുദ്ധനായ അഞ്ചാം പീയൂസ് പാപ്പാ തന്റെ നിത്യസമ്മാനത്തിനായി ഈ ലോകം വിട്ട് യാത്രയായി.
വിചിന്തനം: “നിത്യനും അപരിമേയനും സര്‍വവ്യാപിയുമായ ദൈവം മാത്രമാണ് ആത്മാവിന്റെ ആശ്വാസവും ഹൃദയത്തിന്റെ പരമാര്‍ഥമായ ആനന്ദവും.”
ഫാ. ജെ. കൊച്ചുവീട്ടില്‍